Connect with us

Kozhikode

ഓഫര്‍ തട്ടിപ്പുമായി അന്യസംസ്ഥാനക്കാരായ വസ്ത്ര വില്‍പ്പന സംഘങ്ങള്‍ സജീവം

Published

|

Last Updated

താമരശ്ശേരി: ഓഫറുകള്‍ക്ക് പിന്നാലെ പായുന്നവരെ വലയിലാക്കാന്‍ അന്യ സംസ്ഥാനക്കാരായ വസ്ത്ര വില്‍പ്പന സംഘങ്ങള്‍ സജീവം. 800 രൂപക്ക് പാന്റും ഷര്‍ട്ടും ഉള്‍ക്കൊള്ളുന്ന സെറ്റ് വാങ്ങിയാല്‍ ആയിരങ്ങള്‍ വിലയുള്ള സമ്മാനം ഉറപ്പ് നല്‍കിയാണ് തട്ടിപ്പ്. ഗ്വാളിയാര്‍ കമ്പനിയുടെ പ്രത്യേക ഓഫര്‍ എന്ന പേരിലാണ് അന്യ സംസ്ഥാനക്കാര്‍ വസ്ത്രങ്ങളുമയി വീടുകള്‍ കയറുന്നത്. പാന്റും ഷര്‍ട്ടും അടങ്ങിയ സെറ്റ് 800 രൂപക്ക് വാങ്ങുമ്പോള്‍ ലഭിക്കുന്ന കൂപ്പണില്‍ ആയിരങ്ങള്‍ വിലയുള്ള സമ്മാനം ഉറപ്പാണെന്നാണ് വിശ്വസിപ്പിക്കുന്നത്. ടി വി, മൊബൈല്‍ ഫോണ്‍, തയ്യല്‍ മെഷിന്‍ തുടങ്ങിയവയാണ് വാഗ്ദാനം ചെയ്യുന്നത്. സമ്മാനം ലഭിച്ചില്ലെങ്കില്‍ ഒരു ചുരിദാര്‍ സെറ്റ് സൗജന്യം. കൂപ്പണുള്ളതിനാല്‍ പാക്കറ്റ് പൊളിച്ച് വസ്ത്രത്തിന്റെ ഗുണനിലവാരം ഉറപ്പുവരുത്താനാകില്ല. പണം നല്‍കിയ ശേഷം മാത്രമാണ് ഗുണനിലവാരമില്ലാത്ത തുണിയാണ് വില്‍പ്പന നടത്തുന്നതെന്ന് മനസ്സിലാകുക.

പാക്കറ്റിനുള്ളില്‍ നിന്ന് ലഭിക്കുന്ന കൂപ്പണില്‍ പാന്റും ഷര്‍ട്ടും അടങ്ങിയ സെറ്റോ കോട്ടണ്‍ ചുരിദാര്‍ സെറ്റോ മാത്രമാണ് സമ്മാനമായി ലഭിക്കുന്നത്. വിലപിടിപ്പുള്ള സമ്മാനങ്ങള്‍ ചുമന്ന് നടക്കാന്‍ കഴിയാത്തതിനാല്‍ അവയുടെ വില അപ്പോള്‍ തന്നെ നല്‍കുമെന്നാണ് ഇവര്‍ വിശ്വസിപ്പിക്കുന്നത്. എല്ലാം കമ്പനിയുടെ ഓഫറാണെങ്കിലും കമ്പനിയുടെ വിലാസമോ ഫോണ്‍ നമ്പറോ ഇവര്‍ക്ക് അറിയില്ല. 1,60,000 നല്‍കി 200 സെറ്റ് ഒരുമിച്ചെടുത്താല്‍ ഓഫര്‍ കാര്‍ഡില്‍ പറയുന്ന ഇരുപത്തിഅയ്യായിരത്തോളം രൂപയുടെ സമ്മാനങ്ങള്‍ ഉറപ്പാണത്രെ. കുടുതല്‍ സംശയങ്ങള്‍ ചോദിച്ചാല്‍ തടിയെടുക്കുന്ന ഇവര്‍ പിന്നീട് അല്‍പം അകലെയാണ് വല വിരിക്കുന്നത്.