Connect with us

Editorial

കോടതികള്‍ അപ്രാപ്യമാകുന്നവര്‍

Published

|

Last Updated

കൊച്ചിയില്‍ ബാര്‍ കൗണ്‍സിലിന്റെ ലീഗല്‍ എജ്യുക്കേഷന്‍ ശിലാസ്ഥാപനച്ചടങ്ങില്‍ സംസാരിക്കവെ, അഭിഭാഷകരുടെ ഫീസില്‍ സമീപകാലത്തുണ്ടായ അനിയന്ത്രിതമായ വര്‍ധനവില്‍ ആശങ്ക രേഖപ്പെടുത്തുകയുണ്ടായി പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍. ലക്ഷങ്ങളാണ് സുപ്രീം കോടതി സീനിയര്‍ അഭിഭാഷകര്‍ കക്ഷികളില്‍ നിന്ന് ഫീസ് വാങ്ങുന്നത്. ഇത് സാധാരണക്കാര്‍ക്ക് താങ്ങാനാകുന്നില്ല. പൊതു താത്പര്യമുള്ള കേസിന്റെ നടത്തിപ്പിനായി പ്രഗത്ഭനായ സുപ്രീം കോടതി അഭിഭാഷകനെ ബന്ധപ്പെട്ടപ്പോള്‍ 60 ലക്ഷം രൂപയാണ് എന്നോട് ആവശ്യപ്പെട്ടത്. ഈ അവസ്ഥയില്‍ സുപ്രീം കോടതിയില്‍ കേസ് നടത്താന്‍ നമ്മുടെ രാജ്യത്തെ എത്ര പൗരന്‍മാര്‍ക്കു കഴിയും? ഇത് നീതി നിര്‍വഹണത്തിലെ ദുരന്തമാണെന്ന് വി എസ് അഭിപ്രായപ്പെട്ടു. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ടി എസ് താക്കൂറിന്റെ സാന്നിധ്യത്തിലായിരുന്നു വി എസിന്റെ പരാമര്‍ശം. അദ്ദേഹവും ഇത് ശരിവെക്കുകയുണ്ടായി. കേന്ദ്ര നിയമമന്ത്രി സദാനന്ദ ഗൗഡ, കേരള ഹൈക്കോടതി ജഡ്ജി ഹാറുണ്‍ റഷീദ് തുടങ്ങിയവരും നേരത്തെ ഇക്കാര്യം ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
ജനങ്ങള്‍ക്ക് നീതി ലഭ്യമാക്കാനാണ് നീതിന്യായ സംവിധാനം ഏര്‍പ്പെടുത്തിയത്. എന്നാല്‍ സാധാരണക്കാര്‍ക്ക് കോടതിയെ സമീപിക്കാന്‍ സാധിക്കാത്ത വിധം ഈ രംഗത്തെ ചെലവ് ക്രമാതീതമായി വര്‍ധിച്ചിരിക്കയാണ്. സുപ്രീം കോടതിയിലെയും ഹൈക്കോടതികളിലെയും ജില്ലാ കോടതികളിലെയും പ്രമുഖ അഭിഭാഷകരുടെ ഫീസും കോടതിഫീസും പാവപ്പെട്ടവര്‍ക്കും ഇടത്തരക്കാര്‍ക്കും സാധാരണ മനുഷ്യാവകാശ സംഘടനകള്‍ക്കും താങ്ങാനാകാത്ത വിധം കുത്തനെ ഉയര്‍ന്നിരിക്കുന്നു. ഒറ്റ കേസിന് ദശലക്ഷങ്ങളാണ് സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകര്‍ വാങ്ങുന്നത്. കോടികള്‍ വാങ്ങുന്നവരുമുണ്ട്. കൃഷ്ണഗോദാവരി തടത്തിലെ പ്രകൃതി വാതക ഖനനവുമായി ബന്ധപ്പെട്ട കേസില്‍ മുകേഷ് അംബാനിയുടെ റിലയന്‍സ് ഇന്‍ഡസ്ട്രീറ്റ് ലിമിറ്റഡിന്റെ കേസില്‍ പതിനഞ്ച് കോടിയാണത്രെ പ്രമുഖ അഭിഭാഷകന്‍ ഹരീഷ് സാല്‍വേ വാങ്ങിയത്. കേരള സര്‍ക്കാറിന്റെ മൂന്ന് കേസുകള്‍ വാദിക്കാന്‍ കപില്‍ സിബല്‍ വാങ്ങിയത് രണ്ട് കോടി രൂപയോളമാണ്. കൊല്‍ക്കത്തയിലെ പൊളിഞ്ഞ ചിട്ടികമ്പനി ശാരദാ ഗ്രൂപ്പിന്റെ കേസ് വാദിച്ചതിന് കേന്ദ്ര മന്ത്രിയായിരുന്ന പി ചിദംബരത്തിന്റെ ഭാര്യ അഡ്വ. നളിനി ചിദംബരം കൈപ്പറ്റിയത് ഒരു കോടി! .
പരമോന്നത നീതിപീഠമായ സുപ്രീം കോടതി സാധാരണക്കാര്‍ക്ക് അപ്രാപ്യമാണിന്ന്. കോര്‍പറേറ്റുകളുടെയും ഉയര്‍ന്ന വ്യവസായ, ബിസിനസ് സ്ഥാപങ്ങളുടെയും കോടീശ്വരന്മാരുടെയും കള്ളപ്പണക്കാരുടെയും കേസുകളാണിപ്പോള്‍ സുപ്രീം കോടതിയില്‍ കൂടുതലും കൈകാര്യം ചെയ്യുന്നത്. ചെലവ് താങ്ങാവുന്നതിലപ്പുറമാണെന്നതിനാല്‍ സാധാരണക്കാര്‍ അവിടേക്കെത്തുന്നത് വിരളമാണ്. ഹൈക്കോടതിയിലും ജില്ലാ കോടതികളിലും പ്രശസ്ത അഭിഭാഷകരെ വെച്ചു കേസ് നടത്തണമെങ്കിലും വന്‍ ചെലവ് വരും. കുടുംബവഴക്കുകളില്‍ അദാലത്തിലോ മറ്റോ കേസ് ഒത്തുതീര്‍പ്പുണ്ടായാല്‍ ഭര്‍ത്താവ് ഭാര്യക്ക് നല്‍കുന്ന നഷ്ടപരിഹാരത്തുകയില്‍ നിശ്ചിത ശതമാനം വക്കീലിന് “അവകാശപ്പെട്ടതാ”ണെന്നത് അലിഖിത നിയമമാണ്. കൃത്യമായി വാങ്ങുന്ന ഫീസുകള്‍ക്ക് പുറമെയാണിത്.
പല അഭിഭാഷകരും വാങ്ങുന്ന ഫീസിനനുസൃതമായി കേസ് കാര്യക്ഷമമായി കൈകാര്യം ചെയ്യാറുമില്ല. കക്ഷികളില്‍ നിന്ന് ഫീസ് നേരത്തെ വാങ്ങിയ ശേഷം ജൂനിയര്‍ വക്കീലിനെ അയച്ചു അവധി വാങ്ങിപ്പിക്കുന്നവരാണ് പലരും. ചിലര്‍ ഒരേ ദിവസം മൂന്നും നാലും കക്ഷികളുടെ കേസ് ഏറ്റെടുക്കുകയും ഒരു കേസ് മാത്രം വാദിച്ചു മറ്റുള്ളതിന് അവധി വാങ്ങുകയും ചെയ്യും. അതേ സമയം എല്ലാവരില്‍ നിന്നും കണക്ക് പറഞ്ഞു ഫീസ് വാങ്ങും. കേസുകള്‍ അനിശ്ചിതമായി നീളുന്നതിന് ഒരു കാരണം അഭിഭാഷകരുടെ നിരുത്തരവാദമായ ഇത്തരം നിലപാടുകളാണ്. ഇതുകൊണ്ടെല്ലാം നീതി ലഭിച്ചില്ലെങ്കിലും കീഴ്‌ക്കോടതികളിലെ കേസ് കൊണ്ട് വ്യവഹാരം അവസാനിപ്പിക്കുകയാണ് സാധാരണക്കാരിലേറെയും. അവിടെ നിന്ന് കിട്ടുന്ന വിധി തന്റെ തലവിധിയായി സമാധാനിക്കാന്‍ ഉയര്‍ന്ന വ്യവഹാരച്ചെലവ് അവനെ നിര്‍ബന്ധിതനാക്കുന്നു.
ഈ അവസ്ഥക്കൊരു മാറ്റം അനിവാര്യമാണ്. നീതിന്യായ മേഖലയില്‍ സേവനമനുഷ്ഠിക്കുന്നവര്‍ ഉന്നതമായ ധാര്‍മിക മൂല്യങ്ങള്‍ മുറുകെപ്പിടിക്കാന്‍ ബാധ്യസ്ഥരാണ്. സാധാരണക്കാരന്റെയും ഇടത്തരക്കാരന്റെയും ജീവിത യാഥാര്‍ഥ്യങ്ങളെക്കുറിച്ച് ബോധവാന്മാരാകണം. അവരുടെ പ്രയാസങ്ങളും പ്രാരാബ്ധങ്ങളും മനസ്സിലാക്കി അതിനനുസൃതമായ ഫീസ് വാങ്ങാനുള്ള മാനുഷിക, സാമൂഹിക ബോധം അവര്‍ക്കനിവാര്യമാണ്. വര്‍ഷാന്തം ഓരോ അഭിഭാഷകനും, ഫീസ് നല്‍കാന്‍ കഴിവില്ലാത്ത നിശ്ചിത എണ്ണം പാവപ്പെട്ട വ്യക്തികള്‍ക്ക് നിയമ സഹായം നല്‍കിയിരിക്കണമെന്ന് ചില രാജ്യങ്ങളില്‍ വ്യവസ്ഥയുണ്ട്. നമ്മുടെ രാജ്യത്തും ഇത് നടപ്പാക്കേണ്ടിയിരിക്കുന്നു. സാധാരണക്കാര്‍ക്ക് സൗജന്യ നിയമസഹായത്തിനായി ദേശീയ ലീഗല്‍ സര്‍വീസസ് അതോറിറ്റി, സ്ത്രീകള്‍ക്ക് സൗജന്യ നിയമസഹായം നല്‍കുന്ന കേരള ലീഗല്‍ സര്‍വീസ് അതോറിറ്റി (കെല്‍സ) തുടങ്ങിയ സംവിധാനങ്ങളുണ്ടെങ്കിലും മിക്കയിടങ്ങളിലും അത് കാര്യക്ഷമമല്ല. പലര്‍ക്കും അതെക്കുറിച്ച് അറിയുകയുമില്ല. ഈ സംവിധാനങ്ങള്‍ കാര്യക്ഷമമാക്കുകയും സമൂഹത്തെ അതെക്കുറിച്ചുബോധവത്കരിക്കുകയും ചെയ്യേണ്ടതുമുണ്ട്.

Latest