പൈലറ്റിന് ‘അസ്വസ്ഥത’; യാത്രക്കാരായ സിഖുകാരനെയും മൂന്ന് മുസ്‌ലിംകളെയും അമേരിക്കന്‍ എയര്‍ലൈന്‍സ് പുറത്താക്കി

Posted on: January 20, 2016 5:46 am | Last updated: January 20, 2016 at 12:46 am
SHARE

ന്യൂയോര്‍ക്ക്: വേഷവിധാനങ്ങളുടെയും വംശത്തിന്റെയും പേരില്‍ അമേരിക്കന്‍ എയര്‍ലൈന്‍സില്‍ നിന്ന് പുറത്താക്കിയ മുസ്‌ലിംകള്‍ ഉള്‍പ്പെടെയുള്ള നാല് പേര്‍ ഒമ്പത് മില്യണ്‍ യു എസ് ഡോളര്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഹരജി ഫയല്‍ ചെയ്തു. ഇവരുടെ വേഷവിധാനം പൈലറ്റിന് അസ്വസ്ഥയുണ്ടാക്കി എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു വിമാനത്തില്‍ നിന്ന് ഇവരെ പുറത്താക്കിയിരുന്നത്.
സിഖുകാരനായ ഷാന്‍ ആനന്ദ്, ഇദ്ദേഹത്തിന്റെ സുഹൃത്തുക്കളായ മൂന്ന് മുസ്‌ലിംകള്‍ എന്നിവരെ ടൊറന്റോയില്‍ നിന്ന് ന്യൂയോര്‍ക്കിലേക്കുള്ള 44718 അമേരിക്കന്‍ എയര്‍ലൈന്‍സില്‍ നിന്ന് പുറത്താക്കിയിരുന്നത്. കഴിഞ്ഞ മാസമാണ് വിവാദമായ സംഭവം ഉണ്ടായതെന്നും സി എന്‍ എന്‍ റിപ്പോര്‍ട്ട് ചെയ്തു. പുറത്താക്കപ്പെട്ടവരില്‍ ഒരാള്‍ ബംഗ്ലാദേശുകാരനും മറ്റൊരാള്‍ അറബ് വംശജനുമാണ്. ഇവരുടെ പേര് വിവരം പുറത്തുവിട്ടിട്ടില്ല.
വിമാനത്തില്‍ കയറി ഇരുന്ന ശേഷം വിമാനത്തിലെ ജോലിക്കാരിയായ വെളുത്തവര്‍ഗക്കാരി സ്ത്രീ ഇവരോട് വിമാനത്തില്‍ നിന്ന് ഇറങ്ങാന്‍ ആവശ്യപ്പെട്ടു. എന്തുകൊണ്ടാണ് പുറത്തുപോകേണ്ടിവരുന്നത് എന്ന് ചോദിച്ചപ്പോള്‍ സമാധാനത്തോടെ ഇറങ്ങിപ്പോകണമെന്നും മറ്റൊരു നിര്‍ദേശം ലഭിക്കുന്നത് വരെ പുറത്ത് കാത്തിരിക്കണമെന്നു മാത്രമാണ് ഇവര്‍ പ്രതികരിച്ചതെന്ന് ബ്രൂക്‌ലിന്‍ ഫെഡറല്‍ കോടതിയില്‍ നല്‍കിയ ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നു. താനൊരു കുറ്റവാളിയാണെന്ന് സ്വയം തോന്നിപ്പോയതായും നടന്നുപോകുന്ന എല്ലാവരും എന്നെ തുറിച്ചുനോക്കിയിരുന്നതായും ബംഗ്ലാദേശുകാരന്‍ വ്യക്തമാക്കി. എന്നാല്‍ വിമാനം പറന്നുയര്‍ന്ന് കുറച്ചു കഴിഞ്ഞപ്പോഴാണ് തങ്ങളുടെ സാന്നിധ്യം പൈലറ്റിന് അസ്വസ്ഥതയുണ്ടാക്കിയതു മൂലമാണ് വിമാനത്തില്‍ നിന്ന് പുറത്താക്കിയതെന്ന് വ്യക്തമായതെന്നും ഇവര്‍ നല്‍കിയ ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here