സര്‍ക്കാറും മാനേജ്‌മെന്റും വാക്ക് പാലിച്ചില്ല; തോട്ടം തൊഴിലാളികള്‍ രണ്ടാംഘട്ട സമരത്തിന്

Posted on: January 20, 2016 9:19 am | Last updated: January 20, 2016 at 9:19 am
SHARE

കാളികാവ്: സര്‍ക്കാരും മാനേജുമെന്റും വാക്കു പാലിക്കാ ത്തതിനെ തുടര്‍ന്ന് തോട്ടം തൊഴിലാളികള്‍ രണ്ടാം ഘട്ട സമരത്തിനൊരുങ്ങുന്നു. കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ തുടങ്ങിയ പണിമുടക്കു സമരം മുഖ്യമന്ത്രിയുടെ മധ്യസ്ഥതയില്‍ ഒത്തുതീര്‍ന്നിരുന്നു. അന്ന് പുതുക്കി നിശ്ചയിച്ച കൂലി ഇതുവരെ നല്‍കിയിട്ടില്ല. സര്‍ക്കാരും മാനേജുമെന്റും തൊഴിലാളികളെ വഞ്ചിക്കുകയാണെന്ന് തൊഴിലാളികള്‍ ആരോപിച്ചു.
2015 ജനുവരി മുതല്‍ പുതുക്കിയ കൂലിക്ക് മുന്‍കാല പ്രാബല്യവും നിശ്ചയിച്ചത നുസരിച്ച് കൂലി 381 രൂപയാക്കി ഉയര്‍ത്തിയിരുന്നു. എന്നാല്‍ 500 രൂപയാണ് ദിവസക്കൂലിയായി തൊഴിലാളികള്‍ ആവശ്യപ്പെട്ടിരുന്നത്. നാല് വര്‍ഷം മുമ്പുള്ള കൂലിയാണ് ഇപ്പോഴും തൊഴിലാളികള്‍ക്ക് ലഭിക്കുന്നത്. കൂലി പുതുക്കിയതോടൊപ്പം അധ്വാനഭാരം വര്‍ധിപ്പിക്കാനും മാനേജുമെന്റുകള്‍ ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍ നഷ്ടക്കണക്ക് കാണിച്ചു മാനേജുമെന്റുകള്‍ തീരുമാനത്തില്‍ നിന്നു പിറകോട്ട് പോവുകയാണുണ്ടായത്.റബ്ബറിന്റെക്കോഡ് വില ലഭിച്ചിരുന്നപ്പോഴും മാനേജ്‌മെന്റുകള്‍ കൂലി വര്‍ദ്ധിപ്പിക്കാന്‍ തയ്യാറായിരുന്നില്ല.അവശ്യ വസ്തുക്കളുടെ വിലക്കയറ്റത്തില്‍ പൊതുതിമുട്ടി കഴിയുന്ന തൊഴിലാളികളില്‍ പലരും ഇടക്കു മറ്റു ജോലികള്‍ ചെയ്താണ് മുന്നോട്ടു പോവുന്നത്.
തോട്ടം മാനേജുമെന്റുകളുടെ ഭീഷണിക്കു മുന്നില്‍ സര്‍ക്കാര്‍ മുട്ടുമടക്കിയിരിക്കുകയാണെന്നു് യൂണിയന്‍ നേതാക്കള്‍ പറഞ്ഞു.
തോട്ടങ്ങള്‍ പൂട്ടിയിടുമെന്നാണ് മാനേജുമെന്റുകള്‍ ഭീഷണിപ്പെടുത്തുന്നത്. ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പ് മുന്നിലെത്തി നില്‍ക്കെ സര്‍ക്കാരും മാനേജുമെന്റുകളും തല്‍ക്കാലം തട്ടിക്കൂട്ടിയ തീരുമാനമായിരുന്നു നേരത്തെയെടുത്തതെന്നാണ് ആരോപണം.
രണ്ടാം ഘട്ട സമരം തുടങ്ങുമെന്ന മുന്നറിയിപ്പുമായി ജില്ലയിലെ വലിയ എസ്‌റ്റേറ്റായ പുല്ലങ്കോടിലെ തൊഴിലാളികള്‍ ഇന്നലെ ഓഫീസിന് മുന്നില്‍ ധര്‍ണ നടത്തി. ഇന്ന് തിരുവനന്തപുരത്ത് മാനേജ്‌മെന്റ് പ്രതിനിധികളു തൊഴിലാളി യൂണിയനുകളും നടത്തുന്ന ചര്‍ച്ച പരാജയപ്പെട്ടാല്‍ രണ്ടാം ഘട്ട സമരം പുനരാംഭിക്കുമെന്ന് യൂണിയന്‍ നേതാക്കള്‍ മുന്നറിയിപ്പു നല്‍കി.
സംയുക്ത ട്രേഡ് യൂണിയന്‍ നേതാക്കളായ മാനീരി ഹസന്‍ ‘മൂച്ചിക്കല്‍ അസീസ്’ പെരുമ്പള്ളിഹസന്‍ ‘ ഇ.കെ സലാം. കുന്നുമ്മല്‍ ഇബ്‌റാഹിം തുടങ്ങിയവര്‍ സംസാരിച്ചു.