കലയുടെ വെളിച്ചത്തില്‍ കര്‍മനിരതനായി ജനാര്‍ദനന്‍ മാഷ്‌

Posted on: January 20, 2016 12:14 am | Last updated: January 21, 2016 at 11:38 am
ജനാര്‍ദനന്‍ മാസ്റ്റര്‍
ജനാര്‍ദനന്‍ മാസ്റ്റര്‍

തിരുവനന്തപുരം: പ്രോഗ്രാം കമ്മിറ്റി ഓഫീസിലേക്ക് കടന്നപ്പോള്‍ ഉദ്ഘാടന വേദിയില്‍ ഒരുക്കാനുള്ള വിളക്കും മറ്റ് അലങ്കാര വസ്തുക്കളും തുടച്ച് വൃത്തിയാക്കി മിനുക്കി വെക്കുകയായിരുന്നു ജനാര്‍ദനന്‍ മാഷ്. തികച്ചും സാധാരണ സംഭവമെന്ന് തോന്നാമെങ്കിലും ജനാര്‍ദനന്‍ മാഷെ കാര്യത്തില്‍ സ്ഥിതി വ്യത്യസ്തമാണ്. കാഴ്ച വൈകല്യമുണ്ടെങ്കിലും ഇവയൊന്നും മാഷിന്റെ കര്‍മ പഥത്തില്‍ ഒരു മാര്‍ഗ തടസ്സമാകുന്നില്ല. വഴുതക്കാട് ഗവ. ബ്ലൈന്‍ഡ് സ്‌കൂളില്‍ കഴിഞ്ഞ ഇരുപത് വര്‍ഷമായി വിദ്യാര്‍ഥികള്‍ക്ക് നേരിന്റെ വഴികാട്ടിയായി സേവനം ചെയ്തു വരികയാണ് ഈ അധ്യാപകന്‍.
കാഴ്ചയുടെ പരിമിതികളെയെല്ലാം നിശ്ചയ ദാര്‍ഢ്യത്തോടെയാണ് നേരിടുന്നത്. നിരവധി സബ് ജില്ലാ, ജില്ലാ കലോത്സവങ്ങളിലും വിവിധ സമിതിയില്‍ ഇദ്ദേഹത്തിന്റെ സേവനം അധ്യാപകരും സംഘാടക സമിതിയും നേരിട്ട് അറിഞ്ഞതാണ്. ഇത്തവണ അനന്തപുരിയില്‍ നടക്കുന്ന സംസ്ഥാന കലോത്സവത്തില്‍ നറുക്ക് വീണതാകട്ടെ മേളയുടെ പ്രധാന കമ്മിറ്റിയായ പ്രോഗ്രാം കമ്മിറ്റിയിലും. പിന്നെ മാഷ് മറ്റൊന്നും ചിന്തിക്കാതെ തന്റെ കര്‍മം പൂര്‍വാധികം ഭംഗിയാക്കാന്‍ തീരുമാനിച്ചു. ഒപ്പമുള്ള അധ്യാപകരുടെ സഹായം കൂടിയാകുമ്പോള്‍ ജനാര്‍ദനന്‍ മാഷിന്റെ മിഷന്‍ കംപ്ലീറ്റ്.
പാപ്പനങ്ങോട് പൊറ്റയില്‍ സ്വദേശിയായ ജനാര്‍ദനന് അമ്മ സരോജയാണ് കൂട്ട്. അമ്മയുടെ പിന്തുണയാണ് തന്നെ മുന്നോട്ട് നയിക്കുന്നതെന്ന് ഇദ്ദേഹം പറയുന്നു. ഇനി കലാമാമാങ്കം അവസാനിക്കും വരെ പ്രോഗ്രാം കമ്മിറ്റിയില്‍ ഇദ്ദേഹം കര്‍മനിരതനാണ്.