അച്ചടക്കം ലംഘിച്ച അസോസിയേഷന്‍ നേതാക്കള്‍ക്കെതിരെ ഉടന്‍ നടപടി: ചെന്നിത്തല

Posted on: January 19, 2016 8:54 am | Last updated: January 19, 2016 at 8:54 am

ramesh chennithalaകോഴിക്കോട്: ഭരണാനുകൂല പോലീസ് അസോസിയേഷന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ മുന്നറിയിപ്പ്. പോലീസ് സേനക്കുള്ളിലെ അച്ചടക്കലംഘനം അനുവദിക്കില്ല. പോലീസ് സേനാംഗങ്ങളുടെ ക്ഷേമത്തിനായാണ് പോലീസിനുള്ളില്‍ അസോസിയേഷന്‍ രൂപവത്കരിച്ചതെന്നും ചെന്നിത്തല പറഞ്ഞു. ഡി ഐ ജി, സിറ്റി പോലീസ് കമ്മീഷണര്‍, അസി. കമ്മീഷണര്‍ എന്നിവരെ പേരെടുത്ത് വിമര്‍ശിച്ച അസോസിയേഷന്‍ നേതാക്കള്‍ക്കെതിരെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടും നടപടി സ്വീകരിക്കാത്തതിനെക്കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു ചെന്നിത്തല.
അച്ചടക്കം ലംഘിച്ച അസോസിയേഷന്‍ നേതാക്കള്‍ക്കെതിരെ ഉടന്‍ നടപടി സ്വീകരിക്കും. അസോസിയേഷന്‍ നേതാക്കള്‍ക്കെതിരെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിനെ തുടര്‍ന്നല്ല സിറ്റി പോലീസ് കമ്മീഷണര്‍ പി എ വത്സനെ സ്ഥലം മാറ്റിയത്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടും മറ്റും സ്ഥലം മാറ്റ ഉത്തരവുകള്‍ പുറത്തിറങ്ങുന്നുണ്ട്. കമ്മീഷണറെ മാറ്റിയതും ഇപ്രകാരമാണ്. പുതിയ സ്ഥലത്തേക്ക് അദ്ദേഹത്തിന് ഉടന്‍ നിയമനം നല്‍കും.
സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ എ പി ഷാജിയുടെ മരണത്തെ കുറിച്ച് ഉത്തരമേഖലാ എ ഡി ജി പി അന്വേഷിച്ചിരുന്നു. പോലീസിന്റെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായതായി ഞാന്‍ പറഞ്ഞിട്ടില്ല. വാട്‌സ് ആപ്പ് ഗ്രൂപ്പിലേക്ക് അബദ്ധത്തില്‍ അശ്ലീല ചിത്രമയച്ചതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ക്രൈം ബ്രാഞ്ച് അന്വേഷിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ട് കിട്ടിയാല്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.