ജയ് ഭീം കോമ്രേഡ്

ഹിന്ദുത്വ കാലങ്ങളില്‍ ഇന്ത്യന്‍ വിദ്യാലയങ്ങളില്‍ എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്, സംഭവിക്കാനിരിക്കുന്നത് എന്ന യാഥാര്‍ഥ്യമാണ് ഇവിടെ വ്യക്തമായിരിക്കുന്നത്. ദളിത് മാര്‍ക്‌സിസ്റ്റ് പോരാളിയായിരുന്ന രോഹിത് വിഭാവനം ചെയ്ത സ്വാതന്ത്ര്യ ഭാവനകള്‍ മുഴുവന്‍ ഇന്ത്യന്‍ ജനതയുടെയും മോചനമായിരുന്നു ലക്ഷ്യം കണ്ടത് എന്നത് വ്യക്തമാണ്. ബ്രാഹ്മണാധികാരത്തെ പ്രകോപിപ്പിച്ചതും അതാണ്. ചൈതന്യവും ധിഷണയും ലക്ഷ്യബോധവും ചരിത്രബോധവും തുറന്ന മനോഭാവവും സമന്വയിപ്പിച്ച രാഷ്ട്രീയധാരണകളാണ് രോഹിത്തിനുണ്ടായിരുന്നത് എന്നാണ് സഖാക്കള്‍ അവരുടെ ഓര്‍മക്കുറിപ്പുകളില്‍ രേഖപ്പെടുത്തുന്നത്. ഇന്നത്തെ ഇന്ത്യയില്‍ പീഡനം നേരിടുന്ന ദളിതുകളുടെയും മുസ്‌ലിംകളുടെയും ഐക്യം അത്യന്താപേക്ഷിതമാണെന്ന് രോഹിത് വിശ്വസിച്ചിരുന്നു. അതിനാല്‍ രോഹിതിന്റെ ആത്മഹത്യ, ഇന്ത്യയിലേക്ക് കണ്‍ തുറന്നു നോക്കാന്‍ രാഷ്ട്രത്തിലെ ആളുകളോടെന്നതു പോലെ അന്താരാഷ്ട്ര സമൂഹത്തോടുമുള്ള ഒരു അഭ്യര്‍ഥനയാണ്.
Posted on: January 20, 2016 6:00 am | Last updated: January 19, 2016 at 11:26 pm
SHARE

rohith vemulaസവര്‍ണ ഹിന്ദു മതത്തിന്റെയും ബ്രാഹ്മണാധികാരത്തിന്റെയും അധീശത്വത്തോട് പോരാടിക്കൊണ്ടിരുന്ന അംബേദ്കര്‍ ലക്ഷക്കണക്കിന് അനുയായികളോടൊപ്പം ബുദ്ധ മതത്തിലേക്ക് മതപരിവര്‍ത്തനം ചെയ്തു. അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള ഔദ്യോഗിക സമിതി രൂപപ്പെടുത്തിയ ഇന്ത്യന്‍ ഭരണഘടന; ഇന്ത്യ എന്ന ആശയത്തെയും രാഷ്ട്ര നിര്‍മാണത്തെയും വിഭാവനം ചെയ്യുകയും സംരക്ഷിക്കുകയും ചെയ്യുന്നുണ്ടെങ്കിലും ഈ മതപരിവര്‍ത്തനത്തിലെ അരക്ഷിതത്വ പ്രതിനിധാനം നമ്മുടെ രാഷ്ട്രത്തെയെന്നതു പോലെ അതിന്റെ സാംസ്‌കാരിക പൗരത്വത്തെയും ആശങ്കാകുലമാക്കുന്നു. ഇന്ത്യന്‍ ഫാസിസത്തിന്റെ വേവു പുര; മനുവാദികള്‍ രൂപപ്പെടുത്തിയ ജാതി വ്യവസ്ഥ എന്ന അടുപ്പുകല്ലിനു മുകളിലായിട്ടാണ് കെട്ടിയുയര്‍ത്തിയിരിക്കുന്നത് എന്ന് സാമൂഹിക ചരിത്രകാരന്മാര്‍ നിരീക്ഷിക്കുന്നതും അതുകൊണ്ടു തന്നെയാണ്. ഇത് ശീതീകരിച്ച മുറികളിലിരുന്ന് അവതരിപ്പിക്കാവുന്നതും ചര്‍ച്ച ചെയ്യാവുന്നതുമായ വെറും അക്കാദമിക് വാചാടോപങ്ങളല്ലെന്ന് വീണ്ടും തെളിയിച്ചു കൊണ്ട്; സഖാവ് രോഹിത് വെമുല ഹൈദരാബാദ് സര്‍വകലാശാല (യു ഒ എച്ച്)യിലെ തന്റെ ഹോസ്റ്റല്‍ മുറിയില്‍ താന്‍ പ്രതിനിധാനം ചെയ്യുന്ന അംബേദ്കര്‍ സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ എന്ന ദളിത് വിദ്യാര്‍ഥി സംഘടനയുടെ നീല നിറമുള്ള പതാക കയറായി ഉപയോഗിച്ചു കൊണ്ട് കഴിഞ്ഞ ദിവസം കെട്ടിത്തൂങ്ങി ആത്മഹത്യ ചെയ്തിരിക്കുന്നു. രാഷ്ട്രം മുഴുവനും ഒന്നായി എഴുന്നേറ്റു നിന്നുകൊണ്ട് ആദരാഞ്ജലികളര്‍പ്പിക്കുകയും എന്താണ് സംഭവിക്കുന്നതെന്ന് ഒരു നിമിഷ നേരത്തേക്കെങ്കിലും സ്വന്തം ആന്തരിക സങ്കീര്‍ണതകളിലേക്ക് വെളിച്ചം പായിച്ചുകൊണ്ട് ആലോചിക്കുകയും ചെയ്യേണ്ടതാണ്. അതിനുള്ള സ്റ്റാര്‍ടപ്പ് ആരാണ് കൊടുക്കുക എന്നറിയില്ല.
ഇത് യഥാര്‍ഥത്തില്‍ ഒരു ആത്മഹത്യയല്ല. ജാതിവ്യവസ്ഥ മാത്രമല്ല, വിദ്യാഭ്യാസം പോലുള്ള കെട്ടിപ്പൊക്കിയ വ്യവസ്ഥയും കൂടി സംഘടിപ്പിച്ച കൊലപാതകമാണിത്. സംഘ്പരിവാറിന്റെ വിദ്യാര്‍ഥി വിഭാഗമായ എ ബി വി പി നല്‍കിയ ഒരു വ്യാജ പരാതിയിന്മേല്‍, ഝടുതിയില്‍ നടപടിയെടുക്കുന്നു എന്ന പേരില്‍ സര്‍വകലാശാല അധികൃതര്‍ പുറത്താക്കിയ അഞ്ച് എ എസ് എ പ്രവര്‍ത്തകരിലൊരാളാണ് രോഹിത് വെമുല. എസ് എഫ് ഐയിലായിരുന്നു ഗവേഷക വിദ്യാര്‍ഥിയായിരുന്ന രോഹിത് നേരത്തെ പ്രവര്‍ത്തിച്ചിരുന്നത്. അപ്പോഴുണ്ടായ ചില ഖേദകരമായ അനുഭവങ്ങളെ തുടര്‍ന്ന് അദ്ദേഹം സംഘടന വിടുകയും എ എസ് എയില്‍ ചേരുകയുമായിരുന്നു. അദ്ദേഹത്തിന് ബുദ്ധിമുട്ടുണ്ടാക്കുന്ന വിധത്തില്‍ പെരുമാറിയ പ്രവര്‍ത്തകരെ പിന്നീട് എസ് എഫ് ഐ പുറത്താക്കുകയുണ്ടായി. ഗുണ്ടൂരിലെ സാവിത്രി ഭായ് നഗറിലെ കൊച്ചു കൂരയിലാണ് രോഹിത് വളര്‍ന്നത്. അച്ഛന്‍ ഒരു സ്വകാര്യ ആശുപത്രിയിലെ ഗാര്‍ഡും അമ്മ തയ്യല്‍ക്കാരിയുമായിരുന്നു. ജെ ആര്‍ എഫ് ലഭിക്കുന്നതു വരെയും അമ്മയുടെ തയ്യല്‍ ജോലിയില്‍ നിന്നുള്ള തുച്ഛ വരുമാനം കൊണ്ടാണ് വീട് പുലര്‍ന്നത്. ജെ ആര്‍ എഫ് ഗ്രാന്‍ഡ് ലഭിക്കാന്‍ തുടങ്ങിയപ്പോള്‍ അതിലൊരു പങ്ക് മിച്ചം വെച്ച് വീട്ടു ചെലവിനും രോഹിത് അമ്മയെ ഏല്‍പ്പിച്ചിരുന്നു. പഠനത്തില്‍ മികവ് പുലര്‍ത്തിയിരുന്നിട്ടു പോലും, ജെ ആര്‍ എഫ് നല്‍കുന്നതിന് ബ്രാഹ്മണാധികാര മര്‍ദകര്‍ പല തടസ്സവാദങ്ങളും ഉന്നയിക്കുകയുണ്ടായി. അതിനെയെല്ലാം തരണം ചെയ്ത് മുന്നോട്ടുവന്ന രോഹിത് മികച്ച ഒരു പോരാളിയുമായിരുന്നു. അദ്ദേഹത്തിന്റെ ആത്മഹത്യ ഒരു കാരണവശാലും സംഭവിക്കാന്‍ പാടില്ലാത്തതായിരുന്നു. എന്നാല്‍, ഇന്ത്യ എന്താണ് എന്ന് ഇന്ത്യക്കാരെയും മറ്റുള്ളവരെയും ബോധ്യപ്പെടുത്താനായി, ഈ സമരപാത അദ്ദേഹം തിരഞ്ഞെടുത്തിരിക്കുന്നു.
എഴുത്തുകാരനാകാന്‍ ആഗ്രഹിച്ച, കാള്‍ സാഗനെപ്പോലെ ഒരു ശാസ്ത്ര ലേഖകനാകാന്‍ കൊതിച്ച രോഹിത് സ്‌ഫോടനാത്മകമായ ഒരു ആത്മഹത്യക്കുറിപ്പ് മാത്രം എഴുതി ഈ മുടിഞ്ഞ ലോകത്തോട് വിടവാങ്ങിയിരിക്കുന്നു. ശാസ്ത്രത്തെയും നക്ഷത്രത്തെയും പ്രകൃതിയെയും സ്‌നേഹിച്ച രോഹിതിന് മനുഷ്യര്‍ എന്ന് ശരീരം കൊണ്ട് തോന്നിപ്പിക്കുന്ന ആധുനിക ഇന്ത്യക്കാര്‍ വേദനകളും പീഡനങ്ങളും മാത്രമാണ് സമ്മാനിച്ചത്. വ്രണപ്പെടാതെ സ്‌നേഹിക്കുക എന്നത് ബുദ്ധിമുട്ടുള്ള കാര്യമായി എന്ന് തിരിച്ചറിഞ്ഞപ്പോഴാണ് സ്വന്തം ശരീരത്തോടും ജീവനോടും ചെയ്യാവുന്ന ഏറ്റവും ക്രൂരമായ കര്‍ത്തവ്യത്തിലേക്ക് രോഹിത് അഭയം തേടിയത്. ഒരു വോട്ടിലേക്ക്, ഒരു അക്കത്തിലേക്ക്, അല്ലെങ്കില്‍ ഒരു വസ്തുവിലേക്ക് വെട്ടിച്ചുരുക്കപ്പെട്ട മനുഷ്യന്റെ മനസ്സ് എന്ന പ്രപഞ്ചത്തിന്റെ അര്‍ഥവും മൂല്യങ്ങളുമായിരുന്നു അദ്ദേഹം അന്വേഷിച്ചത്. ലഭിച്ച ഉത്തരങ്ങളൊക്കെയും നിരാശാകരമായതിനാലാണ് ഈ അന്ത്യത്തിലേക്ക് അദ്ദേഹം നടന്നടുത്തത്. എന്റെ ജനനം തന്നെയാണ് എനിക്ക് സംഭവിച്ച ഏറ്റവും വലിയ അപകടം എന്ന് രോഹിത് ഇന്ത്യയിലുള്ള കോടിക്കണക്കിന് ദളിത് ബഹുജനങ്ങളെപ്പോലെ തിരിച്ചറിഞ്ഞു. ആ തിരിച്ചറിവാണ് തന്റെ ആത്മഹത്യയിലൂടെ അദ്ദേഹം ലോകത്തിനു മുമ്പില്‍ വെളിപ്പെടുത്തിയിരിക്കുന്നത്. നിഴലുകളില്‍ നിന്ന് നക്ഷത്രങ്ങളിലേക്കുള്ള ഒരു യാത്രയായിട്ടാണ് തന്റെ ജീവിതത്തെയും മരണത്തെയും ആ ഭാവനാശാലി നിര്‍ണയിക്കുന്നത്. എന്റെ മരണത്തിന് സുഹൃത്തുക്കള്‍ എന്നതു പോലെ ശത്രുക്കളും ഉത്തരവാദിയല്ല എന്ന മഹാമനസ്‌കത കൂടി പങ്കു വെച്ചുകൊണ്ടാണ് രോഹിത് ആത്മഹത്യാക്കുറിപ്പ് അവസാനിപ്പിക്കുന്നത്.
സസ്‌പെന്‍ഷനെ തുടര്‍ന്ന് കഴിഞ്ഞ പതിനഞ്ച് ദിവസമായി രോഹിത് അടക്കമുള്ളവര്‍ സര്‍വകലാശാലയില്‍ താത്കാലിക കൂടാരം പണിത് അതില്‍ ഉറങ്ങിക്കൊണ്ട്, സ്ലീപ്പ് ഇന്‍ സ്‌ട്രൈക്ക് നടത്തിവരികയായിരുന്നു. ശാസ്ത്രം, സാങ്കേതിക വിദ്യ, സാമൂഹിക പഠനം വിഭാഗത്തില്‍ റിസര്‍ച്ച് സ്‌കോളറായിരുന്ന രോഹിതിന് ജെ ആര്‍ എഫ് കുടിശ്ശികയായി ഒരു ലക്ഷത്തി എഴുപത്തയ്യായിരം രൂപ കിട്ടാനുണ്ടെന്ന് ആത്മഹത്യാക്കുറിപ്പ് വ്യക്തമാക്കുന്നുമുണ്ട്. ഉത്തര്‍ പ്രദേശിലെ മുസഫര്‍ നഗറിലുണ്ടായ വര്‍ഗീയ കലാപത്തെ സംബന്ധിച്ചെടുത്ത ‘മുസഫര്‍ നഗര്‍ ബാക്കി ഹൈ’ എന്ന ഡോക്യുമെന്ററി ഡല്‍ഹി സര്‍വകലാശാലയില്‍ അവിടെ പ്രവര്‍ത്തിക്കുന്ന മൊണ്ടാഷ് ഫിലിം സൊസൈറ്റി പ്രദര്‍ശിപ്പിച്ചപ്പോള്‍, എ ബി വി പിക്കാര്‍ നടത്തിയ ആക്രമണത്തിനെതിരെ പ്രതിഷേധം നടത്തിയപ്പോഴാണ് രോഹിത് അടക്കമുള്ള എ എസ് എ പ്രവര്‍ത്തകര്‍ക്കെതിരെ എ ബി വി പി വ്യാജ പരാതി നല്‍കിയതും അതിന്മേല്‍ അധികൃതര്‍ ധൃതിയില്‍ നടപടിയെടുത്തതും. കേന്ദ്ര മന്ത്രിയും എം എല്‍ സിയുമടക്കമുള്ള ഭരണകക്ഷി നേതാക്കന്മാര്‍ ദളിത് വിദ്യാര്‍ഥി സംഘടനാ പ്രവര്‍ത്തകര്‍ക്കെതിരെ നടപടിയെടുക്കാന്‍ ഇടപെട്ടതും ശ്രദ്ധേയമാണ്. ദുര്‍ഭരണങ്ങള്‍ എത്രമാത്രം മനുഷ്യത്വവിരുദ്ധവും ദളിത് വിരുദ്ധവുമായാണ് പെരുമാറുക എന്നതിന്റെ കൂടി ഉദാഹരണമാണിത്. ഹോസ്റ്റലുകളില്‍ നിന്നെന്നതു പോലെ, സര്‍വകലാശാലയിലെ പൊതു ഇടങ്ങളില്‍ നിന്നും അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കില്‍ നിന്നും ദളിത് വിദ്യാര്‍ഥികളെ വേട്ടയാടുകയും അവരെ സാമൂഹിക ബഹിഷ്‌കരണത്തിന് വിധേയമാക്കുകയും ചെയ്തതായി സാമൂഹിക മാധ്യമങ്ങള്‍ വഴി വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു.
കേന്ദ്ര മാനവവിഭവ ശേഷി മന്ത്രാലയം, ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാല, മുംബൈ ടാറ്റ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സോഷ്യല്‍ സയന്‍സസ്, പോണ്ടിച്ചേരി സര്‍വകലാശാല, ഇഫഌ ഹൈദരാബാദ് എന്നിങ്ങനെ രാജ്യത്തെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളിലൊക്കെയും രോഹിതിന്റെ ആത്മഹത്യ എന്ന കൊലപാതകത്തോടുള്ള പ്രതിഷേധങ്ങള്‍ വ്യാപകമായിട്ടുണ്ട്. തെലങ്കാനയിലെന്നതു പോലെ കേരളത്തിലും നിരവധി ഇടങ്ങളില്‍ സംയുക്ത പ്രതിഷേധം നടന്നു. എസ് എഫ് ഐ, എ ഐ എസ് എഫ്, കെ എസ് യു അടക്കമുള്ള സംഘടനകള്‍ പ്രതിഷേധത്തിന് നേതൃത്വം നല്‍കി. ഹിന്ദുത്വ കാലങ്ങളില്‍ ഇന്ത്യന്‍ വിദ്യാലയങ്ങളില്‍ എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്, സംഭവിക്കാനിരിക്കുന്നത് എന്ന യാഥാര്‍ഥ്യമാണ് ഇവിടെ വ്യക്തമായിരിക്കുന്നത്. ദളിത് മാര്‍ക്‌സിസ്റ്റ് പോരാളിയായിരുന്ന രോഹിത് വിഭാവനം ചെയ്ത സ്വാതന്ത്ര്യ ഭാവനകള്‍ മുഴുവന്‍ ഇന്ത്യന്‍ ജനതയുടെയും മോചനമായിരുന്നു ലക്ഷ്യം കണ്ടത് എന്നത് വ്യക്തമാണ്. ബ്രാഹ്മണാധികാരത്തെ പ്രകോപിപ്പിച്ചതും അതാണ്. ചൈതന്യവും ധിഷണയും ലക്ഷ്യബോധവും ചരിത്രബോധവും തുറന്ന മനോഭാവവും സമന്വയിപ്പിച്ച രാഷ്ട്രീയധാരണകളാണ് രോഹിത്തിനുണ്ടായിരുന്നത് എന്നാണ് സഖാക്കള്‍ അവരുടെ ഓര്‍മക്കുറിപ്പുകളില്‍ രേഖപ്പെടുത്തുന്നത്. ഇത് രാഷ്ട്രീയ ആത്മഹത്യ തന്നെയാണ്; രാഷ്ട്രീയത്തിന്റെ ആത്മഹത്യയല്ല, രാഷ്ട്രീയമായി ആത്മഹത്യ ചെയ്യുകയാണെന്ന് വ്യക്തം. ആത്മഹത്യ തന്നെ ഒരു പ്രസ്താവനയാകുമ്പോള്‍ അത് വിമോചനത്തിന്റെ ഒരു ലക്ഷം പതാകകള്‍ക്കും പ്രതിജ്ഞകള്‍ക്കും കാരണമാകുന്നുമുണ്ട്. ഇന്നത്തെ ഇന്ത്യയില്‍ പീഡനം നേരിടുന്ന ദളിതുകളുടെയും മുസ്‌ലിംകളുടെയും ഐക്യം അത്യന്താപേക്ഷിതമാണെന്ന് രോഹിത് വിശ്വസിച്ചിരുന്നു. അതിനാല്‍ രോഹിതിന്റെ ആത്മഹത്യ, ഇന്ത്യയിലേക്ക് കണ്‍ തുറന്നു നോക്കാന്‍ രാഷ്ട്രത്തിലെ ആളുകളോടെന്നതു പോലെ അന്താരാഷ്ട്ര സമൂഹത്തോടുമുള്ള ഒരു അഭ്യര്‍ഥനയാണ്. ഈ ആത്മഹത്യ നിരാശയെ ആയിരിക്കരുത് ഉത്പാദിപ്പിക്കുന്നത്; രോഷത്തെയായിരിക്കണം.
അംബേദ്കറുടെ ചിന്തകളെ സവര്‍ണ/ബ്രാഹ്മണാധികാര ശക്തികള്‍ ഇപ്പോഴും ഏറെ ഭയക്കുന്നുണ്ട്. വിശാല ഹിന്ദു ഐക്യത്തിന്റെ ഭാഗമായി അംബേദ്കറെ തങ്ങളും പ്രശംസിക്കുന്നതായി നടിക്കുമ്പോഴും സത്യത്തില്‍ അദ്ദേഹത്തിന്റെ നിരീക്ഷണങ്ങളെയും കാഴ്ചപ്പാടുകളെയും തടയാനുള്ള നീക്കങ്ങള്‍ വ്യാപകമാണ്. ഈയിടെ ഡല്‍ഹിയില്‍ നടന്ന പ്രശസ്തമായ ദില്ലി ബുക്ക് ഫെയറില്‍ അംബേദ്കറുടെ സമ്പൂര്‍ണ കൃതികള്‍ വില്‍പ്പനക്കു വെച്ചപ്പോള്‍, അതില്‍ നിന്ന് ജാതിയുടെ ഉന്മൂലനം, ഹിന്ദുയിസത്തിലെ പ്രഹേളികകള്‍, ഭരണകൂടവും ന്യൂനപക്ഷങ്ങളും, ശൂദ്രജനതയും പ്രതിവിപ്ലവവും, മഹിളകളും പ്രതിവിപ്ലവവും എന്നീ ഭാഗങ്ങള്‍ ഒഴിവാക്കപ്പെട്ടതായി ദിലീപ് മണ്ഡല്‍, സബ്‌രംഗ് വാര്‍ത്താ പോര്‍ട്ടലില്‍ എഴുതിയ കുറിപ്പില്‍ തുറന്നുകാട്ടിയിരിക്കുന്നു.
രോഹിത്, വിട. ഇങ്ക്വിലാബ് സിന്ദാബാദ്, ലാല്‍സലാം. ജയ് ഭീം കോമ്രേഡ്.

LEAVE A REPLY

Please enter your comment!
Please enter your name here