Connect with us

International

യു എസിന്റെ പുതിയ ഉപരോധത്തിന് നിയമപരവും ധാര്‍മികവുമായ ന്യായീകരണമില്ലെന്ന് ഇറാന്‍

Published

|

Last Updated

ടെഹ്‌റാന്‍: ബാലിസ്റ്റിക് മിസൈല്‍ പദ്ധതിയുടെ പേരില്‍ പുതിയ ഉപരോധം ഏര്‍പ്പെടുത്തിയ അമേരിക്കയുടെ നടപടിയെ ഇറാന്‍ അപലപിച്ചു. ഉപരോധത്തിന് നിയമപരമായോ ധാര്‍മികമായോ യാതൊരു ന്യായീകരണവുമില്ലെന്ന് ഇറാന്‍ വിദേശ കാര്യ മന്ത്രാലയ വക്താവ് വ്യക്തമാക്കി. യു എന്‍ നിരോധം നിലനില്‍ക്കെ ആണവായുധം വഹിക്കാന്‍ ശേഷിയുള്ള ബാലിസ്റ്റിക് മിസൈല്‍ കഴിഞ്ഞ വര്‍ഷം ഒക്
ടോബറില്‍ ഇറാന്‍ വിക്ഷേപിച്ചിരുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് പുതിയ ഉപരോധം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ആണവ കരാറില്‍ ഒപ്പിട്ടതിന്റെ ഫലമായി ഇറാന് മേല്‍ ലോക ശക്തികള്‍ ചുമത്തിയിരുന്ന ദീര്‍ഘകാലമായി ഉണ്ടായിരുന്ന ഉപരോധം കഴിഞ്ഞ ദിവസമാണ് പിന്‍വലിച്ചത്. പുതിയ ഉപരോധം അനുസരിച്ച്, ബാലിസ്റ്റിക് മിസൈല്‍ പദ്ധതിയുമായി ബന്ധമുള്ള 11 സ്ഥാപനങ്ങളെയും വ്യക്തികളെയും യു എസ് ബേങ്കിംഗ് സംവിധാനം ഉപയോഗിക്കുന്നതില്‍ നിന്ന് വിലക്കുന്നു. ആഗോളതലത്തിലും മേഖലയിലും ഇറാന്റെ ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണം ഭീഷണി ഉയര്‍ത്തുന്നുണ്ടെന്നും അന്താരാഷ്ട്ര ഉപരോധം തുടരുമെന്നുമാണ് യു എസ് ആക്ടിംഗ് സെക്രട്ടറി ആദം ജെ സുബിന്‍ അഭിപ്രായപ്പെട്ടത്.
എന്നാല്‍ പുതിയ ഉപരോധം ചുമത്താനുള്ള കാരണമായി യു എസ് ചൂണ്ടിക്കാട്ടുന്ന കാര്യങ്ങള്‍ ഇറാന്‍ നിഷേധിച്ചു. ബാലിസ്റ്റിക് മിസൈല്‍ ആണവായുധം വഹിക്കാന്‍ ശേഷിയുള്ളതല്ലെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് ഹുസൈന്‍ ജാബിര്‍ അന്‍സാരി ചൂണ്ടിക്കാട്ടി. ഇത്തരമൊരു ഉപരോധത്തിന് നിയമപരമായോ ധാര്‍മികമായോ ഒരു ന്യായീകരണവുമില്ല. ബില്യന്‍ കണക്കിന് ഡോളര്‍ വിലയുള്ള ആയുധങ്ങളാണ് ഓരോ വര്‍ഷവും മേഖലയിലെ ചില രാജ്യങ്ങള്‍ക്ക് അമേരിക്ക വിറ്റു കൊണ്ടിരിക്കുന്നത്. ഇത്തരം ആയുധങ്ങളാണ് ഫലസ്തീനികള്‍ക്കെതിരെയും ലബനാന്‍കാര്‍ക്കെതിരെയും അതുപോലെ യമനിലെ പൗരന്‍മാര്‍ക്കെതിരെയും ഉപയോഗിക്കപ്പെടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അമേരിക്ക ഏര്‍പ്പെടുത്തിയിരിക്കുന്ന പുതിയ ഉപരോധം ഒരു ഫലവും ചെയ്യില്ലെന്ന് ഇറാന്‍ പ്രതിരോധ മന്ത്രി ഹുസൈന്‍ ദഗ്ബാനും പറഞ്ഞു.