Connect with us

Gulf

തൊഴിലാളിക്കും തൊഴിലുടമക്കും പരാതി ബോധിപ്പിക്കാന്‍ തൊഴില്‍ മന്ത്രാലയത്തിന്റെ മൊബൈല്‍ ആപ്ലിക്കേഷന്‍

Published

|

Last Updated

ദുബൈ: തൊഴിലാളികള്‍ക്കും തൊഴിലുടമക്കും അഭിപ്രായങ്ങളും പരാതികളും ഉണ്ടെങ്കില്‍ തൊഴില്‍ മന്ത്രാലയത്തെ അറിയിക്കാന്‍ മൊബൈല്‍ ഫോണ്‍ ആപ്ലിക്കേഷന്‍. ആമിന്‍ (അമാലി) എന്ന പേരിലുള്ള ഈ ആപ്ലിക്കേഷന്‍ 50 ലക്ഷത്തിലധികം തൊഴിലാളികള്‍ക്കും 3.23 ലക്ഷം തൊഴിലുടമകള്‍ക്കും ഗുണകരമാണെന്ന് തൊഴില്‍ മന്ത്രാലയം ഐ ടി വിഭാഗം ഡയറക്ടര്‍ അഹമ്മദ് അല്‍ നാസര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. തൊഴിലാളികള്‍ക്കും തൊഴിലുടമക്കും എവിടെവെച്ചും ഈ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യാം. തൊഴിലുടമയും തൊഴിലാളികളും തമ്മില്‍ ബന്ധം മെച്ചപ്പെടുത്താന്‍ ഇത് സഹായകമാകും. ശമ്പളം വൈകിയാല്‍, പ്രക്ഷോഭത്തിന്റെ സാഹചര്യമുണ്ടായാല്‍, വേതന സംരക്ഷണ സംവിധാനം തകരാറിലായാല്‍, ഉച്ചവിശ്രമ നിയമം ലംഘിക്കപ്പെട്ടാല്‍ ഒക്കെ ആമിന്‍ വഴി പരാതി ബോധിപ്പിക്കാന്‍ കഴിയും. ഒന്നര മാസം മുമ്പ് ആരംഭിച്ച ഈ ആപ്ലിക്കേഷന്‍ ഇപ്പോള്‍ സജീവമാണ്. ഇതിനകം 3000ല്‍ അധികം ഡൗണ്‍ലോഡുകള്‍ ലഭിച്ചിട്ടുണ്ട്. ശമ്പളം സംബന്ധിച്ചുള്ള പരാതികളാണ് തൊഴില്‍ മന്ത്രാലയത്തിന് ഏറെയും ലഭിക്കുന്നത്. സേവനാനന്തര ആനുകൂല്യങ്ങള്‍ സംബന്ധിച്ചും പരാതികള്‍ ലഭിക്കാറുണ്ട്.
പ്ലേസ്റ്റോറില്‍ നിന്നാണ് ആമിന്‍ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിയുക. യൂസര്‍നെയിമും പാസ്‌വേര്‍ഡും നല്‍കിയാല്‍ ആര്‍ക്കും തങ്ങളുടെ കരാറടക്കമുള്ള വിവരങ്ങള്‍ ലഭിക്കും. തൊഴിലുടമക്കാണെങ്കില്‍ വേതന സംരക്ഷണ സംവിധാനം എത്രമാത്രം കാര്യക്ഷമമായി നടക്കുന്നു എന്നതും മറ്റും വ്യക്തമാകും. എപ്ലോയര്‍ സര്‍വീസസ്, വ്യൂ ലേബര്‍ കാര്‍ഡ്, എംബ്ലോയി സര്‍വീസസ് എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളാണ് ഈ ആപ്ലിക്കേഷനിലുള്ളത്. പാസ്‌പോര്‍ട്ട് നമ്പറാണ് തിരിച്ചറിയലിനായി ആപ്ലിക്കേഷന്‍ ആവശ്യപ്പെടുക. യൂസര്‍നെയിമും പാസ്‌വേര്‍ഡും നല്‍കിക്കഴിഞ്ഞാല്‍ ഇ-മെയില്‍ ഐഡിയും മൊബൈല്‍ നമ്പറും രേഖപ്പെടുത്തണം. സെക്യൂരിറ്റി ചോദ്യങ്ങള്‍ പിന്നാലെ ലഭ്യമാകും. മൊബൈല്‍ നമ്പറും ഇ-മെയില്‍ ഐഡിയും സമര്‍പിക്കണം. അപ്പോള്‍ ഒരു ആക്ടിവേഷന്‍ കോഡ് നമ്പര്‍ ലഭ്യമാകും. ആക്ടിവേഷന്‍ കോഡ് രേഖപ്പെടുത്തണം.
തൊഴില്‍ തര്‍ക്കങ്ങള്‍ സംബന്ധിച്ച പരാതി ലഭിക്കുമ്പോള്‍ പരാതിയില്‍ കഴമ്പുണ്ടെന്ന് പ്രഥമ ദൃഷ്ട്യാ തോന്നുകയാണെങ്കില്‍ തൊഴില്‍മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ നേരിട്ട് അന്വേഷണം നടത്തും. ഉചിതമായ തീരുമാനം കൈക്കൊള്ളുകയും ചെയ്യും. 24 മണിക്കൂറും ഉദ്യോഗസ്ഥര്‍ സേവനനിരതരായിരിക്കും.
യു എ ഇയിലെ തൊഴിലവസരങ്ങളെ സംബന്ധിച്ചുള്ള വിശദ വിവരങ്ങള്‍ ആപ്ലിക്കേഷനിലൂടെ ലഭ്യമാകും. വിര്‍ച്വല്‍ ജോബ് മാര്‍ക്കറ്റ് എന്ന വിഭാഗത്തിലാണ് ഇത്. വിദഗ്ധ തൊഴിലാളികള്‍ക്ക് ഇത് ഏറെ ഗുണം ചെയ്യും.
തൊഴിലുടമക്ക് തൊഴിലാളികളെ ആവശ്യമുണ്ടെങ്കില്‍ ആപ്ലിക്കേഷന്‍ വഴി അറിയിക്കാന്‍ കഴിയും. തൊഴില്‍ ക്യാമ്പിലെ നിയമ വിരുദ്ധമായ നടപടികള്‍ ഉണ്ടെങ്കിലും താമസ സൗകര്യങ്ങള്‍ കുറവാണെങ്കിലും പരാതി ബോധിപ്പിക്കാന്‍ കഴിയും. ഫോട്ടോയും അപ്‌ലോഡ് ചെയ്യാം. ഇത്തരം കാര്യങ്ങള്‍ രഹസ്യമാക്കി വെക്കാന്‍ ഉദ്യോഗസ്ഥര്‍ തയ്യാറാകും. തൊഴിലാളി കടന്നുകളയുകയാണെങ്കില്‍ തൊഴിലുടമക്ക് ആപ്ലിക്കേഷന്‍ വഴി പരാതി ബോധിപ്പിക്കാം. തൊഴില്‍ മന്ത്രാലയത്തിലെ പരിശോധകര്‍ ഉചിതമായ നടപടികള്‍ കൈക്കൊള്ളും. നിലവില്‍ അറബി, ഇംഗ്ലീഷ്, ഭാഷകളിലാണ് ആപ്ലിക്കേഷന്‍. മലയാളം ഉള്‍പടെ വിവിധ ഭാഷകളില്‍ ലഭ്യമാക്കാന്‍ പിന്നീട് ശ്രമിക്കുമെന്നും അഹ്മദ് അല്‍ നാസര്‍ വ്യക്തമാക്കി.

Latest