തൊഴില്‍ വിസയില്‍ വരുന്നവരില്‍ കിഡ്‌നി രോഗ പരിശോധന നടത്തും

Posted on: January 19, 2016 8:25 pm | Last updated: January 19, 2016 at 8:25 pm
SHARE

kidniദോഹ: രാജ്യത്തേക്ക് തൊഴില്‍, റസിഡന്‍സ് വിസയില്‍ വരുന്നവര്‍ക്ക് നടത്തുന്ന മെഡിക്കല്‍ പരിശോധനയില്‍ കിഡ്്‌നി രോഗവും ഉള്‍പ്പെടുത്തും. രോഗമുള്ളതായി കണ്ടെത്തിയാല്‍ റസിഡന്‍സ് പെര്‍മിറ്റ് അനുവദിക്കാതെ നാട്ടിലേക്ക് തിരിച്ചയക്കുന്നെ് ഖത്വര്‍ മെഡിക്കല്‍ കമ്മീഷന്‍ ഡയറക്ടര്‍ ഇബ്‌റാഹിം അല്‍ ശാര്‍ അറിയിച്ചു. വിദേശികള്‍ക്കുള്ള മെഡിക്കല്‍ പരിശോനയില്‍ ക്ഷയം, ഹെപറ്റൈറ്റിസ് സി (കരള്‍ രോഗം) എന്നിവയ്ക്കുള്ള നൂതന പരിശോധനകളും ഉള്‍പ്പെടുത്തും.
രക്തം, മൂത്രം എന്നിവയുടെ പരിശോധനയിലൂടെയാണ് കിഡ്‌നി രോഗം കണ്ടെത്തുക. പകര്‍ച്ചവ്യാധിയല്ലാത്ത രോഗങ്ങള്‍ പരിശോധനയില്‍ ഉള്‍പ്പെടുത്തുന്നത് ഇതാദ്യമാണ്. ഡയാലിസിസ് ആവശ്യമായ കിഡ്്‌നി തകരാര്‍ രാജ്യത്ത് വര്‍ധിച്ചു വരുന്നതായി ഹമദ് ജനറല്‍ ഹോസ്പിറ്റില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പുതിയ പരിശോധനാ രീതികള്‍ കൊണ്ടു വരുന്നത്. നേരത്തേ ഹമദ് കോര്‍പറേഷന്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് പ്രകാരം രാജ്യത്തെ 13 ശതമാനം പേര്‍ കിഡ്‌നി രോഗബാധിതരാണ്. വര്‍ഷം 250-300 പേര്‍ ഡയാലിസിസിന് വിധേയരാകുന്നു.
നിലവില്‍ എയ്ഡ്‌സ്, ക്ഷയം, ഹെപറ്റൈറ്റിസ് ബി, സി എന്നിവയാണ് മെഡിക്കല്‍ പരിശോധനയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. സിഫിലിസിനുള്ള(പറങ്കിപ്പുണ്ണ്) പരിശോധനയും കൂട്ടിച്ചേര്‍ത്തതായി ഉന്നത ആരോഗ്യ സമിതി അറിയിച്ചു. ഇതില്‍ ഏതെങ്കിലും രോഗം ഉള്ളതായി മെഡിക്കല്‍ കമ്മീഷന്‍ പരിശോധനയില്‍ സംശയം തോന്നിയാല്‍ ബന്ധപ്പെട്ട സര്‍ക്കാര്‍ വകുപ്പ് വിവരം പ്രവാസിയുടെ സ്‌പോണ്‍സറെ അറിയിക്കും. കൃത്യമായ ഫലം ലഭിക്കുന്നതിനു വേണ്ട തുടര്‍ പരിശോധന നടത്താനുള്ള ഉത്തരവാദിത്തം സ്‌പോണ്‍സര്‍ക്കായിരിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here