നാഗ്ജി ടൂര്‍ണമെന്റിന് റൊണാള്‍ഡീഞ്ഞോ കോഴിക്കോട്ടെത്തും

Posted on: January 19, 2016 1:56 pm | Last updated: January 19, 2016 at 2:07 pm
SHARE

Ronaldinho-jpgകോഴിക്കോട്: തെരുവില്‍ കാല്‍പന്ത് തട്ടി വളര്‍ന്ന്, ജീവിത പ്രതിസന്ധികളെ പന്തിനാല്‍ തട്ടിമാറ്റി ലോക ഫുട്‌ബോളിന്റെ നെറുകയിലെത്തിയ റൊണാള്‍ഡീഞ്ഞോയെ നേരില്‍ കാണാന്‍ മലയാളിക്കും അവസരം. കാല്‍പന്ത് കളിയില്‍ വര്‍ണ വിസ്മയം തീര്‍ക്കുന്ന ഈ ബ്രസീലിയര്‍ ഫുട്‌ബോള്‍ ഇതിഹാസം 24ന് കോഴിക്കോട് എത്തും. 21 വര്‍ഷത്തിന് ശേഷം നഗരത്തിലേക്ക് മടങ്ങിയെത്തുന്ന നാഗ്ജി അന്താരാഷ്ട്ര ക്ലബ്ബ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ മുഖ്യാതിഥിയായാണ് താരം സാമൂതിരിയുടെ മണ്ണില്‍ കാല് കുത്തുന്നത്. കാല്‍പന്ത് കളിയെ നെഞ്ചോട് ചേര്‍ക്കുന്ന മലബാറിന്റെ ആവേശം റൊണാള്‍ഡീഞ്ഞോയുടെ സന്ദര്‍ശനത്തോടെ നാഗ്ജിക്ക് കൈവരുമെന്നാണ് സംഘാടകര്‍ പ്രതീക്ഷിക്കുന്നത്. സംസ്ഥാന സര്‍ക്കാറും നാഗ്ജിയുടെ മുഖ്യസംഘാടകരായ ജില്ലാ ഫുട്‌ബോള്‍ അസോസിയേഷന്റെയും മോണ്ടിയാല്‍ സ്‌പോര്‍ട്‌സ് മാനേജ്‌മെന്റ് ലിമിറ്റഡ് ഭാരവാഹികളും ചേര്‍ന്ന് ഫുട്‌ബോള്‍ മാന്ത്രികന്റെ സന്ദര്‍ശനം ഒരു ചരിത്ര സംഭവമാക്കി മാറ്റാനുള്ള ഒരുക്കങ്ങളാണ് നടത്തുന്നത്.
ദുബൈ വഴി 24ന് രാവിലെ നെടുമ്പാശ്ശേരിയില്‍ എത്തുന്ന റൊണാല്‍ഡീഞ്ഞോ ഇവിടെ നിന്നും ചാര്‍ട്ടേഡ് വിമാനത്തില്‍ ഒമ്പത് മണിക്ക് കരിപ്പൂരില്‍ എത്തിച്ചേരും. ഇവിടെ നിന്നും റോഡ് മാര്‍ഗം കോഴിക്കോട്ടേക്ക്. കരിപ്പൂര്‍ മുതല്‍ കോഴിക്കോട് വരെ റോഡില്‍ മനുഷ്യച്ചങ്ങല തീര്‍ത്ത് ഫുട്‌ബോള്‍ ആരാധകരും മലബാറിലെ ഫുട്‌ബോള്‍ ക്ലബ്ബ് അംഗങ്ങളും അദ്ദേഹത്തിന് വരവേല്‍പ്പ് നല്‍കും. കടവ് റിസോര്‍ട്ടിലാണ് താമസം ഒരുക്കിയിരിക്കുന്നത്. ബീച്ചിലെ പ്രത്യേകം തയ്യാറാക്കിയ വേദിയില്‍ വൈകിട്ട് 5.30ന് അദ്ദേഹത്തിന് സ്വീകരണം നല്‍കും.
രാഷ്ട്രീയ, കായിക, സാംസ്‌കാരിക രംഗത്തെ പ്രമുഖരും നൂറ്കണക്കിന് ആരാധകരും സ്വീകരണത്തില്‍ പങ്കെടുക്കും. 45 മിനുട്ട് നീണ്ട്‌നില്‍ക്കുന്ന സ്വീകരണ സമ്മേളനത്തില്‍ സേട്ട് നാഗ്ജി ട്രോഫി നാഗ്ജിയുടെ കുടുംബം റൊണാള്‍ഡീഞ്ഞോക്ക് കൈമാറും. ബ്രസീല്‍ താരം കെ ഡി എഫ് എ ഭാരവാഹികള്‍ക്കും ഇവര്‍ മുഖ്യ സംഘാടകരായ മോണ്ടിയാല്‍ സ്‌പോര്‍ട്‌സ് ക്ലബ്ബിനും പിന്നീട് ട്രോഫി കൈമാറും. തുടര്‍ന്ന് റൊണാള്‍ഡീഞ്ഞോ ജനസഞ്ചയത്തെ അഭിസംബോധന ചെയ്യും. നാഗ്ജി ട്രോഫിയുമായുള്ള റോഡ് ഷോ നടക്കും. തുടര്‍ന്ന് കോര്‍പറേഷന്‍ അല്ലെങ്കില്‍ മെഡിക്കല്‍ കോളജ് സ്റ്റേഡിയം അദ്ദേഹം സന്ദര്‍ശിക്കും.
ബ്രിട്ടന്‍ ആസ്ഥാനമായ ഫുട്‌ബോള്‍ ഫോര്‍ പീസ് (എഫ് എഫ് പി) എന്ന ചാരിറ്റി സംഘടനയുടെ ബ്രാന്‍ഡ് അബംസാഡറായ റൊണാള്‍ഡീഞ്ഞോ ലോകസമാധാനത്തിന് ഫുട്‌ബോള്‍ പ്രചരിപ്പിക്കുക എന്ന ലക്ഷ്യവമായി സംസ്ഥാനത്തെ ഒരു സര്‍ക്കാര്‍ സ്‌കൂള്‍ സന്ദര്‍ശിക്കും. 25ന് രാവിലെ നഗരത്തിലെ നടക്കാവ് ഗേള്‍സ് എച്ച് എസ് എസ് സ്‌കൂളിലായിരിക്കും ഇതിഹാസ താരം എത്തുക. ഇതിന് ശേഷം 11 മണിയോടെ കരിപ്പൂര്‍ വഴി ദുബൈയിലേക്ക് മടങ്ങുമെന്നും സംഘാടകര്‍ അറിയിച്ചു.
വിദേശ ടീമുകള്‍ക്കൊപ്പം നാഗ്ജിയില്‍ കളിക്കുന്ന ഇന്ത്യയില്‍ നിന്നുള്ള ഐലീഗ് ടീമിനെ ബുധനാഴ്ച പ്രഖ്യാപിക്കും. അര്‍ജന്റീനയുടെ അണ്ടര്‍ 23 ഒളിമ്പിക് ടീം, റുമാനിയന്‍ ക്ലബ്ബായ റാപ്പിഡ് ബുചാറസ്റ്റിന്റെ സീനിയര്‍ ടീം, ഇംഗ്ലണ്ടില്‍ നിന്നുള്ള വാട്ട്‌ഫോര്‍ഡ് എഫ് സി, സ്‌പെയ്‌നില്‍ നിന്നുള്ള ലെവാന്റെ യു ഡി, ബ്രസീലില്‍ നിന്നുള്ള ക്ലബ്ബ് അത്‌ലറ്റികോ പാരനെന്‍സ്, ജര്‍മനിയില്‍ നിന്നുള്ള ടി എസ് വി 1860 മ്യൂണിച്ച്, ജര്‍മനിയില്‍ നിന്നുള്ള ഹെര്‍ത ബി എസ് സി എന്നിവയുടെ അണ്ടര്‍ 23 ടീമുകളും ടൂര്‍ണമെന്റിന് എത്തും. അടുത്തമാസം അഞ്ച് മുതല്‍ 15വരെയാണ് ടൂര്‍ണമെന്റ്.

LEAVE A REPLY

Please enter your comment!
Please enter your name here