19,000ത്തിലധികം സാധാരണക്കാര്‍ ഇറാഖില്‍ കൊല്ലപ്പെട്ടു: യു എന്‍

Posted on: January 20, 2016 5:27 am | Last updated: January 20, 2016 at 12:45 am
SHARE

യുനൈറ്റഡ് നാഷന്‍: ഇറാഖില്‍ കൊല്ലപ്പെടുന്ന സാധാരണക്കാരുടെ ഞെട്ടിക്കുന്ന മരണ നിരക്ക് ഐക്യരാഷ്ട്ര സഭ പുറത്തുവിട്ടു. 2014 മുതല്‍ 19,000 സാധാരണക്കാര്‍ ഇറാഖില്‍ കൊല്ലപ്പെട്ടെന്നും ഈ കണക്കുകള്‍ ഞെട്ടലുളവാക്കുന്നതാണെന്നും ഐക്യരാഷ്ട്ര സഭ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. 36,000 സാധാരണക്കാരായ ഇറാഖികള്‍ക്ക് 2014 മുതലുള്ള സംഘര്‍ഷത്തില്‍ പരുക്കേറ്റതായും കണക്കുകള്‍ പറയുന്നു. യുനൈറ്റഡ് നാഷന്‍ അസിസ്റ്റന്‍സ് മിഷന്‍ ഫോര്‍ ഇറാഖും യുനൈറ്റഡ് നാഷന്‍ ഹൈക്കമ്മീഷന്‍ ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സും സംയുക്തമായി ഇന്നലെ പുറത്തിറക്കിയ പഠന റിപ്പോര്‍ട്ടിലാണ് ഇറാഖിലെ സാധാരണക്കാര്‍ അനുഭവിക്കുന്ന ദുരിതങ്ങളുടെ ആഴം വ്യക്തമാക്കുന്ന കണക്കുകള്‍ ഉള്ളത്. വംശീയ സംഘട്ടനങ്ങള്‍ അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ ഇടപെടലുകള്‍ ശക്തമാക്കണമെന്നും വീടുവിട്ടുപോയ ഇറാഖികളെ തിരിച്ചുകൊണ്ടുവരാന്‍ ശ്രമം ശക്തമാക്കണമെന്നും റിപ്പോര്‍ട്ട് ആവശ്യപ്പെടുന്നു.
നിരവധി ഇറാഖികള്‍ക്ക് സംഘര്‍ഷങ്ങളില്‍ ജീവഹാനി സംഭവിച്ചപ്പോള്‍ യുദ്ധം സൃഷ്ടിച്ച ക്ഷാമം മൂലം അവശ്യ ഭക്ഷ്യവസ്തുക്കളും കുടിവെള്ളവും മരുന്നും കിട്ടാതെ നിരവധി ഇറാഖികള്‍ക്ക് മരണത്തിന് കീഴടങ്ങി. ഇസിലിന്റെ ആക്രമണത്തില്‍ നിരവധി പേര്‍ക്ക് ജീവന്‍ നഷ്ടമായി. അതിന് പുറമെ ആയിരണക്കണക്കിന് പേരെ ഇസില്‍ അടിമകളെ പോലെ പിടിച്ചുവെച്ചിരിക്കുകയാണ്. യസീദി ഉള്‍പ്പെടെയുള്ള എല്ലാ ന്യൂനപക്ഷങ്ങളില്‍ നിന്നുള്ളവരും ഇവരുടെ ആക്രമണങ്ങള്‍ക്ക് വിധേയരാകുന്നുണ്ടെന്നും റിപ്പോര്‍ട്ട് സാക്ഷ്യപ്പെടുത്തുന്നു.
2014 ജനുവരിക്കും 2015 ഒക്ടബോറിനും ഇടയിലുള്ള വസ്തുതകള്‍ അടിസ്ഥാനമാക്കിയാണ് ഈ റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്.
യുദ്ധം തകര്‍ത്ത ഇറാഖിലെ ജനതക്ക് വേണ്ടി കൂടുതല്‍ സഹായം നല്‍കാന്‍ അന്താരാഷ്ട്ര സമൂഹം മുന്നോട്ടുവരണമെന്ന് നേരത്തെ ഐക്യരാഷ്ട്ര സഭ ആവശ്യപ്പെട്ടിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here