എസ് എസ് എഫ് ധര്‍മ ജാഗരണ യാത്രക്ക് തലസ്ഥാനത്ത് പ്രൗഢമായ തുടക്കം

Posted on: January 18, 2016 11:42 pm | Last updated: January 18, 2016 at 11:42 pm

തിരുവനന്തപുരം: എസ് എസ് എഫ് ധര്‍മ ജാഗരണ യാത്രക്ക് തലസ്ഥാനത്ത് പ്രൗഢമായ തുടക്കം. ന്യൂജനറേഷന്‍ തിരുത്തെഴുതുന്നു എന്ന പ്രമേയത്തില്‍ സംഘടിപ്പിക്കുന്ന യാത്രയുടെ നായകന്‍ സംസ്ഥാന ഉപാധ്യക്ഷന്‍ പി എ ഫാറൂഖ് നഈമിക്ക് സമസ്ത സെക്രട്ടറി എ പി മുഹമ്മദ് മുസ്‌ലിയാര്‍ കാന്തപുരം പതാക കൈമാറി.
ധര്‍മ ജാഗരണ യാത്രക്ക് തുടക്കം കുറിച്ച് ബീമാപള്ളിയില്‍ നടന്ന സിയാറത്തിന് സൈനുദ്ദീന്‍ ബാ അലവി തങ്ങള്‍ നേതൃത്വം നല്‍കി. എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റ് എന്‍ വി അബ്ദുര്‍റസാഖ് സഖാഫി അധ്യക്ഷത വഹിച്ചു. സെക്രട്ടറി സി എന്‍ ജാഫര്‍, ഹാഫിള് അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍, അഷ്ഹര്‍ പത്തനംതിട്ട, സബീര്‍ സഖാഫി, നാസര്‍ സഖാഫി, സയ്യിദ് അലവി സഖാഫി സംബന്ധിച്ചു. മുനീര്‍ നഈമി സ്വാഗതവും ഷാഫി വള്ളക്കടവ് നന്ദിയും പറഞ്ഞു. സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ യുവ സമൂഹത്തെ വ്യാപൃതരാക്കുന്നതിനും സാമൂഹിക തിന്മകള്‍ക്കെതിരെ പ്രതിരോധം തീര്‍ക്കുന്നതിനുമായാണ് ജാഗരണ യാത്ര സംഘടിപ്പിക്കുന്നത്. യാത്ര കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, ആലപ്പുഴ ജില്ലകളില്‍ സന്ദര്‍ശനം നടത്തി ഈ മാസം 26ന് കായംകുളത്ത് സമാപിക്കും. സമാപന സമ്മേളനത്തില്‍ രണ്ടായിരം ധര്‍മ സംഘം പ്രവര്‍ത്തകരെ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ നാടിനു സമര്‍പ്പിക്കും.