Connect with us

Kerala

കതിരൂര്‍ മനോജ് വധം: പി ജയരാജന്റെ മുന്‍കൂര്‍ ജാമ്യഹരജി തള്ളി

Published

|

Last Updated

തലശ്ശേരി: കതിരൂര്‍ മനോജ് വധക്കേസുമായി ബന്ധപ്പെട്ട്‌ സി പി എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍ തലശ്ശേരി ജില്ലാ സെഷന്‍സ് കോടതിയില്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി. കേസില്‍ രണ്ടാം തവണയാണ് ജയരാജന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളുന്നത്. കേസില്‍ നാല് തവണ ചോദ്യം ചെയ്യലിനു ഹാജരാകാന്‍ ജയരാജനു സിബിഐ നോട്ടീസ് നല്‍കിയെങ്കിലും ഒരിക്കല്‍ മാത്രമാണ് അദ്ദേഹം ഹാജരായിരുന്നത്. നാലാം തവണയും നോട്ടീസ് നല്‍കിയതോടെയാണ് അദ്ദേഹം മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി വീണ്ടും കോടതിയില്‍ എത്തിയത്. എന്നാല്‍ വീണ്ടും ഹര്‍ജി തള്ളിയത് അദ്ദേഹത്തിനു തിരിച്ചടിയാകും.

മനോജ് കേസില്‍ സി ബി ഐ തന്നെ അറസ്റ്റ് ചെയ്ത് പീഡിപ്പിക്കാന്‍ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഇക്കഴിഞ്ഞ 12ന് അഡ്വ. കെ വിശ്വന്‍ മുഖേന ജയരാജന്‍ മുന്‍കൂര്‍ ജാമ്യത്തിനായി ജില്ലാ കോടതിയെ സമീപിച്ചത്. ജാമ്യാപേക്ഷയില്‍ സി ബി ഐയുടെ നിലപാട് അറിയാനായി ഇന്നലേക്ക് മാറ്റിയിരുന്നു. മനോജ് വധക്കേസിന്റെ തുടര്‍നടപടികള്‍ എവിടെ നടത്തണമെന്ന കാര്യത്തില്‍ സുപ്രീം കോടതി അടുത്ത മാസം വിധി പറയാനിരിക്കെ നിലവിലുള്ള വിചാരണ കോടതിക്ക് ജാമ്യക്കാര്യത്തില്‍ തീരുമാനം സ്വീകരിക്കാനാകില്ലെന്നും ജയരാജന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കരുതെന്നും സി ബി ഐക്ക് വേണ്ടി ഹാജരായ അഡ്വ. കൃഷ്ണകുമാര്‍ ഇന്നലെ വാദിച്ചിരുന്നു. ചോദ്യം ചെയ്യാനായാണ് നോട്ടീസ് നല്‍കിയതെന്നും ജയരാജനെ പ്രതിയാക്കിയിട്ടില്ലെന്നുമായിരുന്നു സി ബി ഐ വാദം. എന്നാല്‍ മനോജ് കേസന്വേഷിക്കുന്ന സി ബി ഐ ഉദ്യോഗസ്ഥര്‍ കോടതിയില്‍ നിന്നും പലതും മറച്ചുവെക്കുകയാണെന്നും വിളിച്ചുവരുത്തി അറസ്റ്റ് ചെയ്യാനും പീഡിപ്പിക്കാനും ഇടയുണ്ടെന്നുമാണ് ജയരാജന് വേണ്ടി ഹാജരായ അഡ്വ. കെ വിശ്വന്‍ ബോധിപ്പിച്ചത്.

2014 സെപ്റ്റംബര്‍ ഒന്നിന് രാവിലെ കിഴക്കെ കതിരൂരിലെ വീട്ടില്‍ നിന്നും തലശേരിയിലേക്ക് വാന്‍ ഓടിച്ചു വരികയായിരുന്ന മനോജിനെ കതിരൂര്‍ ഉക്കാസ്‌മെട്ടയില്‍ വാനിന് ബോംബ് എറിഞ്ഞതിന് ശേഷം വാഹനത്തില്‍ നിന്നു വലിച്ചിറക്കി വെട്ടിക്കൊലപ്പെടുത്തിയെന്നാണ് കേസ്. 1999 ല്‍ പി ജയരാജനെ വീട്ടില്‍കയറി വധിക്കാന്‍ ശ്രമിച്ച കേസില്‍ അഞ്ചാം പ്രതിയായിരുന്നു കൊല്ലപ്പെട്ട മനോജ്.