കോഴ തടയാന്‍ പഴുതടച്ച നിരീക്ഷണം

Posted on: January 20, 2016 12:01 am | Last updated: January 20, 2016 at 7:39 pm
SHARE

school_kalolsavamതിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ വിധിനിര്‍ണയത്തിനെതിരെ വ്യാപക പരാതിയുയര്‍ന്ന സാഹചര്യത്തില്‍ ഇത്തവണ വിദ്യാഭ്യാസ വകുപ്പ് ഒരുക്കിയത് പഴുതടച്ച നിരീക്ഷണം. പണം കൊടുത്ത് വിധികര്‍ത്താക്കളെ സ്വാധീനിക്കുന്നതായി ആരോപണം ബലപ്പെട്ടതോടെ ഇത്തവണ ഇതിന് ഇട നല്‍കാതെയുള്ള മുന്നൊരുക്കമാണ് അണിയറയില്‍ നടക്കുന്നത്. വിധികര്‍ത്താക്കളുടെ ഫോണ്‍കോളുകള്‍ നിരീക്ഷിക്കുകയാണ് ഇതില്‍ പ്രധാനം. ഇതിനു പുറമെ സോഷ്യല്‍ മീഡിയകളിലൂടെ വിധികര്‍ത്താക്കള്‍ നടത്തുന്ന ഇടപെടലുകളും നിരീക്ഷണവിധേയമാക്കും. ചില ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും അധ്യാപക സംഘടനാ നേതാക്കളും ഉള്‍പ്പെടുന്ന ലോബിയാണ് മത്സരഫലം അട്ടിമറിക്കുന്നതിന് കൂട്ടുനില്‍ക്കുന്നതെന്ന് ആക്ഷേപം ശക്തമായിട്ടുണ്ട്. കള്ളപ്പേരില്‍ വിധികര്‍ത്താക്കളെ ഇരുത്തുന്നുണ്ടെന്നും ഒരു പതിറ്റാണ്ടായി സ്ഥിരം വിധികര്‍ത്താക്കളായി തുടരുന്നവരുമുണ്ടെന്നുമുള്ള ആരോപണവും ശക്തമാണ്. മൂന്ന് വര്‍ഷമായി വിധികര്‍ത്താക്കളായി പ്രവര്‍ത്തിക്കുന്നവരെ ഇത്തവണ പൂര്‍ണമായും ഒഴിവാക്കിയിട്ടുണ്ട്. കേരളത്തിനകത്തും പുറത്തും നിന്നുമുള്ള പ്രഗ്തഭരായ വ്യക്തികളെയാണ് വിധി നിര്‍ണയത്തിന് കണ്ടെത്തിയിരിക്കുന്നതെന്ന് ഡി പി ഐ എം എസ് ജയ സിറാജിനോട് പറഞ്ഞു.
കോഴ വാങ്ങി വിധിനിര്‍ണയം നടത്തുന്നതിന്റെ ചില തെളിവുകള്‍ നേരത്തെ പുറത്തായതോടെയാണ് വിദ്യാഭ്യാസ വകുപ്പ് ഇക്കാര്യത്തില്‍ ഗൗരവതരമായ നിലപാടെടുത്തത്. ജില്ലാതല മത്സരങ്ങളിലും ഈ ആരോപണം വ്യാപകമായി ഉയര്‍ന്നിരുന്നു. സംസ്ഥാന കലോത്സവത്തിലെ വിധികര്‍ത്താക്കളിലധികവും കോഴവാങ്ങുന്നവരാണെന്നാരോപിച്ച്് ഡാന്‍സ് ടീച്ചേഴ്‌സ് ഓര്‍ഗനനൈസേഷന്‍ പ്രത്യക്ഷ സമരപരിപാടിയുമായി രംഗത്തുവന്നിരുന്നു.
ഇത്തരം ആരോപണങ്ങളുടെ അടിസ്ഥാനത്തില്‍ കര്‍ശന നിരീക്ഷണമൊരുക്കുമ്പോഴും എത്ര കണ്ട് ഫലപ്രാപ്തിയുണ്ടാകുമെന്ന് അധികൃതര്‍ക്ക് പോലും ഉറപ്പില്ല. മത്സരങ്ങള്‍ പൂര്‍ണമായും റെക്കോര്‍ഡ് ചെയ്യുന്നുണ്ടെങ്കിലും വിധികര്‍ത്താക്കളില്‍ ‘ഭൂരിഭാഗം പേര്‍ ലോബിയായി പ്രവര്‍ത്തിച്ചാല്‍ ഒന്നും ചെയ്യാന്‍ കഴിയാത്ത സ്ഥിതിവിശേഷമാണുള്ളത്. നിരവധി ഇടനിലക്കാര്‍ വര്‍ഷങ്ങളായി ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. മത്സരിക്കുന്നതിന് ഏറെ പണച്ചെലവുള്ള നൃത്ത ഇനങ്ങളിലാണ് വിധിനിര്‍ണയത്തിലും അഴിമതിയുള്ളതായി സ്ഥിരമായി പരാതികളുയരുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here