Connect with us

Gulf

മൂന്നിലൊന്നു വിദേശികളും നിര്‍മാണ രംഗത്ത്; മൂന്നില്‍ രണ്ടിനും ഹൈസ്‌കൂള്‍ വിദ്യാഭ്യാസമില്ല

Published

|

Last Updated

ദോഹ: രാജ്യത്ത് ജോലി ചെയ്യുന്ന വിദേശികളില്‍ മൂന്നിലൊന്ന് പേരും നിര്‍മാണ മേഖലയില്‍. ഇതില്‍ വലിയൊരു ശതമാനം പേര്‍ക്കും അടിസ്ഥാന വിദ്യാഭ്യാസമില്ല. മൂന്നില്‍ രണ്ടുപേരും ഹൈസ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കാത്തവരാണെന്നും ഖത്വര്‍ ഡവലപ്‌മെന്റ് പ്ലാനിംഗ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക് മന്ത്രാലയം പ്രസിദ്ധപ്പെടുത്തിയ പുതിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
2014ലെ കണക്ക് അനുസരിച്ച് 633,823 വിദേശികളാണ് രാജ്യത്തെ നിര്‍മാണ മേഖലയില്‍ ജോലി ചെയ്യുന്നത്. ഇതില്‍ സ്ത്രീകളും പുരുഷന്‍മാരുമുണ്ട്. 2013ല്‍ 568,405 പേര്‍ മാത്രമാണ് ഈ രംഗത്ത് പ്രവര്‍ത്തിച്ചിരുന്നത്. സ്വദേശികള്‍ക്കിടയില്‍ തൊഴിലില്ലായ്മ കുറച്ചു കൊണ്ടുവരാന്‍ കഴിഞ്ഞതായും റിപ്പോര്‍ട്ട് അറിയിക്കുന്നു. 2014ല്‍ 826 പേര്‍ മാത്രമാണ് രജിസ്റ്റര്‍ ചെയ്ത തൊഴില്‍രഹിതര്‍. തൊട്ടു മുന്‍വര്‍ഷം ഇത് 1,429 ആയിരുന്നു. തൊഴില്‍രഹിതരില്‍ സ്ത്രീകളാണ് മുന്നില്‍.
അതേസമയം, രാജ്യത്തെ തൊഴില്‍ മേഖലയില്‍ സ്ത്രീകളുടെ ശരാശരി ശമ്പളത്തോത് പുരുഷന് ലഭിക്കുന്ന ശമ്പളത്തിന്റെ 85.3 ശതമാനമായി ഉയര്‍ന്നു. നേരത്തേ ഇത് 77.3 ശതമാനമായിരുന്നു. ലോക സാമ്പത്തിക ഫോറത്തിന്റെ കഴിഞ്ഞ വര്‍ഷത്തെ റിപ്പോര്‍ട്ടില്‍ സ്ത്രീകളുടെയും പുരുഷന്‍മാരുടെയും വേതനങ്ങള്‍ തമ്മിലുള്ള അകലം കൂടുതലാണെന്നും സ്ത്രീയും പുരുഷനും നിര്‍വഹിക്കുന്ന ഒരേ ജോലിയുടെ മികവ് പരിശോധിച്ചാല്‍ ഇതു ബോധ്യപ്പെടുമെന്നും അഭിപ്രായപ്പെട്ടിരുന്നു.
എന്നാല്‍, ഖത്വറില്‍ കൂടുതല്‍ സമയം ജോലി ചെയ്യുന്ന തൊഴില്‍ വിഭാഗം വീട്ടുവേലക്കാരാണ്. ആഴ്ചയില്‍ ശരാശരി 57 മണിക്കൂര്‍ ഇവര്‍ ജോലി ചെയ്യുന്നു. പുരുഷന്‍മാരെക്കാള്‍ സ്ത്രീകള്‍ രണ്ടു മണിക്കൂര്‍ അധികം ജോലി ചെയ്യുന്നതായും റിപ്പോര്‍ട്ടിലുണ്ട്. ഗവണ്‍മെന്റ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥര്‍, അധ്യാപകര്‍, മെഡിക്കല്‍ ജീവനക്കാര്‍ എന്നിവരുടെ ആഴ്ചയിലെ ജോലി സമയം 40 മണിക്കൂറാണ്. ദിവസം എട്ടു മണിക്കൂര്‍ വീതം ആഴ്ചയില്‍ അഞ്ചു ദിവസമാണ് ഇവരുടെ ജോലി സമയം. വീട്ടുജോലിക്കാര്‍ തൊഴില്‍ നിയമത്തിന്റെ പരിധിയില്‍ വരാത്ത വിഭാഗമാണ്. അതുകൊണ്ടു തന്നെ അവരുടെ പരമാവധി ജോലി സമയം സംബന്ധിച്ച് നിയന്ത്രണങ്ങളില്ല.
രാജ്യത്ത് സര്‍ക്കാര്‍ മേഖലയില്‍ ജോലി ചെയ്യുന്നവരുടെ ശരാശരി ശമ്പളം 24,894 റിയാലാണ്. എന്നാല്‍ വീട്ടു ജോലിക്കാരുടെ ശമ്പളം 2,742 റിയാല്‍ മാത്രമാണെന്ന് റിപ്പോര്‍ട്ട് അറിയിക്കുന്നു. രാജ്യത്തെ വീട്ടുജോലിക്കാരുടെ പ്രശ്‌നങ്ങള്‍ ശ്രദ്ധയില്‍പെട്ട സര്‍ക്കാര്‍ നിയമഭേദഗതിക്കു ശ്രമം നടത്തിയിരുന്നു. എന്നാല്‍ വീട്ടുവേലക്കാരുടെ തൊഴില്‍ നിയമം സംബന്ധിച്ച് ജി സി സി അടിസ്ഥാനത്തില്‍ ധാരണയും കരാറും ഉണ്ടാക്കാനുള്ള ചര്‍ച്ചകള്‍ ഉയര്‍ന്നതിനാല്‍ നടക്കാതെ പോകുകയായിരുന്നു. ജോലി സമയം, മിനിമം വേതനം തുടങ്ങിയവ വ്യവസ്ഥ ചെയ്യുന്ന നിയമത്തെക്കുറിച്ചാണ് ചര്‍ച്ചകള്‍ നടന്നതെന്ന് ദോഹ ന്യൂസ് അഭിപ്രായപ്പെട്ടു.