Connect with us

Kerala

ലാവ്‌ലിന്‍ കേസ്:പ്രതികളെ കുറ്റവിമുക്തമാക്കിയ വിധി സംശയകരമെന്ന് ഹൈക്കോടതി

Published

|

Last Updated

കൊച്ചി: ലാവ്‌ലിന്‍ കേസില്‍ പിണറായി വിജയനടക്കമുളള പ്രതികളെ കുറ്റവിമുക്തമാക്കിയ കീഴ്‌കോടതി വിധിയുടെ നിലനില്‍പ് സംശയകരമാണെന്ന് ഹൈക്കോടതി. സര്‍ക്കാരിന്റെ ഉപഹര്‍ജി തീര്‍പ്പാക്കിയുളള വിധിപ്രസ്താവനത്തിലാണ് ഹൈക്കോടതിനിരീക്ഷണം .  സര്‍ക്കാര്‍ സമര്‍പ്പിച്ച റിവിഷന്‍ ഹര്‍ജിയില്‍ കോടതി പുറപ്പെടുവിച്ച വിധിയുടെ പകര്‍പ്പ് ഇ്ന്നാണ് പുറത്തുവന്നത്. പൊതുഖജനാവിന് നഷ്ടമുണ്ടായ കേസാണിത്. പ്രതികളെ വിചാരണ കൂടാതെ വെറുതെ വിട്ടെന്ന ആരോപണം ശരിയെങ്കില്‍ അതു പൊതുപ്രസക്തമാണെന്നും വിധിപ്രസ്താവത്തില്‍ പറയുന്നു.

ലാവ്‌ലിന്‍ കേസില്‍ പിണറായി വിജയനെ കുറ്റവിമുക്തനാക്കിയതിനെതിരെയുള്ള ഹര്‍ജി ഫെബ്രുവരി അവസാനവാരം പരിഗണിക്കാനാണ് ഹൈക്കോടതിയുടെ തീരുമാനം. കേസ് വേഗം പരിഗണിക്കണമെന്ന സര്‍ക്കാര്‍ അപേക്ഷ തീര്‍പ്പാക്കിയാണു ജസ്റ്റിസ് പി. ഉബൈദ് കഴിഞ്ഞ ദിവസം ഉത്തരവിട്ടത്.

ലാവ്‌ലിന്‍ സര്‍ക്കാറിനും വൈദ്യുതി ബോര്‍ഡിനും വന്‍ തുക നഷ്ടം വന്ന കേസാണെന്നും വാദം വൈകുന്നത് സര്‍ക്കാറിനെ ബാധിക്കുമെന്നുമാണ് ഹര്‍ജി നേരത്തെ കേള്‍ക്കണമെന്ന അപേക്ഷയില്‍ സര്‍ക്കാര്‍ പറഞ്ഞിരുന്നത്. സര്‍ക്കാരിനു വേണ്ടി ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ ടി. ആസഫലിയാണ് ഹര്‍ജി സമര്‍പ്പിച്ചത്.

ലാവലിന്‍ കരാര്‍ ഒപ്പിട്ട കാലത്തെ വൈദ്യുതി മന്ത്രിയും സി.പി.ഐ.എം. നേതാവുമായ പിണറായി വിജയന് ഇടപാടില്‍ പങ്കുണ്ടെന്ന് സി.ബി.ഐ.യുടെ കണ്ടെത്തലുണ്ടെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാണിക്കുന്നു. എന്നാല്‍, അത് പരിഗണിക്കാതെയാണ് തിരുവനന്തപുരത്തെ സി.ബി.ഐ. പ്രത്യേക കോടതി പിണറായി വിജയനെയും മറ്റും കുറ്റ വിമുക്തരാക്കിയത് എന്നാണ് ഹര്‍ജിയില്‍ പറയുന്നത്.

പന്നിയാര്‍, ചെങ്കുളം, പള്ളിവാസല്‍ എന്നീ ജലവൈദ്യുത പദ്ധതികളുടെ നവീകരണത്തിന് കാനഡയിലെ എസ്.എന്‍.സി. ലാവലിന്‍ കമ്പനിയുമായി ഉണ്ടാക്കിയ 374.5 കോടിയുടെ കരാര്‍ വൈദ്യുതി ബോര്‍ഡിനും സര്‍ക്കാറിനും കോടികളുടെ നഷ്ടമുണ്ടാക്കിയെന്നാണ് കേസ്.

Latest