Connect with us

Organisation

രോഹിത് വെമുല സംഘ്പരിവാര്‍ അസഹിഷ്ണുതയുടെ ഇര: എസ് എസ് എഫ്

Published

|

Last Updated

തിരുവനന്തപുരം : ഹൈദരാബാദ് സര്‍വ്വകലാശാലയിലെ ഗവേഷക വിദ്യാര്‍ത്ഥി രോഹിത് വെമുലയുടെ ആത്മഹത്യ ഇന്ത്യയിലെ സംഘ്പരിവാറിന്റെ തനിനിറം തുറന്നുകാട്ടുന്നതായി എസ് എസ് എഫ് സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ അഭിപ്രായപ്പെട്ടു. ബി ജെ പിയുടെ വിദ്യാര്‍ത്ഥി സംഘടനയായ എബി വി പിയുമായി സംഘര്‍ഷത്തിലേര്‍പ്പെട്ടുവെന്ന കുറ്റം ചുമത്തിയാണ് രോഹിത് ഉള്‍പ്പെടെ അഞ്ചു വിദ്യാര്‍ത്ഥികളെ കേന്ദ്ര മാനവ വിഭവ ശേഷി വകുപ്പിന്റെ നിര്‍ദേശ പ്രകാരം സര്‍വ്വകലാശാലയില്‍ നിന്നു പുറത്താക്കിയത്. വിമര്‍ശകരെയും എതിരാളികളെയും നിശബ്ദരാക്കുകയെന്ന ഫാഷിസ്റ്റ് ശൈലിയാണ് വിദ്യാര്‍ത്ഥികള്‍ക്കു നേരെ പ്രയോഗിച്ചത്. രാജ്യത്ത് ശക്തിപ്പെടുന്ന സംഘ്പരിവാര്‍ അസഹിഷ്ണുതയുടെ ഇരയാണ് രോഹിത് വെമുല. സവര്‍ണ പ്രത്യയശാസ്ത്രത്തിലധിഷ്ഠിതമായ ഫാഷിസ്റ്റ് ഭരണകൂടത്തിനു കീഴില്‍ ദളിത് സമൂഹത്തിന്റെ അവസ്ഥ എന്തായിരിക്കുമെന്നതിന്റെ ഉത്തരം കൂടിയാണ് ഈ ഗവേഷക വിദ്യാര്‍ത്ഥിയോട് സംഘ്പരിവാര്‍ സ്വീകരിച്ച മനുഷ്യത്വരഹിതമായ സമീപനം. ജാതിയില്‍ താഴ്ന്നവരോട് കാട്ടുന്ന അസ്പൃശ്യതയാണ് രോഹിതിന്റെ പുറത്താക്കലില്‍ കലാശിച്ചത്. ജീവിക്കാനുള്ള അവകാശം ഉറപ്പ് വരുത്തേണ്ട ഭരണകൂടം തെറ്റായ നടപടികളിലൂടെ പൗരന്‍മാരുടെ ജീവനെടുക്കുന്ന കാഴ്ചയാണ് ഇന്ത്യയില്‍ പ്രകടമാകുന്നത്. ഹരിയാനയില്‍ ദളിത് കുട്ടികളെ ചുട്ടുകൊന്ന കാടത്തത്തിന് തുല്യമായ അതിക്രമമാണിത്. ദളിതര്‍ക്കും പിന്നാക്ക വിഭാഗക്കാര്‍ക്കുമെതിരായ പ്രതികാര നടപടികള്‍ സംഘ്പരിവാര്‍ അവസാനിപ്പിക്കണം. രോഹിത് വെമുലയെ കൊലക്കുകൊടുത്ത ആര്‍ എസ് എസ് കൈരാതത്തിനെതിരെ വിദ്യാര്‍ത്ഥി സമൂഹം ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്നും പ്രസ്താവനയില്‍ എസ് എസ് എഫ് ആവശ്യപ്പെട്ടു.

Latest