കലയുടെ ആഴ്ചക്കാലത്തിന് ആവേശക്കൊടിയേറ്റം

Posted on: January 19, 2016 6:50 pm | Last updated: January 20, 2016 at 1:43 pm
SHARE

kalolsavam inagurationതിരുവനന്തപുരം: കലയുടെ പുതുനാമ്പുകള്‍ക്ക് സ്വാഗതമേകി അനന്തപുരിയില്‍ 56ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് വര്‍ണാഭമായ തുടക്കം. 19 വേദികള്‍, 232 ഇനങ്ങള്‍, 12000ല്‍പ്പരം കലാപ്രതിഭകള്‍. ഒരാഴ്ചക്കാലം അനന്തപുരി കലയുടെ പുത്തന്‍ പ്രതിഭകളുടെ മാറ്റളക്കുന്ന വേദിയാകും.
വൈകുന്നേരം 5.30 ഓടെ പ്രധാനവേദിയായ പുത്തരിക്കണ്ടം മൈതാനിയില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കലോത്സവത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. മുഖ്യമന്ത്രിയും മന്ത്രിമാരും ജനപ്രതിനിധികളും ചേര്‍ന്ന് ദീപം പകര്‍ന്ന് 56 തിരിയിട്ട കല്‍വിളക്കു തെളിയിച്ചപ്പോള്‍ സംസ്ഥാന കലോത്സവത്തിന് ഔപചാരികമായ തുടക്കമായി. രാവിലെ 9.30ഓടെ പുത്തരിക്കണ്ടത്ത് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എം എസ് ജയ പതാക ഉയര്‍ത്തി. കോട്ടണ്‍ഹില്‍ സ്‌കൂളിലെ കുട്ടികള്‍ ആലപിച്ച പ്രാര്‍ഥനാ ഗാനത്തോടെയാണ് കൊടിയേറ്റം നടന്നത്.
ഉച്ചക്ക് 2.30ന് ഉദ്ഘാടന സമ്മേളനത്തിന് മുന്നോടിയായി നഗര ഹൃദയവീഥിയായ എം ജി റോഡിലൂടെ പുത്തരിക്കണ്ടത്തേക്ക് വര്‍ണാഭമായ ഘോഷയാത്ര ആരംഭിച്ചു. ഘോഷയാത്രയില്‍ കലാരൂപങ്ങളും വാദ്യോപകരണങ്ങളും ഫ്‌ളോട്ടുകളും അണിചേര്‍ന്നു. ജില്ലയിലെ അമ്പതിലധികം സ്‌കൂളുകളില്‍ നിന്നുള്ള ആറായിരത്തിലധികം വിദ്യാര്‍ഥികളും അധ്യാപകരും ഘോഷയാത്രയില്‍ പങ്കാളികളായി. എല്ലാവിധ വാഹനങ്ങളുടെയും ലൈസന്‍സ് കരസ്ഥമാക്കിയ സംസ്ഥാനത്തെ പ്രായം കുറഞ്ഞ വനിതയെന്ന റെക്കോര്‍ഡ് കരസ്ഥമാക്കിയ ആതിര മുരളിയുടെ നേതൃത്വത്തില്‍ 56 ബുള്ളറ്റുകള്‍ പങ്കെടുത്ത ബൈക്ക് റൈഡിംഗായിരുന്നു ഘോഷയാത്രയുടെ മുന്‍നിരയില്‍.
സൈക്ലിംഗ്, പോലീസ് അശ്വാരൂഢസേന, ബാന്‍ഡ്‌മേളം, കായിക പ്രകടനങ്ങള്‍ എന്നിവ ഘോഷയാത്രയില്‍ ശ്രദ്ധേയമായി. കരകാട്ടം, തെയ്യം തുടങ്ങിയ കലാപ്രകടനങ്ങളും അവക്കൊപ്പം അണിചേര്‍ന്ന മുത്തുക്കുടകളും വെഞ്ചാമരവും ഘോഷയാത്രക്ക് ദൃശ്യഭംഗിയേകി. ഘോഷയാത്ര പുത്തരിക്കണ്ടം മൈതാനിയില്‍ പ്രവേശിച്ച് ഒരു മണിക്കൂര്‍ കഴിഞ്ഞാണ് ഉദ്ഘാടന സമ്മേളനം ആരംഭിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here