Connect with us

Qatar

ഓണ്‍ലൈന്‍ സേവനങ്ങള്‍ വൈകുന്നു; പരിശോധിക്കാന്‍ ശൂറ കൗണ്‍സില്‍ നിര്‍ദേശം

Published

|

Last Updated

ദോഹ : രാജ്യത്ത് വിവിധ മന്ത്രാലയങ്ങളും സര്‍ക്കാര്‍ വകുപ്പുകളും സേവനങ്ങള്‍ ഓണ്‍ലൈനിലേക്കു മാറ്റിയപ്പോള്‍ കാലതാമസം നേരിടുന്നതായി പരാതി. കെട്ടിടങ്ങള്‍ക്കും സ്ഥാപനങ്ങള്‍ക്കും സുരക്ഷാ അനുമതി നല്‍കുന്നതിനുള്ള സിവില്‍ ഡിഫന്‍സ് സര്‍ട്ടിഫിക്കറ്റ് സംവിധാനത്തിനെതിരെ ഉയര്‍ന്ന വ്യാപക പരാതി ഇന്നലെ ചേര്‍ന്ന ശൂറ കൗണ്‍സില്‍ യോഗം ചര്‍ച്ച ചെയ്തു. ഇതുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തി റിപ്പോര്‍ട്ട് തയാറാക്കാന്‍ ഇന്റേണല്‍ ആന്‍ഡ് എക്‌സ്റ്റേണല്‍ വിഭാഗത്തോട് ശൂറ കൗണ്‍സില്‍ ആവശ്യപ്പെട്ടതായി ഖത്വര്‍ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
എന്നാല്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ ഓണ്‍ലൈന്‍ സേവനങ്ങളെക്കുറിച്ചും വൈകല്‍ പരാതിയുണ്ട്. ഓണ്‍ലൈനില്‍ അപേക്ഷ സമര്‍പ്പിച്ച ശേഷം പ്രതികരണം ലഭിക്കാത്തതിനെത്തുടര്‍ന്ന് നേരിട്ട് ഓഫീസുകളില്‍ ചെന്ന് മാന്വല്‍ ആയി അപേക്ഷ സമര്‍പ്പിക്കേണ്ട സാഹര്യമുണ്ടെന്ന് സേവന രംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു. ഓഫീസുകള്‍ സന്ദര്‍ശിക്കാതെയും ഇടനിലക്കാരുടെ സഹായമില്ലാതെയും വിവിധ സര്‍ക്കാര്‍ സേവനങ്ങള്‍ സ്വീകരിക്കുന്നതിന് ഓണ്‍ലൈന്‍ സംവിധാനം ഏറെ സഹായകമാണ്. എന്നാല്‍, സാങ്കേതിക പ്രശ്‌നങ്ങളെത്തുടര്‍ന്നുള്ള വൈകല്‍ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങളെ സാരമായി ബാധിക്കുന്നു. പുതുതായി ഓണ്‍ലൈനിലേക്കു മാറിയ സേവനങ്ങളാണ് വൈകുന്നത്. സിവില്‍ ഡിഫന്‍സ് ഇതില്‍ ഉള്‍പ്പെട്ടതാണ്.
വിസ സംബന്ധമായ സേവനങ്ങള്‍ ലഭ്യമാക്കുന്ന ആഭ്യന്തര മന്ത്രാലയം ഓണ്‍ലൈന്‍ പോര്‍ട്ടല്‍ നന്നായി പ്രവര്‍ത്തിച്ചു വരുന്നുണ്ട്. കൊമേഴ്‌സ്യല്‍ രജിസ്‌ട്രേഷന്‍, മുനിസിപ്പാലിറ്റി സേവനങ്ങള്‍ എന്നിവയാണ് വൈകുന്നത്. സിവില്‍ ഡിഫന്‍സില്‍നിന്നും സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ വൈകുന്നത് രാജ്യത്ത് ബിസിനസ് സ്ഥാപനങ്ങള്‍ തുടങ്ങുന്നതിന് കാലതാമസം നേരിടുകയാണെന്നാണ് പരാതിയെന്ന് ശൂറ കൗണ്‍സിലിനെ ഉദ്ധരിച്ച് ക്യു എന്‍ എ റിപ്പോര്‍ട്ട് ചെയ്യുന്നു. രാജ്യത്ത് പുതുതായി സ്ഥാപനം തുടങ്ങുന്നതിനും ലൈസന്‍സുകള്‍ പുതുക്കുന്നതിനും ചുരുങ്ങിയത് അഞ്ചു സര്‍ക്കാര്‍ വിഭാഗങ്ങളില്‍ നിന്നുള്ള അനുമതികള്‍ നേടേണ്ടതുണ്ട്. കൊമേഴ്‌സ്യല്‍ രജിസ്‌ട്രേഷനാണ് പ്രഥമം. ശേഷം മതിയായ കെട്ടിടത്തോടുകൂടി മുന്‍സിപ്പാലിറ്റി ലൈസന്‍സ് എടുക്കണം. മുന്‍സിപ്പാലിറ്റി ലൈസന്‍സ് നേടുന്നതിന് സിവില്‍ ഡിഫന്‍സ് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്. ശേഷം വിസ ഇടപാടുകള്‍ക്കായി ആഭ്യന്തര മന്ത്രാലയത്തില്‍ നിന്നും കമ്പ്യൂട്ടര്‍ കാര്‍ഡ് ശരിയാക്കണം. തുടര്‍ന്നാണ് തൊഴില്‍ മന്ത്രാലയവുമായി ബന്ധപ്പെട്ട് വിസ നടപടികളിലേക്ക് കടക്കുന്നത്. ഇതില്‍ എം ഒ ഐ അല്ലാത്ത വകുപ്പുകളിലെല്ലാം സേവനങ്ങള്‍ ഭദ്രമല്ലെന്നാണ് അനുഭവസ്ഥര്‍ പറയുന്നത്. ഇതൂമൂലം ഓണ്‍ലൈനില്‍ സേവനങ്ങള്‍ക്ക് സമര്‍പ്പിച്ചാലും ഓഫീസുകളില്‍ നേരിട്ട് ഹാജാരാകേണ്ട അവസ്ഥയാണുള്ളതെന്ന് കമ്പനി പി ആര്‍ ഒമാര്‍ പറയുന്നു.
അതേസമയം, കൂടുതല്‍ സേവനങ്ങള്‍ ഇലക്‌ട്രോണിക്‌വത്കരിക്കാനുള്ള തയ്യാറെടുപ്പിലാണ് സര്‍ക്കാര്‍ വകുപ്പുകള്‍. വര്‍ഷാവസാനത്തോടെ പുതിയ തൊഴില്‍ നിയമം രാജ്യത്ത് നടപ്പിലാകുമ്പോള്‍ എക്‌സിറ്റ് പെര്‍മെറ്റിനുള്ള അപേക്ഷയുള്‍പ്പെടെ ഓണ്‍ലൈനിലാകും സ്വീകരിക്കുകയെന്ന് അധികൃര്‍ വ്യക്തമാക്കിയിട്ടുണ്ട്.