അലിഗഢ്: ന്യൂനപക്ഷം വഞ്ചിക്കപ്പെട്ടതെങ്ങനെ?

ഉത്തരേന്ത്യയിലെ മുസ്‌ലിംകള്‍ക്ക് ഉന്നത വിദ്യാഭ്യാസം നേടാന്‍ വളരെ പണിപ്പെടണം. എന്നാല്‍ അവരുടെ തന്നെ വിയര്‍പ്പു കൊണ്ട് പണിത ഒരു സ്ഥാപനത്തിന്റെ മുമ്പില്‍ ഓച്ഛാനിച്ച് നില്‍ക്കാനാണ് സമുദായത്തിന്റെ വിധി. അലിഗഢിന് നേരത്തെ തന്നെ ന്യൂനപക്ഷ പദവി നല്‍കിയിരുന്നെങ്കില്‍ സമുദായത്തിന്റെ ചിത്രം തന്നെ മാറുമായിരുന്നു. പക്ഷേ, എല്ലാവരുംകൂടി അതിന് സമ്മതിച്ചില്ല. 1968ല്‍ അസീസ് പാഷ, സര്‍ക്കാറിനെതിരെ ഇത് സംബന്ധിച്ച് കേസ് കൊടുത്തിരുന്നു. കേസില്‍ അന്നത്തെ കോണ്‍ഗ്രസ് സര്‍ക്കാര്‍ ന്യൂനപക്ഷ പദവിക്കെതിരായ സമീപനമാണ് കൈക്കൊണ്ടത്. ഈ കേസിലാണ് അലിഗഢിന് ന്യൂനപക്ഷ പദവി കൊടുക്കാനാകില്ലെന്ന ന്യായമുണ്ടായത്. ഒരു നൂലിഴയില്‍ പിടിച്ചുകൊണ്ട് പരമോന്നത കോടതി സര്‍ക്കാര്‍ വാദം ശരിവെച്ചു. ബി ജെ പി സര്‍ക്കാര്‍ അലിഗഢ് ന്യൂനപക്ഷ സ്ഥാപനമല്ലെന്ന് ഇപ്പോള്‍ മൊഴി കൊടുത്തത് മുമ്പത്തെ കോടതി വിധി മുന്നില്‍ വെച്ചാണ്.
Posted on: January 19, 2016 6:15 am | Last updated: January 18, 2016 at 8:40 pm

Aligarh-University-Campusഅലിഗഢ് മുസ്‌ലിം സര്‍വകലാശാലയുടെ കാര്യത്തില്‍ ഒരു ചിറ്റമ്മക്കളി സര്‍ക്കാറുകളും രാഷ്ട്രീയക്കാരും നീതി പീഠങ്ങളുമെല്ലാം കൂടി കളിക്കുന്നുണ്ട്. അലിഗഢിന് ന്യൂനപക്ഷ പദവി എന്ന് കോണ്‍ഗ്രസ് പല തവണ പറഞ്ഞതാണെങ്കിലും ‘ഉള്ളതും ചക്കിലൊട്ടിയ’ പരുവത്തിലാണ് കാര്യങ്ങള്‍. നീതിപീഠങ്ങള്‍ അയകൊയമ്പന്‍ വാദങ്ങളിലൂടെ ന്യൂനപക്ഷ പദവിയെ തല്ലിക്കൊല്ലുന്നു. ഭരണഘടനയുടെ 30-ാം വകുപ്പ് ന്യൂനപക്ഷങ്ങള്‍ക്ക് നല്‍കുന്ന അവകാശങ്ങള്‍ അനുവദിക്കാതെ ‘ഞൊണ്ടി ന്യായം’ പറഞ്ഞ് പകിട കളിക്കുകയാണ് എല്ലാവരുംകൂടി. ഉത്തരേന്ത്യയിലെ മുസ്‌ലിംകള്‍ക്ക് ഉന്നത വിദ്യാഭ്യാസം നേടാന്‍ വളരെ പണിപ്പെടണം. എന്നാല്‍ അവരുടെ തന്നെ വിയര്‍പ്പു കൊണ്ട് പണിത ഒരു സ്ഥാപനത്തിന്റെ മുമ്പില്‍ ഓച്ഛാനിച്ച് നില്‍ക്കാനാണ് സമുദായത്തിന്റെ വിധി. അലിഗഢിന് നേരത്തെ തന്നെ ന്യൂനപക്ഷ പദവി നല്‍കിയിരുന്നെങ്കില്‍ സമുദായത്തിന്റെ ചിത്രം തന്നെ മാറുമായിരുന്നു. പക്ഷേ, എല്ലാവരുംകൂടി അതിന് സമ്മതിച്ചില്ല. 1968ല്‍ അസീസ് പാഷ, സര്‍ക്കാറിനെതിരെ ഇത് സംബന്ധിച്ച് കേസ് കൊടുത്തിരുന്നു. കേസില്‍ അന്നത്തെ കോണ്‍ഗ്രസ് സര്‍ക്കാര്‍ ന്യൂനപക്ഷ പദവിക്കെതിരായ സമീപനമാണ് കൈക്കൊണ്ടത്. ഈ കേസിലാണ് അലിഗഢിന് ന്യൂനപക്ഷ പദവി കൊടുക്കാനാകില്ലെന്ന ന്യായമുണ്ടായത്. ഒരു നൂലിഴയില്‍ പിടിച്ചുകൊണ്ട് പരമോന്നത കോടതി സര്‍ക്കാറിന്റെ വാദം ശരിവെച്ചു. ഉത്തരേന്ത്യയിലെ മുസ്‌ലിംകളുടെ ദൈന്യത കണ്ടിട്ട് പോലും ആര്‍ക്കും മനസ്സലിഞ്ഞില്ല. മുസ്‌ലിംകളെ പണ്ടേ കണ്ടുകൂടാത്ത ബി ജെ പി സര്‍ക്കാര്‍ അലിഗഢ് ന്യൂനപക്ഷ സ്ഥാപനമല്ലെന്ന് ഇപ്പോള്‍ മൊഴി കൊടുത്തത് മുമ്പത്തെ കോടതി വിധി മുന്നില്‍ വെച്ചാണ്. അവര്‍ക്കത് ‘രോഗി ഇച്ഛിച്ചതും, വൈദ്യന്‍ കല്‍പ്പിച്ചതും’ എന്ന സന്തോഷം നല്‍കി. മുസ്‌ലിംകള്‍ തന്നെ സ്ഥാപിച്ച ജാമിഅ മില്ലിയ്യക്ക് ന്യൂനപക്ഷ പദവിയുണ്ട്. അത് മുന്നില്‍ വെച്ച് അതേ സ്വഭാവമുള്ള അലിഗഢിനും ഈ പദവി നല്‍കാകുന്നതേയുള്ളൂ. ഇത് സംബന്ധിച്ച് കേസ് കോടതിയില്‍ കിടക്കുന്നത് കൊണ്ട് അതിനും കഴിഞ്ഞില്ല.

ഭരണഘടനയുടെ 29-ഉം 30-ഉം വകുപ്പുകള്‍ ന്യൂനപക്ഷങ്ങള്‍ക്ക് സ്ഥാപനങ്ങളുണ്ടാക്കാനും അവയില്‍ സര്‍ക്കാറുകളുടെ സഹായത്തോടെ തന്നെ അതാത് സമുദായാംഗങ്ങളെ പഠിപ്പിക്കാനുമുള്ള സ്വാതന്ത്ര്യം നല്‍കുന്നു. കേരളത്തില്‍ 1957ല്‍ പാസാക്കിയ വിദ്യാഭ്യാസ ബില്ലിലും ന്യൂപനക്ഷങ്ങള്‍ സ്ഥാപിച്ച് നടത്തുന്ന സ്ഥാപനങ്ങളുടെ പരിരക്ഷ ഉറപ്പാക്കുന്നുണ്ട്. പക്ഷേ, 1968ലെ അസീസ് പാഷ കേസില്‍ അലിഗഢിന് ന്യൂനപക്ഷ സ്ഥാപനമായിരിക്കാനുള്ള അവകാശം കോടതി സമര്‍ഥമായി തള്ളിക്കളഞ്ഞു. കോടതി വിധിയുടെ സാംഗത്യത്തെ അന്നത്തെ ന്യൂനപക്ഷ കമ്മീഷന്‍ അംഗവും അഭിഭാഷകനുമായ എച്ച് എം ശ്രീവായിയും മുസ്‌ലിം ലീഗ് എം പിമാരും ചോദ്യം ചെയ്തിരുന്നു. അലിഗഢ് സ്ഥാപിച്ചത് ന്യൂനപക്ഷമല്ലെന്ന് സ്ഥാപിക്കുകയാണ് കോടതി ചെയ്തത്.
വസ്തുത ഇതാണ്: മുസ്‌ലിം സമൂഹത്തിന്റെ വിദ്യാഭ്യാസ പിന്നാക്കാവസ്ഥ പരിഹരിക്കുന്നതിനുള്ള ഉദ്ദേശ്യത്തോടെ 1872ല്‍ സര്‍ സയ്യിദ് അഹ്മദ് ഖാന്‍ മുഹമ്മദന്‍ ആംഗ്ലോ ഓറിയന്റല്‍ കോളജ് ഫണ്ട് കമ്മിറ്റി രൂപവത്കരിക്കുന്നു. 1873ല്‍ സ്‌കൂള്‍ തുടങ്ങുന്നു. 1876ല്‍ അത് ഹൈസ്‌കൂളായി മാറുന്നു. 1877ല്‍ അന്നത്തെ വൈസ്രോയി ലിട്ടണ്‍ പ്രഭു കോളജിന് ശിലയിടുന്നു. മുഹമ്മദന്‍ ആംഗ്ലോ ഓറിയന്റല്‍ കോളജ് എന്ന പേരില്‍. അത് ഒരു യൂനിവേഴ്‌സിറ്റിയായി ഉയര്‍ത്തണമെന്ന് സര്‍ സയ്യിദ് ആഗ്രഹിച്ചെങ്കിലും ജീവിത കാലത്ത് സ്വപ്‌നം പൂവണിഞ്ഞില്ല. സര്‍വകലാശാലയായി ഉയര്‍ത്താനുള്ള ആവേശത്തോടെ കോളജ് കമ്മിറ്റി പ്രവര്‍ത്തനം തുടര്‍ന്നു. 1911ല്‍ ഒരു സര്‍വകലാശാല കമ്മറ്റി രൂപവത്കരിച്ചു. സര്‍വകലാശാലക്ക് വേണ്ടി ഫണ്ട് പിരിക്കാനും തുടങ്ങി. സര്‍ക്കാറുമായി ചര്‍ച്ചകള്‍ പുരോഗമിച്ചു. സര്‍വകലാശാല തുടങ്ങാന്‍ കോളജ് കമ്മിറ്റി 30 ലക്ഷം രൂപ പിരിച്ചുനല്‍കണമെന്ന് സര്‍ക്കാര്‍ നിബന്ധന വെച്ചു. സര്‍വകലാശാല നടത്താനുള്ള സൗകര്യങ്ങളെല്ലാം മുഹമ്മദന്‍ കോളജ് നല്‍കുകയും വേണം. കമ്മിറ്റി ഒട്ടും താമസിക്കാതെ അത്രയും തുക പിരിച്ച് സര്‍ക്കാറിന് നല്‍കി. അങ്ങനെ 1920ലെ ആക്ട് പ്രകാരം അലിഗഢ് യൂനിവേഴ്‌സിറ്റി സ്ഥാപിതമായി. സ്ഥാപിതമായതോടെ അതിന് വേണ്ടി സ്ഥാപിച്ച എല്ലാ സംഘങ്ങളും അതിന്റെ ഫണ്ടുകളും സ്വാഭാവികമായും യൂനിവേഴ്‌സിറ്റിയില്‍ ലയിച്ചു. മുസ്‌ലിംകള്‍ക്ക് മാത്രമായി ആക്ട് പ്രകാരം ലഭിച്ച ആനുകൂല്യം, മുസ്‌ലിം കുട്ടികള്‍ക്ക് നിര്‍ബന്ധമായ മതപഠനം നടത്താമെന്നുള്ളതും യൂനിവേഴ്‌സിറ്റി നിയമിക്കുന്ന കോര്‍ട്ടിലെ(ഭരണ സ്ഥാപനം) അംഗങ്ങളെല്ലാം മുസ്‌ലിംകളാകണമെന്നുള്ളതുമാണ്. സ്ഥാപനം മൊത്തത്തില്‍ മുസ്‌ലിംകളുടേത് തന്നെ. ആക്ട് പ്രകാരം 124 പേരാണ് കോര്‍ട്ടിലുള്ളത്; എല്ലാവരും മുസ്‌ലിംകള്‍. എന്നാല്‍ നിയമങ്ങളൊക്കെ റെക്ടറായ ഗവര്‍ണര്‍ ജനറലും അദ്ദേത്തിന്റെ കൗണ്‍സിലുമാണ് നിശ്ചയിക്കുക. യൂനിവേഴ്‌സിറ്റി സംബന്ധമായ കേസുകളില്‍ വിധി പറയാനുള്ള അവകാശവും കൗണ്‍സിലിനാണ്. കോര്‍ട്ടിലെ മുസ്‌ലിം അംഗങ്ങളെല്ലാം ബ്രിട്ടീഷ് അനുകൂലികളാകുമെന്ന് മാത്രം.
മുസ്‌ലിം കുട്ടികള്‍ക്ക് അഡ്മിഷന്റെ കാര്യത്തിലോ മുസ്‌ലിം അധ്യാപകര്‍ക്ക് നിയമനത്തിന്റെ കാര്യത്തിലോ ഒരു പരിരക്ഷയും ആക്ടിലുണ്ടായിരുന്നില്ല. ന്യൂനപക്ഷ സ്ഥാപനം എന്ന് ആക്ടില്‍ എവിടേയും പരാമര്‍ശിച്ചുമില്ല. ഇങ്ങനെയാണെങ്കിലും അതിന്റെ സ്വഭാവം വെച്ച് ഭരണഘടനയുടെ 30-ാം വകുപ്പ് പ്രകാരമുള്ള ന്യൂനപക്ഷ സ്ഥാപനം തന്നെ. കാരണം അത് സ്ഥാപിച്ചതും ഫണ്ട് പിരിച്ചതും എല്ലാം മുസ്‌ലിംകളാണ്. എന്നാല്‍, അസീസ് പാഷ കേസില്‍ വിചിത്രമായ വാദമാണ് കോടതി ഉന്നയിച്ചത്. യൂനിവേഴ്‌സിറ്റി സ്ഥാപിച്ചത് മുസ്‌ലിംകളല്ല എന്നും അത് 1920ലെ യൂനിവേഴ്‌സിറ്റി നിയമത്തിന്റെ അടിസ്ഥാനത്തില്‍ കേന്ദ്ര നിയമസഭാ സമിതിയാല്‍ സ്ഥാപിക്കപ്പെട്ടതാണെന്നും കോടതി വാദിച്ചു. അങ്ങനെ ഭരണഘടനയുടെ 30-ാം വകുപ്പ് പ്രകാരം ന്യൂനപക്ഷങ്ങള്‍ക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങളുണ്ടാക്കാനും ഭരിക്കാനുമുള്ള അവകാശം അലിഗഢ് യൂനിവേഴ്‌സിറ്റിയുടെ കാര്യത്തില്‍ വ്യക്തമായും ഇല്ലാതാക്കി.
ഏത് വിദ്യാഭ്യാസ സ്ഥാപനവും സ്ഥാപിക്കുന്നത് ഒരു ആക്ടിന്റെ അടിസ്ഥാനത്തിലാണെന്നിരിക്കെ അലിഗഢിന്റെ കാര്യത്തില്‍ മാത്രം അത് സ്ഥാപിച്ചത് മുസ്‌ലിം ന്യൂനപക്ഷമല്ല എന്ന് പറയുന്നതില്‍ ഒരു ന്യായവുമില്ല. ആടിനെ പട്ടിയാക്കുന്ന നടപടിയാണ് ഈ കേസില്‍ ന്യായാധിപന്‍മാരുടെ ഭാഗത്ത് നിന്നുണ്ടായത്. ഇക്കാര്യം നിയമജ്ഞര്‍ ചൂണ്ടിക്കാണിച്ചെങ്കിലും പാഷാ കേസ് വിധിയുടെ മറ പിടിച്ചാണ് മറ്റ് ഭേദഗതികളൊക്കെ കോടതി തള്ളിയത്. ഇവിടെ കളിച്ചത് ഇന്ദിരാ ഗാന്ധിയുടെ കാലത്തെ സര്‍ക്കാര്‍ അഭിഭാഷകനാണെന്ന് കൂടി മനസ്സിലാക്കണം. ശരിക്കും വഞ്ചന.
1950ല്‍ ഭരണഘടന നിലവില്‍ വന്നതിനെ തുടര്‍ന്ന് അലിഗഢിന്റെ കാര്യത്തില്‍ ചില ഭേദഗതികള്‍ കൊണ്ടുവന്നു. ബ്രിട്ടീഷ് ഭരണഘടനക്ക് പകരം ഇന്ത്യന്‍ ഭരണഘടന പ്രകാരം നിയമങ്ങള്‍ പുനര്‍നിര്‍ണയം ചെയ്യാനായിരുന്നു ഭേദഗതി. ഇതടിസ്ഥാനത്തില്‍ മുസ്‌ലിം കുട്ടികള്‍ക്ക് നല്‍കിയിരുന്ന നിര്‍ബന്ധ മതപഠനം ഇല്ലാതായി. അതേ സമയം നിര്‍ബന്ധിക്കാത്ത മതപഠനം നല്‍കുന്നതിന് തടസ്സമില്ലെന്നും ഭേദഗതിയില്‍ പറഞ്ഞു. ഗവര്‍ണര്‍ ജനറലിന് പകരം പരമാധികാരം പ്രസിഡന്റിനായി. റെക്ടര്‍ എന്നതിന് പകരം വിസിറ്റര്‍ എന്നാക്കി. കോര്‍ട്ട് മെമ്പര്‍മാരെല്ലാം മുസ്‌ലിംകളാകണമെന്ന നിബന്ധനയും ഇല്ലാതായി. 1965ലെ നിയമ ഭേദഗതി പ്രകാരം കോര്‍ട്ടിന്റെ പരമാധികാരവും ഇല്ലാതാക്കി. കേവലം ഉപദേശക സമിതിയാക്കി കോര്‍ട്ടിനെ തരം താഴ്ത്തി. അധികാരങ്ങളെല്ലാം വിസിറ്ററുടെ കീഴിലുള്ള എക്‌സിക്യൂട്ടീവ് കൗണ്‍സിലിന് കൈമാറി. പഴയ അവകാശങ്ങളെങ്കിലും പുനഃസ്ഥാപിക്കണമെന്ന ആവശ്യമുയര്‍ന്നെങ്കിലും അംഗീകരിക്കപ്പെട്ടില്ല.
കോടതി ഉന്നയിച്ച മറ്റൊരു വാദം ഡിഗ്രി നല്‍കണമെങ്കില്‍ സര്‍ക്കാര്‍ സ്ഥാപിക്കുന്ന യൂനിവേഴ്‌സിറ്റിക്കേ കഴിയൂ എന്നതായിരുന്നു. അക്കാരണത്താല്‍ അലിഗഢിന് ന്യൂനപക്ഷ പദവി നല്‍കാനാകില്ല. നല്‍കിയാല്‍ അതിന്റെ ബിരുദങ്ങള്‍ അംഗീകരിക്കപ്പെടില്ല. പക്ഷേ, അങ്ങനെയൊരു നിയമം എവിടെയും പറയുന്നില്ല. ആര് സ്ഥാപിച്ചാലും വിദ്യാഭ്യാസപരമായ നിയമങ്ങള്‍ സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ക്ക് വിധേയമായിരിക്കുമെന്നതിനാല്‍ പ്രസ്തുത വാദവും നില നില്‍ക്കില്ല. ന്യൂനപക്ഷ പദവി ഒരിക്കലും ഡിഗ്രി നല്‍കുന്നതിന് തടസ്സമാകുന്നില്ല.
30-ാം വകുപ്പിലെ സ്ഥാപിക്കുക (ലേെമയഹശവെ) എന്ന പദത്തിനെ തങ്ങളുടെ ഹിതത്തിനൊത്ത് വ്യാഖ്യാനിക്കാന്‍ വേണ്ടി ന്യായാധിപന്‍മാര്‍ ഏറെ പാടുപെട്ടു. പല നിഘണ്ടുകളും തപ്പിയ ശേഷം അവസാനം പറഞ്ഞത് ആ പദത്തിനര്‍ഥം ‘സ്ഥാപിക്കുക’ എന്നല്ല എന്നും ‘നില നിലനില്‍പ്പിലേക്ക് എത്തിക്കുക’ (യൃശിഴ ശിീേ ലഃശേെലിരല) എന്നാണെന്നുമാണ്. അലിഗഢിനെ നില നില്‍പിലേക്ക് എത്തിച്ചത് മുസ്‌ലിംകളല്ല; മറിച്ച് 1920ലെ ആക്ടും വൈസ്രോയ്‌സ് കൗണ്‍സിലുമാണെന്നും ഇവര്‍ പറഞ്ഞൊപ്പിച്ചു. ശരിക്കും സര്‍ക്കാറിന്റെ ഇംഗിതം നടപ്പാക്കാനുള്ള തന്ത്രമാണിതെന്ന് ഭേദഗതിയെ ഉദ്ധരിച്ച് പലരും പറഞ്ഞെങ്കിലും കോടതിയുടെ അവസാന വാക്ക് തന്നെ നിയമമായി. അങ്ങനെ ഭരണഘടനയുടെ 30-ാം വകുപ്പ് ന്യൂനപക്ഷങ്ങള്‍ക്ക് നല്‍കുന്ന അവകാശത്തില്‍ നിന്ന് അലിഗഢിനെ സമര്‍ഥമായി മാറ്റിനിറുത്തി. 1920 ആക്ടിലെ ഒന്നാം വകുപ്പിലെ 23-ാം ഉപ വകുപ്പ് പ്രകാരം യൂനിവേഴ്‌സിറ്റിയുടെ ഭരണം മുസ്‌ലിംകള്‍ മാത്രമടങ്ങുന്ന ഒരു കോര്‍ട്ടിനാണെന്ന് പറയുന്നുണ്ട്. ആ നിലക്ക് ഭരണം നടത്തിയിരുന്നത് ന്യൂനപക്ഷം തന്നെയാണ്. പക്ഷേ, ഇതും കോടതി തെറ്റായി വ്യാഖ്യാനിച്ചുവെന്ന് മാത്രമല്ല പ്രസിഡന്റ് വിസിറ്ററായ കൗണ്‍സിലിനാണ് ഭരണാധികാരം നല്‍കിയത്.
1981-ലെ ഭേദഗതി പ്രകാരം അലിഗഢിന് ചെറിയൊരു ആശ്വാസം കിട്ടി. മുസ്‌ലിംകളുടെ പുരോഗതിക്ക് വേണ്ടി സ്ഥാപിക്കപ്പെട്ടതാണ് യൂനിവേഴ്‌സിറ്റി എന്ന് ആക്ടില്‍ ഭേദഗതി വരുത്തി. സെക്ഷന്‍ രണ്ടില്‍ ഒന്ന് പ്രകാരം തങ്ങളുടെ ഇഷ്ടപ്രകാരം മുസ്‌ലിംകള്‍ തന്നെ സ്ഥാപിക്കപ്പെട്ടതാണ് സര്‍വകലാശാല എന്നും വ്യക്തമാക്കി. കോര്‍ട്ടിന് ഭരണാധികാരം തിരിച്ചുനല്‍കി. ഭരണഘടനയിലെ ന്യൂനപക്ഷാവകാശം അനുവദിച്ച് കിട്ടിയെന്ന് ഏറെക്കുറെ പറയാനായി. അപ്പോഴും അലിഗഢ് ന്യൂനപക്ഷ സ്ഥാപനമാണെന്നോ 30-ാം ഭരണഘടനാ വകുപ്പ് പ്രകാരം അവകാശങ്ങളുണ്ടെന്നോ വ്യക്തമാക്കാത്ത സ്ഥിതിക്ക് അവ്യക്തതയുണ്ടാക്കാന്‍ വിമര്‍ശകര്‍ക്ക് കച്ചിത്തുരുമ്പ് കിട്ടി. യൂനിവേഴ്‌സിറ്റിയുടെ അഡ്മിഷന്‍ പോളിസി പ്രകാരം മെഡിക്കലിന് 25 ശതമാനം പേരെ ആള്‍ ഇന്ത്യ പ്രവേശ പരീക്ഷയില്‍ നിന്നാണ് എടുക്കേണ്ടത്. പിന്നെ 50 ശതമാനം പേരെ യൂനിവേഴ്‌സിറ്റി ആള്‍ ഇന്ത്യ അടിസ്ഥാനത്തില്‍ നടത്തുന്ന പരീക്ഷയില്‍ നിന്നെടുക്കണം. ഇതിന് പുറമെ 25 ശതമാനം യൂനിവേഴ്‌സിറ്റിയില്‍ പഠിച്ച കുട്ടികള്‍ക്ക് വേണ്ടി മാത്രം പ്രവേശ പരീക്ഷ നടത്തണം. ഇപ്രകാരം മെഡിക്കല്‍ പി ജിക്ക് തങ്ങള്‍ക്ക് അവകാശമുണ്ടെന്ന് കാണിച്ച് ഒരു പെറ്റിഷന്‍ കോടതിയില്‍ വന്നപ്പോള്‍ പഴയ തര്‍ക്കങ്ങള്‍ കോടതി വീണ്ടും കുത്തിപ്പൊക്കി. ഭേദഗതിയില്‍ ന്യൂനപക്ഷങ്ങളുടെ സ്ഥാപനമാണെന്ന് വ്യക്തമായി നിര്‍ദേശിക്കപ്പെടാത്ത സ്ഥിതിക്ക് അസീസ് പാഷയുടെ കേസിനാസ്പദമായ വിധി തന്നെയാണ് നിലനില്‍ക്കുന്നതെന്ന് പറഞ്ഞ് കീഴ്‌ക്കോടതി കേസ് തള്ളി. കേസ് അലഹബാദ് ഹൈക്കോടതിയിലെത്തി. ഹൈക്കോടതി 1981ലെ ഭേദഗതിയില്‍ പിടിച്ച് പി ജി (എം ഡി)ക്ക് 50 ശതമാനം സീറ്റുകള്‍ മുസ്‌ലിംകള്‍ക്ക് അവകാശപ്പെട്ടതാണെന്നും അന്യായക്കാര്‍ക്ക് സീറ്റ് കിട്ടാനര്‍ഹതയുണ്ടെന്നും വിധി പുറപ്പെടുവിച്ചു. എന്നാല്‍, വിധിക്കെതിരെ സുപ്രീം കോടതയില്‍ അപ്പീല്‍ ചെന്നപ്പോള്‍ നിലവിലെ നയം തന്നെ തത്കാലം തുടരാനാണ് നിര്‍ദേശം വന്നത്. അങ്ങനെ 50 ശതമാനം സംവരണം എന്ന വിധി തത്കാലം മരവിപ്പിച്ചു. കേസ് അഞ്ചംഗങ്ങളടങ്ങുന്ന ഒരു ഭരണഘടനാ ബെഞ്ചിന് വിട്ടു.
ആദ്യ യു പി എ ഭരണകാലത്ത് സ്ഥാപിച്ച ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ ജാമിഅ മില്ലിയ യൂനിവേഴ്‌സിറ്റിക്ക് 2011 ഫെബ്രുവരി 22ന് ന്യൂനപക്ഷ പദവി നല്‍കിയതോടെ അലിഗഢിന്റെ പ്രശ്‌നം വീണ്ടും സജീവമായി. ഇത് പ്രകാരം ജാമിഅയില്‍ പട്ടിക ജാതി പട്ടികവര്‍ഗ സംവരണങ്ങളൊക്കെ എടുത്തുകളഞ്ഞ് 50 ശതമാനം സീറ്റുകള്‍ മുസ്‌ലിംകള്‍ക്ക് മാത്രമായി സംവരണം ചെയ്തു. കേന്ദ്ര യൂനിവേഴ്‌സിറ്റിയില്‍ ഇങ്ങനെ ഒരു സംവരണം അസാധ്യമാണെന്നും സ്ഥാപനം യൂനിവേഴ്‌സിറ്റിയായതിനാല്‍ ന്യൂനപക്ഷ പദവിക്ക് അവകാശമില്ലെന്നുമുള്ള വാദങ്ങള്‍ വന്നെങ്കിലും അവക്ക് നിയമസാധുത കിട്ടാതെ പോയി. കാരണം 30-ാം വകുപ്പില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങുന്നതിന് ന്യൂനപക്ഷങ്ങള്‍ക്ക് അവകാശമുണ്ടെന്ന് വ്യക്തമാക്കുമ്പോള്‍ തന്നെ യൂനിവേഴ്‌സിറ്റി പാടില്ലെന്ന് പ്രത്യേകം പറയുന്നില്ല. അത് പോലെ ന്യൂനപപക്ഷങ്ങള്‍ക്ക് യൂനിവേഴ്‌സിറ്റി നടത്താന്‍ പാടില്ലെന്ന് യൂനിവേഴ്‌സിറ്റിയുടേയോ യു ജി സിയുടേയോ നിയമങ്ങളിലുമില്ല. ഇങ്ങനെയെങ്കില്‍, അലിഗഢിന് ന്യൂപനപക്ഷ പദവി നല്‍കുന്നതില്‍ എന്തിന് അമാന്തിക്കണം? ഉത്തരേന്ത്യയില്‍ ഒരു വിദ്യാലയത്തിലും പഠിക്കാനാകാതെ തീണ്ടാപ്പാടകലെ നിറുത്തപ്പെട്ട മുസ്‌ലിം ന്യൂനപക്ഷത്തിന് അവരുടെ സ്വന്തം വിദ്യാലയത്തിലെങ്കിലും പഠിക്കാനനുവദിച്ചു കൂടേ? ഇന്ത്യ ഭരിച്ച സര്‍ക്കാറുകള്‍ ആരെ പ്രീതിപ്പെടുത്താനാണ് ഈ വഞ്ചനക്ക് തല വെച്ചു കൊടുത്തത്. വലിയൊരു ജനവിഭാഗത്തെ നിയമം കൊണ്ട് ഭീഷണിപ്പെടുത്തി ഭരിക്കാന്‍ ശ്രമിച്ചാല്‍ ജനാധിപത്യം പുലരുമോ?