Connect with us

Kerala

കൗമാര പ്രതിഭകളെ വരവേല്‍ക്കാന്‍ തലസ്ഥാനം അണിഞ്ഞൊരുങ്ങി

Published

|

Last Updated

തിരുവനന്തപുരം: കൗമാര കലോത്സവത്തിന് ഇന്ന് തിരശീല ഉയരും. ഇന്ന് മുതല്‍ തലസ്ഥാന നഗരിയിലെ 19 വേദികളിലായി 25 വരെയാണ് കലോല്‍സവം.
ഇന്ന് ഉച്ചകഴിഞ്ഞു വര്‍ണവിസ്മയം തീര്‍ക്കുന്ന സാംസ്‌കാരിക ഘോഷയാത്രയോടെയാണു കലോല്‍സവത്തിന് തുടക്കമാകുന്നത്. ഉച്ചകഴിഞ്ഞു മൂന്നിനു പാളയം ആശാന്‍ സ്‌ക്വയറില്‍ നിന്ന് ആരംഭിക്കും. ഫ്‌ളോട്ടുകള്‍ അടക്കമുള്ള വിവിധ കലാരൂപങ്ങള്‍ അണിനിരക്കും.
സംസ്ഥാനത്തെമ്പാടുമുള്ള 12,000-ത്തോളം കലാപ്രതിഭകള്‍ സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ മാറ്റുരയ്ക്കും. പുത്തരിക്കണ്ടത്തെ പ്രധാന വേദിയിലാണ് ഉദ്ഘാടനം. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മന്ത്രിമാരായ പി കെ അബ്ദുറബ്, വി എസ് ശിവകുമാര്‍ എന്നിവര്‍ പങ്കെടുക്കും. പ്രമുഖ സിനിമാതാരങ്ങളും ഉദ്ഘാടന സമ്മേളനത്തിലുണ്ടാകും. പുത്തരിക്കണ്ടത്തെ പ്രധാന വേദിയുടെ നിര്‍മാണം പൂര്‍ത്തിയായി കലോത്സവ സംഘാടക സമിതിക്ക് കൈമാറി.
വിവിധ ജില്ലകളില്‍ നിന്നു തിരുവനന്തപുരത്ത് എത്തുന്ന മത്സരാര്‍ഥികളെ യഥാസ്ഥലങ്ങളില്‍ എത്തിക്കാനുള്ള ക്രമീകരണങ്ങളും പൂര്‍ത്തിയായി. ട്രയിനില്‍ തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തുന്നവരെയും ബസില്‍ തമ്പാനൂര്‍ കെ എസ് ആര്‍ ടി സി സ്റ്റാന്‍ഡില്‍ എത്തുന്ന മത്സരാര്‍ഥികളെയും കൊണ്ടുപോകാന്‍ റെയില്‍വേ സ്റ്റേഷന്‍ ഭാഗത്തു വാഹനങ്ങള്‍ ക്രമീകരിക്കും. വിവിധ സ്‌കൂളുകളില്‍ നിന്നുള്ള 20 ബസുകളുമാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. ഊട്ടുപുരയിലേക്കും മറ്റു വേദികളിലേക്കും എത്തിപ്പെടാനുള്ള വാഹന സൗകര്യവും ഒരുക്കിയിട്ടുണ്ട്.
ഇത്രയധികം വിദ്യാര്‍ഥികളും രക്ഷിതാക്കളും നഗരത്തില്‍ എത്തിച്ചേരുമ്പോഴുണ്ടാകുന്ന ക്രമസമാധാന പ്രശ്‌നങ്ങളും ഗതാഗത പ്രശ്‌നങ്ങളും പരിഹരിക്കാന്‍ വന്‍ പോലീസ് സന്നാഹവും ഒരുക്കിയിട്ടുണ്ട്. ഗതാഗത നിയന്ത്രണത്തിനായി കുട്ടിപ്പോലീസിന്റെ സേവനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
സംസ്ഥാന സ്‌കൂള്‍ കലോത്സവ മത്സരങ്ങള്‍ക്കിടയില്‍ കറന്റ് കട്ട് ഉണ്ടാകാതിരിക്കാന്‍ സംവിധാനവും ഏര്‍പ്പെടുത്തി. ഇതിന്റെ ഭാഗമായി എല്ലാ വേദികളിലും പവര്‍ യൂണിറ്റുകളുടെ സഹായത്തോടെയാണു വൈദ്യുതി നല്‍കുന്നത്. ഇതിനാല്‍ മത്സരത്തിനിടയില്‍ വൈദ്യുതി തടസം മൂലം പരിപാടിക്കു ബുദ്ധിമുട്ട് ഉണ്ടാകാതെ നോക്കാന്‍ കഴിയും.