Connect with us

Gulf

റിക്രൂട്ട്‌മെന്റ് സാവധാനത്തിലാക്കുമെന്ന് ഖത്വര്‍ ഇസ്‌ലാമിക് ബേങ്ക് സി ഇ ഒ

Published

|

Last Updated

ദോഹ: റിക്രൂട്ട്‌മെന്റ് ചെറിയ രീതിയില്‍ മാത്രമേ നടത്തൂവെന്ന് ക്യു ഐ ഐ ബി. ഇന്ധനവിലത്തകര്‍ച്ചയെ തുടര്‍ന്നുണ്ടായ സാമ്പത്തിക പ്രശ്‌നങ്ങളെ ബാങ്കിംഗ് സംവിധാനത്തിന് വിജയകരമായി കൈകാര്യം ചെയ്യുന്നതിന് കാര്യക്ഷമമായ ചെലവഴിക്കല്‍ വളരെ പ്രധാനമാണെന്നും ക്യു ഐ ഐ ബി. സി ഇ ഒ അബ്ദുല്‍ ബാസിത് അല്‍ ശൈബി പറഞ്ഞു. യുക്തിസഹമായ ചെലവഴിക്കലിലൂടെ കാര്യക്ഷമത നേടാം. അതേസമയം, ചെലവ് വെട്ടിച്ചുരുക്കലല്ല ഇതെന്നും അദ്ദേഹം ഗള്‍ഫ് ടൈംസിനോട് പറഞ്ഞു.
സാമ്പത്തിക പ്രതിസന്ധി ഘട്ടങ്ങളില്‍ ഇസ്‌ലാമിക് ബേങ്കിംഗ് സംവിധാനവും വെല്ലുവിളി നേരിടുകയാണോ അതല്ല സാഹചര്യങ്ങള്‍ നല്‍കുമോയെന്ന ചോദ്യത്തിന് ഇതെപ്പോഴും വെല്ലുവിളി നിറഞ്ഞതാണെന്ന് അദ്ദേഹം മറുപടി നല്‍കി. ബേങ്കിംഗ് സംവിധാനം ഒന്നാകെ പ്രതിസന്ധി നേരിടുകയാണെങ്കില്‍ തങ്ങളും ഈ പ്രതിസന്ധിയുടെ ഭാഗമാണ്. പുതിയ ബ്രാഞ്ചുകള്‍ തുടങ്ങുമ്പോള്‍ യുക്തിസഹമായ ചെലവഴിക്കുന്ന നയമാണ് ക്യു ഐ ഐ ബി സ്വീകരിക്കുക. പുതിയ എല്ലാ ബ്രാഞ്ചുകളും ഈ വര്‍ഷം ആരംഭിക്കാന്‍ സാധിക്കണമെന്നില്ല. ചില നിയന്ത്രണങ്ങള്‍ വരുത്തിക്കൊണ്ടിരിക്കുകയാണ്. സാങ്കേതികവിദ്യയെ അവലംബിച്ച് കൂടുതല്‍ കാര്യക്ഷമമാകാന്‍ വേണ്ടിയാണിത്. ഖത്വരികളെ റിക്രൂട്ട് ചെയ്യുന്നതിലാണ് തങ്ങള്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നത്.
മൊറോക്കോയില്‍ ക്യു ഐ ഐ ബിയുടെ പങ്കാളിത്തത്തോടെ സ്ഥാപിക്കുന്ന പുതിയ സംരംഭം ഈ വര്‍ഷം രണ്ടാം പാദത്തോടെ നിലവില്‍ വരും. മൊറോക്കന്‍ ബേങ്കായ സി ഐ എച്ചുമായി നേരത്തെ കരാര്‍ ഒപ്പുവെച്ചിട്ടുണ്ട്. 40 ശതമാനം ഓഹരിയാണ് ക്യു ഐ ഐ ബിക്കുണ്ടാകുക. ഒരു പതിറ്റാണ്ടിലേറെയായി ഇസ്‌ലാമിക് ബേങ്കിംഗിനെ സംബന്ധിച്ച് മൊറോക്കന്‍ അധികൃതരുമായി ചര്‍ച്ച ചെയ്യുകായിയിരുന്നു. മൊറോക്കോയില്‍ ഇസ്‌ലാമിക് ബേങ്കിംഗ് മേഖലയിലെ ആദ്യ നിക്ഷേപകര്‍ തങ്ങളാണ്. പുതിയ കമ്പനി സ്ഥാപിക്കാനുള്ള അനുമതി ലഭിച്ചിട്ടുണ്ട്. ആ കമ്പനിയാണ് ഇസ്‌ലാമിക് ബേങ്കിംഗ് ആയി മാറ്റുക. മിന മേഖല കേന്ദ്രീകരിച്ചാണ് ക്യു ഐ ഐ ബി പ്രവര്‍ത്തിക്കുന്നത്. വിദേശ അവസരങ്ങളും തേടുന്നുണ്ട്. മൊറോക്കോ അതിനുള്ള കവാടമാണെന്നും അദ്ദേഹം പറഞ്ഞു.

Latest