Connect with us

Kerala

സുസ്മിതാ ബാനര്‍ജിയെത്തും, കഥക്കില്‍ വിസ്മയം തീര്‍ക്കാന്‍

Published

|

Last Updated

തിരുവനന്തപുരം: സാംസ്‌കാരികവേദിയില്‍ കഥക്കിന്റെ മാസ്മരിക വലയം തീര്‍ക്കാന്‍ സുസ്മിതാ ബാനര്‍ജി. കൊല്‍ക്കത്തയില്‍ നിന്നുള്ള പ്രമുഖ കഥക് നര്‍ത്തകി സുസ്മിതാ ബാനര്‍ജിയുടെ കഥക് ആണ് ഈ വര്‍ഷത്തെ സാംസ്‌കാരിക പരിപാടിയിലെ മുഖ്യ ആകര്‍ഷണം. കലോത്സവ മത്സര ഇനങ്ങളില്‍ ഉള്‍പ്പെട്ടിട്ടില്ലാത്ത ആദിവാസി-ഗോത്ര കലകള്‍, തെയ്യം, നാടന്‍കലകള്‍, ഗസല്‍, ഹിന്ദുസ്ഥാനി തുടങ്ങിയ കലാപരിപാടികളും സാംസ്‌കാരിക വേദിയെ സമ്പന്നമാക്കും. കേരളത്തിനകത്തും പുറത്തും നിന്നുള്ള പ്രമുഖരായ കലാകാരന്മാര്‍ സാംസ്‌കാരിക പരിപാടിക്ക് മാറ്റുകൂട്ടാനെത്തും.
19 വേദികളില്‍ മത്സരാര്‍ഥികള്‍ മാറ്റുരക്കുമ്പോള്‍ ഗാന്ധിപാര്‍ക്കിലെ സാംസ്‌കാരികവേദി കലാസ്വാദകര്‍ക്കുവേണ്ടി മാത്രം. 20ന് വൈകിട്ട് അഞ്ചിന് സാംസ്‌കാരിക പരിപാടിക്ക് തുടക്കമാവും. കവിയരങ്ങ്, ജുഗല്‍ബന്ദി, ഗസല്‍, ഹിന്ദുസ്ഥാനി തുടങ്ങിയവ കലോത്സവ ദിവസങ്ങളില്‍ ഇവിടെ അരങ്ങേറും. സ്‌പെഷല്‍ സ്‌കൂള്‍ കലോത്സവത്തില്‍ സമ്മാനാര്‍ഹരായവരുടെ തിരഞ്ഞെടുത്ത പരിപാടികള്‍ എല്ലാദിവസവും അവതരിപ്പിക്കും. കലോത്സവ വിജയികള്‍ക്ക് സമ്മാനവിതരണവും ഗാന്ധിപാര്‍ക്കിലെ സാംസ്‌കാരിക വേദിയിലാണ് നടക്കുക.
കലോത്സവത്തിനെത്തുന്ന കുട്ടികള്‍ക്ക് ശാസ്ത്ര, കലാ, സാഹിത്യ, വിദ്യാഭ്യാസ, മാധ്യമ രംഗത്തെ പ്രമുഖരുമായി സംവാദം നടത്താനും അവസരം ലഭിക്കും. സീമാറ്റ് ഓഡിറ്റോറിയത്തില്‍ രാവിലെ 10 മണിമുതല്‍ ഉച്ചവരെയായിരിക്കും സംവാദം നടക്കുക. തിരഞ്ഞെടുക്കപ്പെട്ടുന്ന വിദ്യാര്‍ഥികള്‍ക്കായിരിക്കും സംവാദത്തില്‍ പങ്കെടുക്കാന്‍ അവസരം. പങ്കെടുക്കാന്‍ താല്‍പര്യമുള്ള കുട്ടികള്‍ക്ക് മൊസെമൃശസീഹമെ്മാ്ോ@ഴാമശഹ.രീാ എന്ന മെയില്‍ ഐഡിയില്‍ സ്‌കൂള്‍ വഴി പേര് റജിസ്റ്റര്‍ ചെയ്യാം.
സുവര്‍ണജൂബിലി കലോത്സവം കോഴിക്കോട്ട് നടന്നപ്പോഴാണ് മത്സരങ്ങളില്‍നിന്ന് അകന്ന് കലാസ്വാദനത്തിന് മാത്രമായി ഒരു വേദി എന്ന ആശയം ആദ്യമായി രൂപപ്പെട്ടത്. തുടര്‍ന്ന് നടന്ന കലോത്സവങ്ങളിലെല്ലാം ചെറിയ തോതില്‍ ഈ വേദി സ്ഥാനം പിടിച്ചു. ഇത്തവണ കലോത്സവം തലസ്ഥാന നഗരിയില്‍ എത്തുമ്പോള്‍ കേരളത്തിന്റ സാംസ്‌കാരികത്തനിമ പ്രകടമാക്കുന്ന കൂടുതല്‍ പരിപാടികള്‍ അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് സംഘാടസ സമിതി.

Latest