സോളാര്‍ കമ്മീഷന്‍ ഇടക്കാല റിപ്പോര്‍ട്ട് നല്‍കണമെന്ന് ആവശ്യം

Posted on: January 19, 2016 4:54 am | Last updated: January 18, 2016 at 11:55 pm
SHARE

solar commissionകൊച്ചി: സോളാര്‍ തട്ടിപ്പ് അന്വേഷിക്കുന്ന ജസ്റ്റിസ് ശിവരാജന്‍ കമ്മീഷന്റെ തുടര്‍ നടപടികള്‍ എന്താകുമെന്നത്‌സംബന്ധിച്ച് നിര്‍ണായക തീരുമാനം ഇന്നുണ്ടാകും. കേസുമായി ബന്ധപ്പെട്ട കക്ഷികളുടെ അഭിഭാഷകരുമായി ഇന്നലെ കമ്മീഷന്‍ നടത്തിയ ചര്‍ച്ചകളില്‍ ഉരുത്തിരിഞ്ഞ നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് ഇന്ന് തീരുമാനം കൈക്കൊള്ളുക. ഏപ്രില്‍ 27ന് കമ്മീഷന്റെ കാലാവധി അവസാനിക്കുന്നതിന് മുമ്പ് അന്വേഷണം പൂര്‍ത്തിയാക്കാന്‍ കഴിയാതെ വരുന്ന സാഹചര്യത്തില്‍ കമ്മീഷന്‍ ഇടക്കാല റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന നിര്‍ദേശം ചര്‍ച്ചയില്‍ ഉയര്‍ന്നു.
പൂര്‍ണമായ അന്വേഷണ റിപ്പോര്‍ട്ടാണ് അഭികാമ്യമെന്ന് സര്‍ക്കാര്‍ അഭിഭാഷകര്‍ അറിയിച്ചെങ്കിലും ഇടക്കാല റിപ്പോര്‍ട്ട് വേണമെന്ന ആവശ്യത്തെ എതിര്‍ത്തില്ല. മുഖ്യമന്ത്രിയെ ഷെഡ്യൂള്‍ പ്രകാരം വിസ്തരിക്കാം. എത്രയും വേഗത്തില്‍ അന്വേഷണം പൂര്‍ത്തിയാക്കി അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും അതിനായി സര്‍ക്കാറിന്റെ ഭാഗത്തുനിന്ന് എല്ലാ സഹായവും ലഭ്യമാക്കുമെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ കൂട്ടിച്ചേര്‍ത്തു. ഇടക്കാല റിപ്പോര്‍ട്ട് കൊണ്ട് ഒരു പ്രയോജനവുമുണ്ടാകില്ലെന്ന് കേസിലെ കക്ഷികളിലൊരാളായ ജിക്കുമോന്റെ അഭിഭാഷകന്‍ വ്യക്തമാക്കി. അന്വേഷണം പൂര്‍ത്തിയായ ശേഷമേ റിപ്പോര്‍ട്ട് സമര്‍പ്പിക്കാവൂ എന്നും അദ്ദേഹം നിര്‍ദേശിച്ചു.
എന്നാല്‍ നിര്‍ദ്ദിഷ്ട കാലയളവില്‍ നിര്‍ദേശിക്കപ്പെട്ടിട്ടുള്ള എല്ലാതരം അന്വേഷണങ്ങളും പൂര്‍ത്തിയാക്കാന്‍ കഴിയില്ലെന്ന് ജസ്റ്റിസ് ശിവരാജന്‍ കമ്മീഷന്‍ പറഞ്ഞു. സമന്‍സ് അയച്ചിട്ടും സാക്ഷികള്‍ കമ്മീഷന്‍ മുമ്പാകെ ഹാജരായില്ലെങ്കില്‍ ഹാജരാക്കാനുള്ള അധികാരം കമ്മീഷനുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. മുഖ്യമന്ത്രിയടക്കം നാല്‍പ്പതോളം പേരെ ഇനിയും വിസ്തരിക്കാനും മൊഴിയെടുക്കാനുമുണ്ട്. ഇവരുടെ മൊഴികളുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ പേരുടെ മൊഴിയെടുക്കേണ്ടി വന്നേക്കാം. കമ്മീഷന്‍ കാലാവധി ഏപ്രിലില്‍ അവസാനിക്കുകയാണ്. അതിനു മുമ്പു തന്നെ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. അതുകൊണ്ടു സമയം വളരെ കുറവാണ്. 2013 ല്‍ കമ്മീഷന്‍ രൂപവത്കരിച്ചതിനു ശേഷം ഒന്നര വര്‍ഷത്തോളം പലരും സ്വമേധയാ കമ്മീഷനില്‍ മൊഴി നല്‍കാനെത്താഞ്ഞത് സമയപരിധിയെ ബാധിച്ചിട്ടുണ്ട്. ഇപ്പോള്‍ കമ്മീഷനില്‍ വന്ന് കൂടുതല്‍ പേരെ വിസ്തരിക്കണമെന്ന് പലരും ആവശ്യപ്പെടുന്നത് ശരിയല്ല. സമയപരിധിക്കുള്ളില്‍ തുടര്‍ നടപടികള്‍ എന്തായിരിക്കണമെന്നായിരിക്കണം നിര്‍ദേശമെന്നും കമ്മീഷന്‍ വ്യക്തമാക്കി.
സോളാര്‍ കേസിലെ മുഖ്യ പ്രതികളിലൊരാളായ സരിത എസ് നായരും പി എ മാധവന്‍ എം എല്‍ എയും ചില പോലീസ് ഉദ്യോഗസ്ഥരും കമ്മീഷനില്‍ മൊഴിയെടുക്കുന്നതില്‍ നിന്ന് മന:പൂര്‍വം വിട്ടു നില്‍ക്കുകയാണെന്ന് അഭിഭാഷകര്‍ ചൂണ്ടിക്കാട്ടി. ഇവരെ കമ്മീഷനില്‍ നിക്ഷിപ്തമായ അധികാരമുപയോഗിച്ച് കമ്മീഷന്‍ മുമ്പാകെ ഹാജരാകാന്‍ പ്രേരിപ്പിക്കണം. കമ്മീഷന്‍ നിശ്ചയിക്കുന്ന തീയതികളില്‍ ബന്ധപ്പെട്ടവര്‍ മൊഴി നല്‍കാന്‍ കമ്മീഷന് മുമ്പാകെ ഹാജരാകാന്‍ എത്തണമെന്ന് നിയമപ്രകാരം നിഷ്‌കര്‍ഷിക്കണം.
സോളാര്‍ കേസിലെ മറ്റൊരു പ്രതിയായ ബിജു രാധാകൃഷ്ണന്‍ കമ്മീഷനില്‍ ഹാജരാക്കാമെന്ന് സമ്മതിച്ച സി ഡി ഇതുവരെ ഹാജരാക്കിയിട്ടില്ല. സരിത നായര്‍ എഴുതിയ കത്തും ഹാജരാക്കിയിട്ടില്ല. ഇതു രണ്ടും കണ്ടെടുക്കാന്‍ കമ്മീഷന്‍ അധികാരമുപയോഗിക്കണമെന്നും ആവശ്യമുയര്‍ന്നു. നിശ്ചിത തീയതിക്കകം തെളിവുകള്‍ ഹാജരാക്കിയില്ലെങ്കില്‍ ഒരു ലക്ഷം രൂപ വരെ പിഴയൊടുക്കാന്‍ കമ്മീഷന് അധികാരമുണ്ട്. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ 25 ന് വിസ്തരിക്കാനാണ് കമ്മീഷന്‍ നിശ്ചയിച്ചിട്ടുള്ളത്. അതിനു മുമ്പായി സരിത ഉള്‍പ്പടെയുള്ളവരുടെ മൊഴിയെടുക്കല്‍ പൂര്‍ത്തിയാക്കണം. ഉമ്മന്‍ ചാണ്ടിയുടെ മൊഴിയെടുക്കുമ്പോള്‍ സരിതയുടെ സാന്നിധ്യം അനിവാര്യമാണ്. ജോസ് കെ മാണി, എ ഡി ജി പി പത്മകുമാര്‍, ഡി വൈ എസ് പി ഹരികൃഷ്ണന്‍ എന്നിവരുടെ മൊഴി വിശദമായി രേഖപ്പെടുത്തണം. ഇക്കാര്യങ്ങളില്‍ കമ്മീഷന് പ്രായോഗിക കുറവുകളുണ്ടെങ്കില്‍ അധികാരം ഉപയോഗിക്കാവുന്നതാണെന്നും നിയമം ഉദ്ധരിച്ച് അഭിഭാഷകര്‍ ചൂണ്ടിക്കാട്ടി.

LEAVE A REPLY

Please enter your comment!
Please enter your name here