നാലു തമിഴ്‌നാട് സ്വദേശികള്‍ ഖത്വര്‍ കോസ്റ്റ്ഗാര്‍ഡിന്റെ പിടിയില്‍

Posted on: January 19, 2016 8:24 pm | Last updated: January 19, 2016 at 8:24 pm

ദോഹ: സമുദ്രാതിര്‍ത്തി ലംഘിച്ചതിനെത്തുടര്‍ന്ന് സഊദി അറേബ്യയില്‍ നിന്നുള്ള മത്സ്യബന്ധനത്തൊഴിലാളികളായ നാലു പേരെ ഖത്വര്‍ കോസ്റ്റ്ഗാര്‍ഡ് പിടികൂടി. അധികൃതരെ ഉദ്ധരിച്ച് ഇന്ത്യന്‍ ദേശീയ മാധ്യമങ്ങളാണ് വാര്‍ത്ത പ്രസിദ്ധീകരിച്ചത്.
കന്യാകുമാരി ജില്ലയിലെ മുട്ടം സ്വദേശികളായ എല്‍ ജെറാള്‍ഡ് (38), ആര്‍ ശീലന്‍ (38), നാഗപട്ടണം സ്വദേശി ആര്‍ തിരുമുഖന്‍, തിരുനെല്‍വേലി ജില്ലയിലെ ഏര്‍വാടി സ്വദേശി പി വസീഗന്‍ (33) എന്നിവരാണ് അറസ്റ്റിലായതെന്ന് റിപ്പോര്‍ട്ട് പറയുന്നു. ഈ മാസം അഞ്ചിനാണ് ഇവര്‍ സഊദി അറേബ്യയിലെ ദാരിനില്‍ നിന്ന് പുറപ്പെട്ടത്. പേര്‍ഷ്യന്‍ ഉള്‍ക്കടലില്‍ മത്സ്യബന്ധനത്തിലേര്‍പ്പെട്ടിരിക്കേയാണ് ഖത്വര്‍ കോസ്റ്റ്ഗാര്‍ഡ് അറസ്റ്റ് ചെയ്തത്.
ഞായറാഴ്ച പിടിക്കപ്പെട്ട തമിഴ്‌നാട്ടുകാര്‍ ഇന്റര്‍നാഷനല്‍ ഫിഷര്‍മെന്‍ ഡവലപ്്‌മെന്റ് ട്രസ്റ്റ് പ്രതിനിധി പി ജസ്റ്റിന്‍ ആന്റണിയുമായി ബന്ധപ്പെട്ടു. സഊദി-ബഹ്‌റൈന്‍ അതിര്‍ത്തിയില്‍ വെച്ചാണ് തങ്ങളെ പിടികൂടിയതെന്ന് തൊഴിലാളികള്‍ പറഞ്ഞതായി ജസ്റ്റിന്‍ ആന്റണി പറഞ്ഞു.
ഖത്വറിലെ ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥര്‍ തൊഴിലാളികളെ സന്ദര്‍ശിച്ചു. സഊദി അറേബ്യയിലുള്ള ഇവരുടെ സ്‌പോണ്‍സര്‍ മോചനത്തിനു വേണ്ടി നിയമപരമായ ഇടപെടല്‍ നടത്തുന്നുണ്ട്. ഈ മാസം 31നാണ് കോടതിയില്‍ അടുത്ത വാദം കേള്‍ക്കല്‍. അതിന് ശേഷം തൊഴിലാളികള്‍ മോചിതരാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.