സൂര്യകാന്തി പ്രഭയില്‍ റിഹേഴ്‌സല്‍; ഘോഷയാത്ര നിറച്ചാര്‍ത്തൊരുക്കും

Posted on: January 18, 2016 4:30 pm | Last updated: January 19, 2016 at 8:32 pm
SHARE

DSC06041തിരുവനന്തപുരം: അമ്പത്തിയാറാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ ഭാഗമായുള്ള ഘോഷയാത്രയുടെ റിഹേഴ്‌സല്‍ സൂര്യകാന്തിപ്രഭയില്‍ നയന മനോഹരമായി. ഏഷ്യയില്‍ ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ പഠനം നടത്തുന്ന പട്ടം സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥികളാണ് സൂര്യകാന്തിപ്പൂക്കളെ രംഗവത്ക്കരിച്ചുകൊണ്ടുള്ള ഘോഷയാത്ര ഒരുക്കിയത്. 12,000 ത്തോളം വിദ്യാര്‍ഥികള്‍ പഠനം നടത്തുന്ന വിദ്യാലയമാണ് പട്ടം സെന്റ് മേരീസ് എച്ച് എസ് എസ്.
സൂര്യകാന്തിപ്പൂക്കള്‍ ചിത്രീകരിച്ച മുഖംമൂടി ധരിച്ച് കുട്ടികള്‍ നിര നിരയായി അണിനിരന്നപ്പോള്‍ പ്രേക്ഷകരില്‍ അത് നവ്യാനുഭൂതി ഉളവാക്കി. സ്‌കൂളിലെ നൂറോളം വിദ്യാര്‍ഥികളാണ് ഘോഷയാത്രയില്‍ അണിനിരന്നത്. വര്‍ണക്കുടകള്‍ ഏന്തി ആണ്‍കുട്ടികളും ഘോഷയാത്രയില്‍ ഒപ്പം ചേര്‍ന്നു. വിദ്യാഭ്യാസ മന്ത്രി പി കെ അബ്ദുറബ്ബ് ഘോഷയാത്രയുടെ റിഹേഴ്‌സലില്‍ പങ്കെടുത്ത വിദ്യാര്‍ഥികളുമായി സംവദിക്കുകയും സൗഹൃദം പങ്കിടുകയും ചെയ്തു. ഡി പി ഐ എം എസ് ജയയും ഒപ്പമുണ്ടായിരുന്നു.
കലോത്സവത്തിന്റെ പ്രധാന ആകര്‍ഷകമായ സാംസ്‌കാരിക ഘോഷയാത്ര സംസ്‌കൃത കോളജില്‍ നിന്ന് ആരംഭിക്കും. ഇന്ന് ഉച്ചക്ക് 2.30ന് ആരംഭിക്കുന്ന ഘോഷയയാത്ര ഡി ജി പി. ടി പി സെന്‍കുമാര്‍ ഫഌഗ്ഓഫ് ചെയ്യുമെന്ന് ഘോഷയാത്ര കമ്മറ്റി ചെയര്‍മാന്‍ കെ എസ് ശബരിനാഥന്‍ എം എല്‍ എ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഘോഷയാത്രയില്‍ മന്ത്രിമാര്‍, എം എല്‍ എമാര്‍, സാമൂഹ്യ-സാംസ്‌കാരിക നായകര്‍ എന്നിവര്‍ പങ്കെടുക്കും. 35 സ്‌കൂളുകളില്‍ നിന്ന് 10000ത്തോളം കുട്ടികളും പങ്കെടുക്കും.
ഘോഷയാത്രയില്‍ മികച്ച പ്രകടനം കാഴ്ചവക്കുന്ന സര്‍ക്കാര്‍, എയ്ഡഡ്, അണ്‍-എയ്ഡഡ് സ്‌കൂളുകള്‍ക്ക് സമ്മാനം നല്‍കും. സര്‍ക്കാര്‍, എയ്ഡഡ്, അണ്‍-എയ്ഡഡ് സ്‌കൂളുകളെ ഒരു വിഭാഗമായും അണ്‍-എയ്ഡഡ് സ്‌കൂളുകളെ മറ്റൊരു വിഭാഗവുമായി തിരിച്ച് ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ക്കാണ് സമ്മാനം. കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ മോട്ടോര്‍ സ്‌പോര്‍ട്‌സ് വനിതാ ഡ്രൈവറായ ആതിര മുരളിയുടെ സാഹസിക പ്രകടനം ഘോഷയാത്രയുടെ ഏറ്റവും മുന്നിലായി അവതരിപ്പിക്കും. ഇതിന് പിന്നിലായി 56-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തെ ഓര്‍മിപ്പിക്കാന്‍ 56 ഓളം പേര്‍ അണിനിരക്കുന്ന മോട്ടാര്‍ബൈക്കുകളുടെ സാഹസിക പ്രകടനം, 56 മുത്തുക്കുടകള്‍ ചൂടിയ വിദ്യാര്‍ഥിനികള്‍, സൈക്ലിംഗ്, റോളര്‍ സ്‌കേറ്റിംഗ്, അശ്വാരൂഢ സേന, ബാന്റ് മേളം, എന്‍ സി സി, എസ് പി സി, സ്‌കൗട്ട്, ഗൈഡ്, കേരളത്തിന്റ തനത് കലാരൂപങ്ങള്‍, വിവിധ സര്‍ക്കാര്‍ ഏജന്‍സികളുടെ ഫ്‌ളോട്ടുകളും അണിനിരക്കും. നഗരത്തിലെ റസിഡന്റ് അസോസിയേഷനുകള്‍, വ്യാപാരസ്ഥാപനങ്ങള്‍, മതസംഘടനകള്‍ എന്നിവരുടെ സഹകരണവും ഘോഷയാത്രക്കുണ്ട്. വാര്‍ത്താസമ്മേളനത്തില്‍ ഡി പി ഐ. എം എസ് ജയ, ഘോഷയാത്ര കമ്മിറ്റി കണ്‍വീനര്‍ ജെ ആര്‍ സാലു എന്നിവരും പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here