Connect with us

Gulf

സുസ്ഥിര സമ്പദ് വൈവിധ്യവത്കരണത്തിന് യു എ ഇ പ്രതിജ്ഞാബദ്ധം: ശൈഖ് മുഹമ്മദ്

Published

|

Last Updated

അബുദാബി: സുസ്ഥിര സാമ്പത്തിക വൈവിധ്യവത്കരണത്തിന് യു എ ഇ പ്രതിജ്ഞാബദ്ധമാണെന്ന് യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം പറഞ്ഞു. അബുദാബിയില്‍ സുസ്ഥിര വാരാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു ശൈഖ് മുഹമ്മദ്.
2021 യു എ ഇ ആസൂത്രണ പദ്ധതിയുടെ മുഖമുദ്ര തന്നെ സുസ്ഥിര സമ്പദ് വ്യവസ്ഥയാണ്. യു എ ഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‌യാന്റെ, സമര്‍ഥമായ നേതൃത്വത്തില്‍ പുനരുല്‍പാദക ഊര്‍ജ സാങ്കേതിക വിദ്യയുടെ വ്യാപനത്തോടെ ഇത് നേടിയെടുക്കും.
രാജ്യാന്തര സൗഹൃദത്തിന് ഒരു പ്രധാന വേദിയാണ് അബുദാബി സുസ്ഥിര വാരാചരണം. നൂതനാശയങ്ങളും പുരോഗതിയും രാജ്യത്തിന് വേണ്ടി കണ്ടെത്താനും കഴിയും- ശൈഖ് മുഹമ്മദ് പറഞ്ഞു. അബുദാബി കിരീടാവകാശിയും യു എ ഇ സായുധസേനാ ഉപമേധാവിയുമായ ജനറല്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാന്റെ സാന്നിധ്യത്തിലാണ് ഉദ്ഘാടനം നടന്നത്.
അബുദാബി നാഷനല്‍ എക്‌സിബിഷന്‍ സെന്ററില്‍ മസ്ദറിന്റെ ആഭിമുഖ്യത്തിലാണ് ചടങ്ങുകള്‍. 170 രാജ്യങ്ങളില്‍ നിന്ന് 33,000 പ്രതിനിധികള്‍ പങ്കെടുക്കുന്നുണ്ട്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് 60 ഓളം മന്ത്രിമാരും എത്തിയിട്ടുണ്ട്. ലോക ഭാവി ഊര്‍ജ സമ്മേളനം, രാജ്യാന്തര ജല ഉച്ചകോടി, രാജ്യാന്തര പുനരുല്‍പാദക ഊര്‍ജ ഏജന്‍സിയുടെ ജനറല്‍ അസംബ്ലി തുടങ്ങിയവ സുസ്ഥിര വാരാചരണത്തിന്റെ ഭാഗമായി നടക്കുന്നുണ്ട്.

Latest