Connect with us

International

ജിഹാദി ജോണ്‍ കൊല്ലപ്പെട്ടതായി ഇസില്‍ സ്ഥിരീകരണം

Published

|

Last Updated

ബെയ്‌റൂത് (ലെബനന്‍): ഇസില്‍ തീവ്രവാദി ജിഹാദി ജോണ്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരണം. ഇസില്‍ തന്നെയാണ് സ്ഥിരീകരണവുമായി രംഗത്തുവന്നത്. മുഹമ്മദ് എംവസി എന്ന ജിഹാദി ജോണ്‍ കഴിഞ്ഞ നവംബറില്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട് വന്നിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ സ്ഥിരീകരണമുണ്ടായിരുന്നില്ല. ഇസിലിന്റെ ഓണ്‍ലൈന്‍ പ്രസിദ്ധീകരണമായ ദാബിഖാണ് ഇയാള്‍ കൊല്ലപ്പെട്ടെന്ന വാര്‍ത്ത ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്തത്.

നവംബര്‍ 12ന് സിറിയയിലെ റാഖയിലുണ്ടായ ഡ്രോണ്‍ ആക്രമണത്തിലാണ് ജിഹാദി ജോണ്‍ കൊല്ലപ്പെട്ടതെന്ന് വെബ്‌സൈറ്റ് വ്യക്തമാക്കുന്നു. ഇസില്‍ തടവിലാക്കിയ ബന്ദികളെ കൊല്ലുന്ന ദൃശ്യങ്ങളിലായിരുന്നു ജിഹാദി ജോണ്‍ സ്ഥിരമായി പ്രത്യക്ഷപ്പെട്ടത്.

യുഎസ് പത്രപ്രവര്‍ത്തകരായ സ്റ്റീവന്‍ സോട്ട് ലോഫ്, ജെയിംസ് ഫോളി, ജാപ്പനീസ് പത്രപ്രവര്‍ത്തകന്‍ കെന്‍ജ് ഗോട്ടോ, യുഎസ് സന്നദ്ധ പ്രവര്‍ത്തകന്‍ അബ്ദുറഹ്മാന്‍ കാസിഗ്, ബ്രിട്ടീഷ് സന്നദ്ധപ്രവര്‍ത്തകരായ ഡേവിഡ് ഹെയിന്‍സ്, അലന്‍ ഹെനിംഗ് എന്നിവരെ വധിച്ചത് ജിഹാദി ജോണാണെന്ന് നേരത്തെ സ്ഥിരീകരിച്ചിരുന്നു. ഇതില്‍ ചിലതിന്റെ ദൃശ്യങ്ങള്‍ പുറത്തുവരികയും ചെയ്തിരുന്നു.