ആനകള്‍ ഇടയാതിരിക്കാന്‍

Posted on: January 19, 2016 6:00 am | Last updated: January 18, 2016 at 8:29 pm
SHARE

SIRAJ.......ആനക്ക് അതിന്റെ ശക്തിയും വലുപ്പവും തിരിച്ചറിയാനാകാത്തത് ആരുടെയൊക്കയോ ഭാഗ്യം. വന്യമൃഗങ്ങളില്‍ മനുഷ്യനുമായി നന്നായി ഇണങ്ങുന്നതും കാടിന്റെ പുത്രനെന്ന് തീര്‍ത്തും അവകാശപ്പെടാവുന്നതും കരിവീരന് തന്നെ. ഉത്സവങ്ങള്‍ക്കും ആഘോഷപരിപാടികള്‍ക്കുമെല്ലാം ആനകളെ കെട്ടി എഴുന്നള്ളിക്കാന്‍ നിര്‍ബന്ധബുദ്ധി പുലര്‍ത്തുന്ന സംഘാടക സമിതിക്കാര്‍ ആനയുടെ എഴുന്നള്ളിപ്പ് ഒരു ആചാരമാക്കി മാറ്റിയിരിക്കുന്നു. പൂരങ്ങളുടെ പൂരമായ തൃശൂര്‍പൂരമാണ് ആനയെഴുന്നള്ളിപ്പില്‍ എന്നും ഒന്നാം സ്ഥാനത്തുള്ളത്. തൃശൂര്‍ പൂരം കണക്കെ ജനലക്ഷങ്ങളെ ആകര്‍ഷിക്കുന്ന ആചാരാനുഷ്ഠാനങ്ങളുള്ള ആഘോഷപരിപാടികള്‍ക്ക് ആന തന്നെ വില്ലനായി മാറിയ അനുഭവങ്ങളും നമുക്കുണ്ട്. ശബരിമലയില്‍ മകരവിളക്കിന് തിടമ്പേറ്റാന്‍ കൊണ്ടുവന്ന ആന അവിടെ ദര്‍ശനത്തിനെത്തിയ വൃദ്ധയെ കുത്തിക്കൊന്നത് കഴിഞ്ഞ ദിവസമാണ്.
നെറ്റിപ്പട്ടം കെട്ടിയാണെങ്കിലും മണിക്കൂറുകള്‍ നീളുന്ന നില്‍പ്പ് ആനകള്‍ക്ക് സഹിക്കാവുന്നതിലേറെയാണ്. നട്ടുച്ചവെയിലത്ത് ഒരു തുള്ളി ജലപാനമില്ലാത്ത അവസ്ഥ അസഹനീയമാണ്. ഈ സാഹചര്യങ്ങളില്‍ ആന ഇടഞ്ഞാലുള്ള അവസ്ഥ നമുക്ക് ഊഹിക്കാവുന്നതേയുള്ളു. പരിഭ്രാന്തിക്കിടയില്‍ ആളപായം കൂടിയാകുമ്പോള്‍ ഏതാനും ആഴ്ചകള്‍ ആനയെഴുന്നെള്ളിപ്പിലെ ആപത്തിനെ കുറിച്ച് സജീവ ചര്‍ച്ചയാകും. പിന്നീട് ഇനിയൊരു ആന ഇടയല്‍വരെ എല്ലാം വിസ്മൃതിയിലാകും. ആഘോഷങ്ങള്‍ക്കും പൂരങ്ങള്‍ക്കും മറ്റും ആനകള്‍ സ്വയം നെറ്റിപ്പട്ടം കെട്ടി എഴുന്നള്ളാറില്ല. ഇതിനെല്ലാം പിന്നില്‍ മനുഷ്യരുടെ ദുര തന്നെയാണുള്ളതെന്ന വസ്തുത എല്ലാവരും സൗകര്യപൂര്‍വം വിസ്മരിക്കുന്നു. ആനയെ പ്രകോപിപ്പിക്കുന്നത് പലപ്പോഴും മനുഷ്യര്‍ തന്നെയാണ്. ആനക്ക് പീഡനമാകും വിധമുള്ള പരിപാടികള്‍ ഉപേക്ഷിക്കണമെന്ന് ഒരു വിഭാഗം വാദിക്കുമ്പോള്‍ മറുവിഭാഗം കൂടുതല്‍ ആനകളെ പരിപാടികളില്‍ എഴുന്നള്ളിക്കാന്‍ ശാഠ്യം പിടിക്കുന്നു. കഴിഞ്ഞ ആറ് മാസമായി പുറം ലോകം കാണിക്കാതെ ആനക്കോട്ടയില്‍ തളച്ചിട്ട 56 ആനകളെ പൂരങ്ങളില്‍ പങ്കെടുപ്പിക്കാന്‍ ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് അനുമതി നല്‍കിയിരിക്കുന്നു.
ഏതായാലും ആനയെഴുന്നള്ളിപ്പിലെ അപകടത്തെ കുറിച്ച് ശക്തമായ സംവാദം ഗുണഫലങ്ങള്‍ ഉളവാക്കിയിട്ടുണ്ട്. ആനയെ സ്വന്തമാക്കാന്‍ പാലിക്കേണ്ട നിബന്ധനകള്‍ വ്യവസ്ഥയായി. ആനയുടെ രജിസ്‌ട്രേഷന്‍, ഇക്കാര്യത്തില്‍ ആനയുടമകള്‍ പാലിക്കേണ്ട ചട്ടവട്ടങ്ങള്‍, ആനയെ വേണ്ടവിധം പരിപാലിക്കല്‍, ആള്‍ക്കൂട്ടങ്ങളെ ആകര്‍ഷിക്കുന്ന ചടങ്ങുകളില്‍ വിശ്വാസികള്‍ പാലിക്കേണ്ട നിയന്ത്രണങ്ങള്‍ തുടങ്ങിയവ കര്‍ക്കശമാക്കിയിട്ടുണ്ട്. എന്നിട്ടും ആന ഇടഞ്ഞുവെന്ന വാര്‍ത്തകള്‍ക്ക് ഒരു പഞ്ഞവുമില്ല. കഴിഞ്ഞ ബുധനാഴ്ച കോഴിക്കോട്ട് ഒരു ക്ഷേത്രോത്സവത്തിന് കൊണ്ടുവന്ന ആന ഇടഞ്ഞ് മണിക്കൂറുകള്‍ നഗരത്തെ വിറകൊള്ളിച്ചു. ഇതില്‍ ഏറെ ശ്രദ്ധേയമായ കാര്യം ഈ ആനക്ക് സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശിച്ചിരിക്കുന്ന നാട്ടാന മോണിറ്ററിംഗ് കമ്മിറ്റിയിലെ രജിസ്‌ട്രേഷന്‍ പോലും ഇല്ലെന്നതാണ്. ജില്ലാ കലക്ടറാണ് കമ്മിറ്റി അധ്യക്ഷന്‍. ആനിമല്‍ ടാസ്‌ക്‌ഫോഴ്‌സില്‍ നിന്നുള്ള പരാതി അനുസരിച്ച് അധികൃതര്‍ നടപടികള്‍ ആരംഭിച്ചതായാണ് വിവരം. ബുധനാഴ്ച രാത്രി കോഴിക്കോട്ട് ഇടഞ്ഞ ആനയെ വ്യാഴാഴ്ച പുലര്‍ച്ച രണ്ടോടെ ലോറിയില്‍ തൃശൂര്‍ ജില്ലയിലേക്ക് മാറ്റിയിട്ടുണ്ട്. ജനവാസമേറിയ പ്രദേശത്ത് ആനയെ തുടര്‍ന്നും ബന്ധനത്തിലിടുന്നത് നല്ലതല്ലെന്നതിനാലാണത്രെ തൃശൂരിലേക്ക് മാറ്റിയത്.
പലയിടങ്ങളിലുമെന്നപോലെ മനുഷ്യരേല്‍പ്പിക്കുന്ന പീഡനങ്ങള്‍ സഹിക്കാനാകാതെയാണ് കോഴിക്കോട്ടും ആന ഇടഞ്ഞ് പരാക്രമങ്ങള്‍ കാണിച്ചതെന്നാണ് വിവരം. 2015ലെ ഔദ്യോഗിക കണക്കനുസരിച്ച് കോഴിക്കോട് ജില്ലയില്‍ ആറ് ആനകളേയുള്ളൂ. എന്നാല്‍, ആറ് മാസത്തിനകം 18 ആനകളെ അനധികൃതമായി കോഴിക്കോട്ട് എത്തിച്ചിട്ടുണ്ട്. കള്ളക്കടത്തായി ഒളിച്ച് കടത്താന്‍ പറ്റിയതല്ല അതിന്റെ ശരീരപ്രകൃതിയെന്നതിനാല്‍ വെളിച്ചത്ത് തന്നെയാണ് ആനക്കടത്ത് നടക്കുന്നത്. അധികൃതര്‍ കണ്ണടക്കുമ്പോള്‍ ഇതൊന്നും അത്ര വിഷമമുള്ള കാര്യമല്ല. ജനവാസ കേന്ദ്രങ്ങളില്‍ നടക്കുന്ന പരിപാടികളില്‍ ആനയെ അണിനിരത്തണമെങ്കില്‍ ജില്ലാ കലക്ടറുടെ അനുമതി വാങ്ങിയിരിക്കണമെന്നാണ് ചട്ടം. പക്ഷേ, കോഴിക്കോട്ട് നടന്ന പരിപാടിയില്‍ അങ്ങനെയൊന്ന് ഉണ്ടായില്ല. ഇക്കാര്യങ്ങള്‍ ഗൗരവപൂര്‍വം ചര്‍ച്ച ചെയ്യേണ്ടത് മുഴുവന്‍ മനുഷ്യസ്‌നേഹികളുടേയും മൃഗസ്‌നേഹികളുടേയും കടമയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here