ഹെര്‍ബോ ഇന്ത്യ സൊസൈറ്റി ആസ്തി വില്‍പ്പന; മൂന്ന് ഭരണ സമിതി അംഗങ്ങള്‍ രാജിവെച്ചു

Posted on: January 19, 2016 10:23 am | Last updated: January 19, 2016 at 10:23 am

വേങ്ങര: ചേറൂര്‍ കഴുകന്‍ചിനയിലെ ഹെര്‍ബോ ഇന്ത്യന്‍ ആയുര്‍വേദിക് സഹകരണ സൊസൈറ്റിയുടെ ആസ്തി വില്‍പ്പനയുമായി ബന്ധപ്പെട്ട് മൂന്ന് ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍ രാജിവെച്ചു. പി റലം, എ പി പ്രഭാവതി, കെ ഇന്ദിര എന്നിവരാണ് രാജിവെച്ചത്. 1987ല്‍ സംസ്ഥാന സഹകരണ വകുപ്പ് കെ പി ഐ എന്‍ ഡി എം 66-ാം നമ്പറായി അംഗീകാരം നല്‍കിയ ഹെര്‍ബോ ഇന്ത്യ ആയുര്‍വേദിക കോ-ഓപ്പറേറ്റീവ് സൊസൈറ്റി 1995ഓടെയാണ് ആയുര്‍വേദ കമ്പനി ആരംഭിച്ചത്.
നൂറ് രൂപ ഷെയറും എ ക്ലാസ് 250 രൂപ ഷെയറുള്ള ബി ക്ലാസ് അംഗങ്ങളും ഉള്‍കൊള്ളുന്ന സൊസൈറ്റി ഷെയര്‍ ഉപയോഗിച്ച് നാല്‍പത് സെന്റ് സ്ഥലം വിലക്കെടുത്താണ് വലിയ കെട്ടിടം പണിതത്. വിവിധ ആയൂര്‍വേദ മരുന്നുകള്‍ ഉത്പാദനം നടത്തി മാര്‍ക്കറ്റിലെത്തിക്കുകയും ഔട്ട്‌ലെറ്റുകള്‍ തുറക്കുകയും ചെയ്തിരുന്നു. നൂറിലധികം സ്ത്രീകളാണ് കമ്പനിക്കു കീഴില്‍ ജോലി ചെയ്തിരുന്നത്. അധികൃതരുടെ അനാസ്ഥ കാരണം അഞ്ച് വര്‍ഷം തികയും മുമ്പെ കമ്പനി പൂട്ടി. ഇതിനിടെ ആസ്തിയിന്മേല്‍ ഖാദി ആന്‍ഡ് വില്ലേജ് ഇന്‍ഡസ്ട്രീസില്‍ നിന്നും വലിയ സംഖ്യ ലോണെടുത്തു. ഖാദി ബോര്‍ഡില്‍ പണം തിരിച്ചടക്കാതെ വര്‍ഷങ്ങളോളം കാത്ത് കിടന്നതോടെ ജപ്തി നടപടികള്‍ കൈകൊള്ളാനിരിക്കെയാണ് കഴിഞ്ഞ ദിവസം സൊസൈറ്റിയെ നിയന്ത്രിക്കുന്നവര്‍ ഭൂമി വില്‍ക്കാന്‍ രഹസ്യ നീക്കം നടത്തിയത്.
മറ്റു അംഗങ്ങളൊന്നുമറിയാതെ ഏതാനും പേര്‍ ചേര്‍ന്ന് പതിനഞ്ച് സെന്റ് ഭൂമി ഭാഗം തിരിച്ച് വില്‍പന നടത്തി. ഈ നടപടിയാണ് വിവാദമായിരിക്കുന്നത്. വനിതകള്‍ക്ക് പ്രാതിനിധ്യമുള്ള സൊസൈറ്റിയില്‍ പത്ത് ശതമാനം പുരുഷന്മാരുമാവാമെന്നാണ് നിയമാവലി. ഇതനുസരിച്ച് പ്രസിഡന്റ്, സെക്രട്ടറി പദവികള്‍ വഹിക്കുന്നത് പുരുഷന്മാരാണ്. ആകെ ഏഴ് പേരാണ് ഭരണസമിതിയില്‍ ഡയറ്കടര്‍മാര്‍. ഇതില്‍ നിന്നാണ് മൂന്ന് പേര്‍ കഴിഞ്ഞ ദിവസം രാജിവെച്ചത്. വില്‍പന നടത്തിയ സ്ഥലത്തിന്റെ പണം ഉപയോഗിച്ച് ഖാദി ബോര്‍ഡിന്റെ ബാധ്യത തീര്‍ക്കാനാണ് ശ്രമം.