Connect with us

Gulf

ഈ വര്‍ഷം സാമ്പത്തിക അച്ചടക്കം അനിവാര്യം

Published

|

Last Updated

ദുബൈ പ്രവാസികളില്‍ 30 ശതമാനം പേര്‍ക്ക് സമ്പാദ്യം സാധ്യമാകുന്നില്ലെന്ന് പഠനം. 53 ശതമാനം പേര്‍ ഭാവിയെക്കുറിച്ച് ശുഭ പ്രതീക്ഷ വെച്ചുപുലര്‍ത്തുന്നില്ല. ദിനംപ്രതി ജീവിതച്ചെലവ് വര്‍ധിക്കുന്നതാണ് കാരണം.
രണ്ടു മാസത്തിനിടയില്‍ 2,200 ഓളം പേര്‍ക്കിടയില്‍ നടത്തിയ അന്വേഷണഫലമാണിത്. പ്രവാസികള്‍ ഭൂരിപക്ഷം പേരും നിരാശരാണെന്ന് പഠനം നടത്തിയ കോമ്പയര്‍ ഇറ്റ് ഫോര്‍ മി സ്ഥാപനത്തിന്റെ സി ഇ ഒ ജോണ്‍ റിച്ചാര്‍ഡ്‌സ് വ്യക്തമാക്കി. കഴിഞ്ഞ വര്‍ഷം 3.99 ശതമാനമാണ് പണപ്പെരുപ്പം. വാടക, വൈദ്യുതി, വെള്ളം, പാചക വാതകം, വീട്ടുപകരണങ്ങള്‍ എന്നിവയുടെ നിരക്ക് വര്‍ധിച്ചു.
നാട്ടിലേതിനെക്കാള്‍ കൂടുതല്‍ വരുമാനം ഇവിടെ ലഭിക്കുമെന്ന് കണ്ടാണ് പലരും ഇങ്ങോട്ടു വരുന്നത്. ലഭിക്കുന്നുണ്ടെന്നത് യാഥാര്‍ഥ്യവുമാണ്. പക്ഷേ, ചെലവ് കുത്തനെ ഉയരുന്നതാണ് അങ്കലാപ്പിലാക്കുന്നത്, പലയിടത്തും കെട്ടിടങ്ങള്‍ ഒഴിഞ്ഞുകിടക്കുമ്പോഴും വാടക കുറയുന്നില്ല. നഗരത്തില്‍ നിന്ന് അല്‍പം മാറി, വാടക കുറഞ്ഞയിടത്ത് താമസിക്കാമെന്ന് വെച്ചാല്‍ യാത്രാചെലവ് വര്‍ധിക്കും. വാഹനം ഉള്ളവര്‍ക്കാണെങ്കില്‍ പാര്‍ക്കിംഗ് ഫീസ് അടക്കം പലവിധ പ്രശ്‌നങ്ങള്‍.
കേരളീയരെ സംബന്ധിച്ച്, അധ്വാനിക്കാന്‍ തയ്യാറാണെങ്കില്‍ നാട്ടില്‍ തന്നെ സാമാന്യം വരുമാനം ലഭിക്കുന്ന കാലമാണ്. നിര്‍മാണ മേഖലയില്‍ പണിയെടുക്കുന്നവര്‍ക്ക് ശരാശരി 500 രൂപക്ക് മേലെ പ്രതിദിനം ലഭിക്കും. ജോലിക്കാരെ കിട്ടാനില്ലെന്ന ആവലാതിയാണെങ്ങും. മനസില്ലാ മനസ്സോടെയാണ് മറുനാടന്‍ തൊഴിലാളികളെ പലരും ആശ്രയിക്കുന്നത്. നാട്ടില്‍, താഴ്ന്ന ജോലി ചെയ്യില്ലെന്ന ദുരഭിമാനമാണ് മിക്കവരെയും കടല്‍കടക്കാന്‍ പ്രേരിപ്പിച്ചത്. വിദേശത്താകുമ്പോള്‍ എന്തു ജോലിയും ചെയ്യാം. അത് കൊണ്ടാണ്, മുണ്ടുമുറുക്കിയുടുത്തും പലരും ഗള്‍ഫില്‍ വര്‍ഷങ്ങളോളം ഭാരം ചുമക്കുന്നത്.
ദുബൈ പോലുള്ള നഗരങ്ങളില്‍ ധൂര്‍ത്തിന് ധാരാളം പഴുതുകളുണ്ട്. ചിലര്‍, തന്നെത്തന്നെ മറന്ന് ഇതില്‍ അഭിരമിക്കും. ക്രെഡിറ്റ് കാര്‍ഡുകള്‍ വ്യാപകമായി ഉപയോഗിക്കും. അവസാനം രക്ഷപ്പെടാന്‍ മാര്‍ഗമില്ലാതെ സ്വയം ശപിക്കും. സാമ്പത്തിക പ്രതിസന്ധി ലോകത്തെ വല്ലാതെ ബാധിച്ചിട്ടുണ്ട്. ദുബൈയിലും അതിന്റെ പ്രതിഫലനങ്ങളുണ്ട്. 2016 കഴിഞ്ഞുകിട്ടണമെന്നാണ് ഏവരുടെയും പ്രാര്‍ഥന. അടുത്തവര്‍ഷം ആദ്യത്തോടെ ആശങ്കയുടെ കാര്‍മേഘം ഒഴിഞ്ഞുപോകും. 2016ല്‍ വരുമാനം വര്‍ധിക്കാന്‍ സാധ്യതയില്ല. അത് കൊണ്ടുതന്നെ, ചെലവില്‍ അച്ചടക്കം പാലിക്കുക മാത്രമെ കരണീയമായിട്ടുള്ളൂ.
കെ എം എ

---- facebook comment plugin here -----

Latest