വിളയൂര്‍ ഗ്രാമ പഞ്ചായത്തിലേക്ക് ഇനി വിഷമയപച്ചക്കറികള്‍ കടത്തില്ല

Posted on: January 19, 2016 11:21 am | Last updated: January 19, 2016 at 11:21 am

കൊപ്പം : വിഷരഹിത നാടന്‍ പച്ചക്കറി ഉത്പാദിപ്പിക്കുന്ന പദ്ധതിയുമായി വിളയൂര്‍ പഞ്ചായത്ത് രംഗത്ത്. പഞ്ചായത്തിലെ എല്ലാ കര്‍ഷകരുടെയും കൂട്ടായ്മയോടെയാണ് വിഷരഹിത നാടന്‍ പച്ചക്കറി പദ്ധതി നടപ്പാക്കുന്നത്. പച്ചക്കറികൃഷിയില്‍ ്‌സ്വയംപര്യാപ്തത ലക്ഷ്യമിട്ടാണ് ഗ്രാമ പഞ്ചായത്തിന്റെ പുതിയ പദ്ധതി.

അടുത്ത വിഷുവിന് പഞ്ചായത്തിലെ എല്ലാ കുടുംബങ്ങള്‍ക്കും നല്ലനാടന്‍പച്ചക്കറി വിതരണം ചെയ്യാനാണ് പദ്ധതി വിഭാവനം ചെയ്യുന്നത്. പഞ്ചായത്തിലെ കൊയ്‌തൊഴിഞ്ഞ പാടശേഖരങ്ങളിലാണ് പദ്ധതി നടപ്പാക്കുക. ഇതിന്റെ ഭാഗമായി പഞ്ചായത്തിലെ കര്‍ഷകരുടെയും ജനപ്രതിനിധികളുടെയും യോഗം ചേര്‍ന്നു. 2000 കുടുംബങ്ങള്‍ക്ക് സൗജന്യമായി പച്ചക്കറി വിത്തുകള്‍ നല്‍കാന്‍ തീരുമാനിച്ചു. 40 രൂപ വിലവരുന്ന 13 ഇനം പച്ചക്കറി വിത്തുകളടങ്ങിയ പായ്ക്കറ്റുകളാണ് കര്‍ഷകര്‍ക്ക് വിതരണം ചെയ്യുക.
75 ഏക്കര്‍ സ്ഥലത്താണ് പദ്ധതി നടപ്പാക്കുക. തരിശുഭൂമി ഉള്‍പ്പെടെ ജലസേചന സൗകര്യമുള്ള ഭൂമി ഇതിനായി ഏറ്റെടുക്കും. കര്‍ഷകര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, ജെഎല്‍ജി ഗ്രൂപ്പുകള്‍ എന്നിവരെ സഹകരിപ്പിച്ചാണ് പദ്ധതി നടപ്പാക്കുക. 23ന് അമരക്കുളം പാടശേഖരത്തില്‍ നാടന്‍പച്ചക്കറി പദ്ധതിക്ക് തുടക്കമാകുമെന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ. മുരളി പറഞ്ഞു.
പച്ചക്കറി കൃഷിയുടെ നടത്തിപ്പിന് മോണിറ്ററിംങ് കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. പേരടിയൂര്‍ സ്‌കൂളില്‍ ചേര്‍ന്ന കര്‍ഷക കൂട്ടായ്മ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ. മുരളി ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ ഷീജ അധ്യക്ഷത വഹിച്ചു. വിളയൂര്‍ കൃഷി ഓഫീസര്‍ സിന്ധു പദ്ധതി വിശദീകരിച്ചു. എം. ഉണ്ണികൃഷ്ണന്‍, വി അഹമ്മദ്കുഞ്ഞി, രാമദാസ്, കെ കൃഷ്ണന്‍കുട്ടി, കെ വി ഗംഗാധരന്‍, വി വസന്ത എന്നിവര്‍ പ്രസംഗിച്ചു. മോണിറ്ററിംഗ് കമ്മിറ്റി ഭാരവാഹികളായി പഞ്ചായത്ത് പ്രസിഡന്റ് കെ. മുരളിയെ ചെയര്‍മാനായും കൃഷി ഓഫീസര്‍ സിന്ധുവിനെ ജനറല്‍ കണ്‍വീനറായും തിരഞ്ഞെടുത്തു.