Connect with us

Kasargod

തീവണ്ടികളിലും റെയില്‍വെ സ്റ്റേഷനുകളിലും സുരക്ഷാ പരിശോധന കര്‍ശനമാക്കി

Published

|

Last Updated

കാസര്‍കോട്: പത്താന്‍കോട്ട് ഭീകരാക്രമണവും റിപ്പബ്ലിക് ദിനാഘോഷവും കണക്കിലെടുത്ത് കേരളത്തിലെ വടക്കന്‍ ജില്ലയില്‍ സുരക്ഷ ശക്തമാക്കുന്നു. മൂന്നുജില്ലകളില്‍ മുമ്പുണ്ടായിട്ടില്ലാത്ത വിധം സുരക്ഷാക്രമീകരണങ്ങളായിരിക്കും ഇക്കുറി ഒരുക്കുക. പോലീസിനും റെയില്‍വെ പ്രൊട്ടക്ഷന്‍ ഫോഴ്‌സിനും ഇതിന്റെ ഭാഗമായി ഉന്നതങ്ങലില്‍ നിന്നും കനത്ത ജാഗ്രതാ നിര്‍ദേശം ലഭിച്ചുകഴിഞ്ഞു. ഇതിന്റെ ഭാഗമായി ട്രെയിനുകളിലും റെയില്‍വെ സ്‌റ്റേഷനുകളിലും പരിശോധന കര്‍ശനമാക്കി. റെയില്‍വെ പ്രൊട്ടക്ഷന്‍ ഫോഴ്‌സിന്റെ ബോംബ് സ്‌ക്വാഡ് കോഴിക്കോട് യൂണിറ്റിന്റെ നേതൃത്വത്തിലാണ് കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട് ജില്ലകളിലെ റെയില്‍വെ സ്‌റ്റേഷനുകള്‍ കേന്ദ്രീകരിച്ച് പരിശോധന കര്‍ശനമാക്കിയത്.
സ്‌റ്റേഷനുകളിലെത്തുന്ന ട്രെയിനുകള്‍ കേന്ദ്രീകരിച്ചും പരിശോധന നടത്തി വരികയാണ്. കോഴിക്കോട് നിന്നും എ എസ് ഐ ഷാജുതോമസിന്റെ നേതൃത്വത്തില്‍ എത്തിയ ബോംബ് സ്‌ക്വാഡ് കഴിഞ്ഞ ദിവസം കാസര്‍കോട് റോയില്‍വെ സ്‌റ്റേഷനില്‍ പരിശോധന നടത്തി. ബോംബുകള്‍ കണ്ടെത്തുന്നതില്‍ വൈദഗ്ധ്യം തെളിയിച്ച ലില്ലി എന്ന നായയും സ്‌ക്വാഡിനൊപ്പം ഉണ്ടായിരുന്നു. യാത്രക്കാരുടെ ലഗേജുകളെല്ലാം വിശദമായി പരിശോധിച്ച സ്‌ക്വാഡ്, കാസര്‍കോട് റെയില്‍വെ സ്‌റ്റേഷനില്‍ എത്തിയ ദീര്‍ഘദൂര ട്രെയിനുകളിലും പരിശോധന നടത്തി.
പത്താന്‍കോട്ട് ഭീകരാക്രമണത്തിന്റെയും റിപ്പബ്ലിക് ദിനാഘോഷത്തിന്റെയും ഭാഗമായാണ് പരിശോധന നടത്തുന്നതെന്ന് ആര്‍ പി എഫ് ബോംബ് സ്‌ക്വാഡ് എ എസ് ഐ ഷാജു തോമസ് വിശദീകരിച്ചു.
ഹെഡ് കോണ്‍സ്റ്റബിള്‍മാരായ റസല്‍, മനോജ്, കോണ്‍സ്റ്റബിള്‍മാരായ ശശിധരന്‍, സന്തോഷ് എന്നിവരും കാസര്‍കോട് ആര്‍ പി എഫ് എ എസ് ഐ രാജന്‍. ഹെഡ് കോണ്‍സ്റ്റബിള്‍ തമ്പി, കോണ്‍സ്റ്റബിള്‍ ചിത്രജന്‍ എന്നിവരും പരിശോധനയില്‍ പങ്കെടുത്തു.ജില്ലയിലെ മറ്റു റെയില്‍വെ സ്റ്റേഷനുകളിലും ബസ് സ്റ്റാന്‍ഡുകളിലും ലോഡ്ജുകളിലും വരും ദിവസങ്ങളിലും പരിശോധനകള്‍ ശക്തമാക്കുമെന്നും ബന്ധപ്പെട്ടവര്‍ പറഞ്ഞു.

---- facebook comment plugin here -----

Latest