Connect with us

National

ഗതാഗതക്കുരുക്കഴിക്കാന്‍ സെല്‍ഫിയെടുക്കൂ

Published

|

Last Updated

കാണ്‍പൂര്‍: നഗരത്തിലെ പ്രധാനപ്പെട്ട പതിനാലിടങ്ങളിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ കാണ്‍പൂര്‍ സിറ്റി പോലീസ് നടപ്പിലാക്കിയത് നൂതന മാര്‍ഗം. ഏറ്റവും ഗതാഗതക്കുരുക്കനുഭവപ്പെടുന്ന മണിക്കൂറുകളില്‍ അതെത്രയും പെട്ടന്ന് പരിഹരിച്ച് സെല്‍ഫിയെടുത്ത് ഇതിനായുള്ള ഹെല്‍പ് ലൈന്‍ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്യണമെന്നാണ് ബന്ധപ്പെട്ട പോലീസ് സ്റ്റേഷന്‍ മേധാവികളോട് (എസ് എച്ച് ഒ) ഐ ജി അശുതോഷ് പാണ്ടെ നിര്‍ദേശിച്ചിരിക്കുന്നത്. സെല്‍ഫി വിത്ത് ട്രാഫിക് എന്നാണ് പരിപാടിക്ക് പേരിട്ടിരിക്കുന്നത്.
കാണ്‍പൂര്‍ മേഖലാ ഐ ജിയുടെ ഏക് നമ്പര്‍ ഭറോസെ കെ എന്ന ഫേസ്ബുക്ക് പേജിലാണ് സെല്‍ഫികള്‍ പോസ്റ്റ് ചെയ്യേണ്ടത്. ചുമ്മാ സെല്‍ഫി പോസ്റ്റ് ചെയ്ത് മാറിനില്‍ക്കാനൊന്നും കഴിയില്ല. ഇത്തരത്തില്‍ പോസ്റ്റ് ചെയ്ത സ്ഥലങ്ങളിലെ ഗതാഗതക്കുരുക്ക് എത്രയും പെട്ടന്ന് പരിഹരിച്ചില്ലെങ്കില്‍ എസ് എച്ച് ഒക്കെതിരെ നടപടി പിറകേ വരും.
നിര്‍ദിഷ്ട സ്ഥലങ്ങളില്‍ ഗതാഗത തടസ്സം കണ്ടാല്‍ നാട്ടുകാര്‍ക്കും ഇത്തരത്തില്‍ സെല്‍ഫിയെടുത്ത് ഇതേ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്യാവുന്നതാണ്. നഗരത്തിരക്കിലെ ഗതാഗതക്കുരുക്ക് വ്യക്തമാകും വിധമുള്ള സെല്‍ഫിയാണ് എടുക്കേണ്ടത്. ഒപ്പം സെല്‍ഫിയെടുത്ത സ്ഥലവും സമയവും രേഖപ്പെടുത്തുകയും വേണം.
15 ദിവസത്തേക്കാണ് പരീക്ഷണാടിസ്ഥാനത്തില്‍ ഈ സെല്‍ഫി ഗതാഗത പരിഷ്‌കാരം ഏര്‍പ്പെടുത്തിയിട്ടുള്ളത്. പകല്‍ 10, 11, 1.30, 2.30, വൈകുന്നേരം ആറ്, രാത്രി എട്ട് മണിക്കുള്ള ഗതാഗതത്തിരക്ക് പരിഹരിക്കാനാണ് സെല്‍ഫിയുമായി ഐജി കാര്യമായി ഇറങ്ങിപ്പുറപ്പെട്ടത്. സ്‌കൂള്‍, കോളജ് വിദ്യാര്‍ഥികളോടും ഐ ജി അശുതോഷ് പാണ്ടെ സെല്‍ഫിയെടുത്ത് പോസ്റ്റ് ചെയ്യാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.

Latest