Connect with us

Kerala

പൊന്‍കപ്പിന് ആവേശോജ്വല സ്വീകരണം

Published

|

Last Updated

തിരുവനന്തപുരം: കൗമാരമേളക്ക് ആവേശമായി എത്തിയ പൊന്‍കപ്പിന് തലസ്ഥാനം ആവേശോജ്ജ്വല സ്വീകരണം നല്‍കി. കപ്പിനൊപ്പം അനുഗമിക്കാന്‍ കപ്പിന്റെ ശില്‍പിയുമെത്തിയത് ശ്രദ്ധേയമായി. 56-ാമത് കേരള സ്‌കൂള്‍ കലോത്സവ വിജയികള്‍ക്ക് സമ്മാനമായി നല്‍കുന്ന സ്വര്‍ണക്കപ്പാണ് ഇന്നലെ ഉച്ചയോടെ തലസ്ഥാനത്ത് എത്തിയത്. രൂപകല്‍പന നല്‍കിയ ചിറയിന്‍കീഴ് ശ്രീകണ്ഠന്‍ നായരാണ് തങ്ക ക്കിരീടത്തിനൊപ്പം അനുഗമിച്ചത്. ഇത്തവണ പാലക്കാട്ട് നിന്നാണ് സ്വര്‍ണകപ്പ് തിരുവനന്തപുരത്തെത്തിയത്. തിങ്കളാഴ്ച ഉച്ചക്ക് രണ്ടുമണിയോടെ കേശവദാസപുരത്ത് കപ്പിന് സ്വീകരണം നല്‍കി. പാലക്കാട് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ കപ്പ് പൊതുവിദ്യാഭ്യാസ ഡയയറക്ടര്‍ എം എസ് ജയക്ക് കൈമാറി. വാദ്യമേളങ്ങളുടെയും അശ്വാരൂഢസേനയുടെയും ഒക്കെ അകമ്പടിയോടെ സ്വര്‍ണകപ്പ് പോലീസിന്റെ പ്രത്യേക തുറന്ന വാഹനത്തില്‍ പ്രധാനവേദിയായ പുത്തരിക്കണ്ടത്തേക്ക് ആനയിച്ചു. പട്ടം, പാളയം, ആയൂര്‍വേദ കോളജ് വഴി പുത്തരിക്കണ്ടത്തേക്ക് എത്തിയ കപ്പിന് വഴിനീളെ വിവിധ നിറത്തിലുള്ള റിബണുകള്‍ വീശിയും ചെണ്ടകൊട്ടിയും നഗരത്തിലെ വിവിധ സ്‌കൂളുകളിലെ കുട്ടികള്‍ വരവേറ്റു. മേയര്‍ അഡ്വ. വി കെ പ്രശാന്ത്, എം എല്‍ എമാരായ വി ശിവന്‍കുട്ടി, ബി സത്യന്‍ നഗരസഭ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഉണ്ണികൃഷ്ണന്‍ തുടങ്ങിയവര്‍ അനുഗമിച്ചു. പുത്തരിക്കണ്ടത്ത് എത്തിച്ച സ്വര്‍ണകപ്പ് ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ ബി വിക്രമന്‍ ഔദ്യോഗികമായി ഏറ്റുവാങ്ങി. തുടര്‍ന്ന് വഞ്ചിയൂര്‍ ട്രഷറിയിലേക്ക് മാറ്റി.
കഴിഞ്ഞ വര്‍ഷം കോഴിക്കോടിനൊപ്പം സംയുക്ത ജേതാക്കളായത് പാലക്കാട് ജില്ലയാണ്. അവസാനത്തെ ആറുമാസം കപ്പ് പാലക്കാട് ജില്ലക്ക് സ്വന്തമായിരുന്നു. അതാണ് പാലക്കാട്ട് നിന്നും ഇത്തവണ കപ്പ് എത്തിയത്. സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് വിരമിച്ച ശ്രീകണ്ഠന്‍ നായരാണ് 30 വര്‍ഷം മുമ്പ് കപ്പിന് രൂപകല്‍പന നടത്തിയത്. കേശവദാസപുരത്ത് സ്ഥിരതാമസക്കാരനാണ്. തിരുവന്തപുരത്തുവച്ച് കലാമേള നടക്കുന്നതിനാല്‍ കപ്പ് രൂപ കല്‍പചെയ്ത ശ്രീകണ്ഠന്‍ നായരെക്കൂടി സ്വീകരണചടങ്ങില്‍ പങ്കെടുപ്പിക്കാന്‍ ട്രോഫി കമ്മിറ്റി തീരുമാനിക്കുകയായിരുന്നു.