Connect with us

Malappuram

ഓടി തളര്‍ന്ന് മഞ്ചേരിയിലെ പോലീസുകാര്‍

Published

|

Last Updated

മഞ്ചേരി: ജില്ലയില്‍ ഏറ്റവും കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്ന മഞ്ചേരി പോലീസ് സ്റ്റേഷനില്‍ ജീവനക്കാരുടെ പരിമിതി പ്രവര്‍ത്തനം താളം തെറ്റിക്കുന്നു. ജോലി ഭാരം താങ്ങാനാവാതെ ഉദ്യോഗസ്ഥര്‍ വിഷമിക്കുന്നു. ആവശ്യത്തിന് ആളില്ലാത്തതാണ് കാതലായ പ്രശ്‌നം. ആകെയുള്ള 41 പേരില്‍ 30 പേരും സിവില്‍ പോലീസ് ഓഫീസര്‍മാരാണ്.

കണക്കുപ്രകാരം 12 സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരുണ്ടെങ്കിലും ഒമ്പത് പേര്‍ മാത്രമാണ് ജോലിയിലുള്ളത്. നാല് എ എസ് ഐമാര്‍ ഉണ്ടെങ്കിലും രണ്ടു പേരാണ് ഹാജറുള്ളത്. ആറ് എസ് ഐമാരുള്ളതില്‍ രണ്ടു പേര്‍ ഈ മാസം വിരമിക്കും. എട്ടു മണിക്കൂറാണ് ഡ്യൂട്ടി സമയമെങ്കിലും ഈ സമയത്തിനുള്ളില്‍ ജോലി പൂര്‍ത്തിയാക്കി വിശ്രമിക്കാന്‍ സാധിക്കുന്നില്ലെന്നാണ് പരാതി. രാത്രി എട്ട് മുതല്‍ രാവിലെ ഏഴു വരെ ജോലിയെടുക്കുന്ന ജി ഡി ചാര്‍ജ്ജിന് പലപ്പോഴും പകല്‍ ഡ്യൂട്ടി കൂടി ചെയ്യേണ്ടി വരികയാണ്. 41 പേരുണ്ടെങ്കിലും ഡ്യൂട്ടി വീതിച്ചു കഴിഞ്ഞാല്‍ ആളെ തികയാതെ വരികയാണ്. ഡി വൈ എസ് പി ഓഫീസ്, ക്രൈം ഡിറ്റാച്ച്‌മെന്റ് വിഭാഗം, ഹൈവെ പോലീസ്, സി ഐ ഓഫീസ്, സ്‌പെഷ്യല്‍ ബ്രാഞ്ച്, മണല്‍ സ്‌ക്വാഡ്, നിയമസഭാ ചോദ്യങ്ങള്‍ക്ക് മറുപടി പറയുന്ന എല്‍ എ ഐ സെല്‍, സ്ത്രീ ശാക്തീകരണത്തിനുള്ള നിര്‍ഭയ ട്രൈനിംഗ്, കമ്പ്യൂട്ടര്‍ സെല്‍, വനിതാ സെല്‍, കോടതി ഡ്യൂട്ടികള്‍ തുടങ്ങി വിവിധ പ്രവര്‍ത്തനങ്ങള്‍ക്ക് ഡ്യൂട്ടി വീതിച്ചു കഴിഞ്ഞാല്‍ സ്റ്റേഷന്‍ പ്രവര്‍ത്തനങ്ങള്‍ക്കും കേസന്വേഷണത്തിനും വിരലിലെണ്ണാവുന്ന പോലീസുകാര്‍ മാത്രമാണുള്ളത്.
ഇതിനിടെ മഞ്ചേരിയിലെ പത്തു കോടതികളില്‍ ഏതെങ്കിലും പ്രതികള്‍ ശിക്ഷിക്കപ്പെട്ടാല്‍ അവരെ ജയിലിലെത്തിക്കുന്നതും ആശുപത്രിയില്‍ കൊണ്ടുപോയി മെഡിക്കല്‍ പരിശോധനക്കെത്തിക്കുന്നതും മനുഷ്യാവകാശ കമ്മീഷനുള്ള പ്രത്യേക ഫോം തയ്യാറാക്കുന്നതും മഞ്ചേരി സ്റ്റേഷനിലെ പോലീസുകാരന്റെ കര്‍ത്തവ്യമാണ്. ഇതിനിടയില്‍ മന്ത്രിമാര്‍ക്കും മറ്റു വി ഐ പികള്‍ക്കും അകമ്പടി സേവിക്കല്‍, അപകട ദുരന്ത വേളകളില്‍ ആശുപത്രി സേവനം, കലോത്സവ ഡ്യൂട്ടി, തീപ്പിടുത്തം, ശബരി മല ഡ്യൂട്ടി, അസ്വാഭാവിക മരണങ്ങള്‍ക്ക് കാവല്‍ തുടങ്ങിയവ കൂടി വന്നാല്‍ പിന്നെ നിന്നു വിയര്‍ക്കുകയല്ലാതെ മഞ്ചേരി സ്റ്റേഷനിലെ പോലീസുകാര്‍ക്ക് നിര്‍വ്വാഹമില്ല. നേരത്തെ മഞ്ചേരി പോലീസ് സ്റ്റേഷനു കീഴില്‍ പ്രവര്‍ത്തിച്ചിരുന്ന ട്രാഫിക് യൂനിറ്റ് ഇപ്പോള്‍ ആക്‌സിഡണ്ട് കേസുകള്‍ നേരിട്ട് കൈകാര്യം ചെയ്യുന്നു. അംഗ ബലത്തിന്റെ കാര്യത്തില്‍ ട്രാഫിക് യൂനിറ്റിന്റെ കാര്യവും വിഭിന്നമല്ല. മൂന്ന് എസ് ഐമാരില്‍ ഒരാള്‍ മെഡിക്കല്‍ ലീവിലായതിനാല്‍ രണ്ടു പേര്‍ മാത്രമാണുള്ളത്. 17 പേര്‍ വിവിധ ഡ്യൂട്ടികളില്‍ പോകുന്നു. ബാക്കിയുള്ളവര്‍ക്ക് വിവിധ ജംഗ്ഷനുകളിലും സ്‌കൂള്‍ പരിസരങ്ങളിലും മറ്റുമായി ചുമതല നല്‍കുന്നതോടെ സ്റ്റേഷന്‍ പ്രവര്‍ത്തനങ്ങള്‍ക്കും കേസന്വേഷണത്തിനും ആളില്ലാതെയാകുന്നു. നഗരത്തിലെ ഗതാഗതകുരുക്കൊഴിവാക്കാന്‍ രൂപവത്കരിച്ച ട്രാഫിക് അഡൈ്വസറി ബോര്‍ഡ് യോഗം ചേര്‍ന്നിട്ട് മാസങ്ങളായി. മഞ്ചേരി, നറുകര, പൂക്കോട്ടൂര്‍, പുല്‍പ്പറ്റ, ആനക്കയം, പയ്യനാട്, തൃക്കലങ്ങോട് തുടങ്ങി നിരവധി വില്ലേജുകള്‍ പരിധിയില്‍ വരുന്ന മഞ്ചേരി സ്റ്റേഷനിലെ അംഗപരിമിതി ബന്ധപ്പെട്ട അധികൃതരുടെ ശ്രദ്ധയില്‍ പെടുമെന്ന പ്രതീക്ഷയിലാണ് ഇവിടുത്തെ പോലീസുകാര്‍.

Latest