സ്വര്‍ണ്ണക്കപ്പ് വേണ്ടെ? വൈലോപ്പിള്ളി ചോദിച്ചു, ടി എം ജേക്കബ് ഉത്തരം നല്‍കി

Posted on: January 20, 2016 1:02 am | Last updated: January 21, 2016 at 11:38 am

gold cupതിരുവനന്തപുരം: കലോല്‍സവങ്ങളുടെ നവജീവനാണ് 1983-87 ലെ ടി എം ജേക്കബിന്റെ വിദ്യാഭ്യാസമന്ത്രി കാലഘട്ടം. പലനില മണിപ്പന്തലുകളും നവരസക്കൂട്ടുള്ള സദ്യയുമൊക്കെയായി യുവജനോല്‍സവം ലോകശ്രദ്ധ നേടിത്തുടങ്ങിയത് ഇതിന് ശേഷമാണ്. ആദ്യ കലോല്‍സവത്തില്‍ മല്‍സരാര്‍ഥികളെയും അധ്യാപകരെയും എറണാകുളം ഗേള്‍സ് സ്‌കൂളിന്റെ മുന്നിലുള്ള ഹോട്ടലിലേക്കു ടിക്കറ്റ് കൊടുത്തു ഭക്ഷണം കഴിക്കാന്‍ പറഞ്ഞുവിടുകയായിരുന്നെങ്കില്‍, പില്‍ക്കാലത്തെ ഓരോ മേളകളിലും മല്‍സരമില്ലാത്ത ഇനമായി സദ്യ കയ്യടി നേടി.
1985 ല്‍ എറണാകുളത്തു നടന്ന രജതജൂബിലി കലോല്‍സവമാണു സ്വര്‍ണക്കപ്പിന്റെ വഴിതുറന്നത്. ഡര്‍ബാര്‍ ഹാളില്‍ പദ്യപാരായണം, അക്ഷര ശ്ലോകം മത്സരങ്ങള്‍ നടക്കുന്നു. വിധികര്‍ത്താക്കളിലൊരാള്‍ കവി വൈലോപ്പിള്ളി ശ്രീധരമേനോനായിരുന്നു. തൊട്ടപ്പുറത്തു മഹാരാജാസ് ഗ്രൗണ്ടില്‍ ഫുട്‌ബോള്‍ മാമാങ്കം നടക്കുന്നു. പന്തുകളിക്കാര്‍ക്കു സ്വര്‍ണക്കപ്പു കൊടുക്കുന്നു, കലയിലെ താരങ്ങള്‍ക്കും അതു വേണ്ടേ എന്നു ടി എം ജേക്കബിനോടു ചോദിച്ചതു വൈലോപ്പിള്ളിയാണ്. സമാപനച്ചടങ്ങില്‍ ജേക്കബ് അതു പ്രഖ്യാപിച്ചു, വരും വര്‍ഷം മുതല്‍ മേളയിലെ കിരീടം നേടുന്ന ജില്ലക്ക് സ്വര്‍ണക്കപ്പ്. കൂടാതെ മികച്ച ആണ്‍, പെണ്‍ താരങ്ങള്‍ക്കു പ്രത്യേക സമ്മാനം.
അടുത്ത മേള തൃശൂരിലായിരുന്നു, സ്വര്‍ണത്തിന്റെ സ്വന്തം നാട്ടില്‍. കലോല്‍സവത്തിനു മുമ്പേ സ്വര്‍ണക്കച്ചവടക്കാരെ വിളിച്ചുകൂട്ടി കപ്പിനു സ്വര്‍ണം ശേഖരിക്കാനായി ജേക്കബിന്റെ ശ്രമം. അതു പക്ഷേ, ലക്ഷ്യം കണ്ടില്ല. 101 പവന്‍ ലക്ഷ്യമിട്ടപ്പോള്‍ കിട്ടിയതു നാലിലൊന്നു മാത്രം. നിരാശനായ ജേക്കബ് സ്വര്‍ണം പൂശിയ കപ്പ് കൊടുത്തു പാതി ദുഃഖം മാറ്റി. എന്നാല്‍ 87 ലെ കോഴിക്കോട് മേളയോടെ ജേക്കബിന്റെ ദുഃഖം മാറി. കുട്ടികളില്‍ നിന്നും അധ്യാപകരില്‍ നിന്നുമൊക്കെ പിരിച്ചെടുത്ത പണം കൊണ്ടു യുവജനോല്‍സവത്തിനു സ്വര്‍ണക്കപ്പുണ്ടായി. മല്‍സരിച്ചു സ്വീകരിച്ച ഡിസൈനുകളില്‍ അംഗീകരിക്കപ്പെട്ടതു ചിറയിന്‍കീഴ് ശ്രീകണ്ഠന്‍ നായരുടേത്. പൂര്‍ത്തീകരണമെത്തിയപ്പോള്‍ കപ്പിന്റെ ചെപ്പില്‍ പവന്‍ 101 എന്നതു നൂറ്റിപ്പതിനേഴരയിലെത്തി.