സ്മാര്‍ട് സിറ്റി ബോര്‍ഡ് യോഗം; ആകാംക്ഷ നിറഞ്ഞ മണിക്കൂറുകള്‍

Posted on: January 18, 2016 5:29 pm | Last updated: January 18, 2016 at 5:29 pm
SHARE

SMARTR CITYദുബൈ: കൊച്ചി സ്മാര്‍ട് സിറ്റി ബോര്‍ഡ് യോഗം ദുബൈ എമിറേറ്റ്‌സ് ഓഫീസ് കെട്ടിടത്തില്‍ ഇന്നലെ രാവിലെ 11ന് ആരംഭിച്ചപ്പോള്‍ ഏവര്‍ക്കുമുണ്ടായിരുന്ന ആകാംക്ഷ സ്മാര്‍ട് സിറ്റി ഉദ്ഘാടനത്തില്‍ യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം പങ്കെടുക്കുമോ എന്നതും ഉദ്ഘാടന തിയതിയുമായിരുന്നു.

ദുബൈയിലെ മലയാളീ മാധ്യമപ്രവര്‍ത്തകര്‍ ഒന്നടങ്കം ഓഫീസ് കെട്ടിടത്തിലെ 15-ാം നിലയിലെ ദുബൈ ഗ്രൂപ്പ് ഓഫീസില്‍ എത്തിയിരുന്നു. സ്മാര്‍ട് സിറ്റി ചെയര്‍മാന്‍ പി കെ കുഞ്ഞാലിക്കുട്ടി, ദുബൈ സ്മാര്‍ട് സിറ്റി സി ഇ ഒ ജാബിര്‍ ബിന്‍ ഹാഫിസ്, എം എ യൂസുഫലി, കൊച്ചി സ്മാര്‍ട് സിറ്റി സി ഇ ഒ ബാജുജോര്‍ജ് എന്നിവരടക്കമാണ് അകത്തെമുറിയില്‍ ചര്‍ച്ച നടത്തിയത്. ബോര്‍ഡ് മീറ്റിംഗ് കഴിഞ്ഞതിന് ശേഷം എല്ലാവരും ദുബൈ ഹോള്‍ഡിംഗ് സി ഇ ഒ അഹമ്മദ് ബിന്‍ ബയാത്തിനെ കാണാന്‍ പോയി. അവിടെ ഇരുകൂട്ടരും കുറച്ച് നേരം ചര്‍ച്ച നടത്തി. അതിന് ശേഷമാണ് കുഞ്ഞാലിക്കുട്ടിയും ജാബിര്‍ ബിന്‍ ഹാഫിസും എം എ യൂസുഫലിയും ശംസുദ്ദീന്‍ ബിന്‍ മുഹ്‌യുദ്ദീനും ബാജുജോര്‍ജും മാധ്യമ പ്രവര്‍ത്തകരെ അഭിമുഖീകരിച്ചത്. ഏവര്‍ക്കും അറിയേണ്ടിയിരുന്നത് ശൈഖ് മുഹമ്മദ് പങ്കെടുക്കുമോ എന്നത് തന്നെയായിരുന്നു. എന്നാല്‍ ശൈഖ് മുഹമ്മദിനെ പങ്കെടുപ്പിക്കണമെന്നാണ് ആഗ്രഹിക്കുന്നതെന്നും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നേരത്തെ തന്നെ ശൈഖ് മുഹമ്മദിനെ കേരളത്തിലേക്ക് ക്ഷണിച്ചിട്ടുണ്ടെന്നും കുഞ്ഞാലിക്കുട്ടി ചൂണ്ടിക്കാട്ടി.
ഫെബ്രുവരി രണ്ടാം വാരത്തില്‍ ദുബൈയില്‍ ഭരണകൂട ഉച്ചകോടി നടക്കുന്നതിനാല്‍ അതിന് ശേഷമുള്ള തിയ്യതികളാണ് ബോര്‍ഡ് യോഗം പരിഗണിച്ചത് എന്നാണറിയുന്നത്. ശൈഖ് മുഹമ്മദിന്റെ സൗകര്യമാണ് ഇക്കാര്യത്തില്‍ പ്രധാനം.
സ്മാര്‍ട് സിറ്റി സംബന്ധിച്ചുള്ള എല്ലാ അനിശ്ചിതത്വങ്ങളും അവസാനിച്ചെന്നും റോഡുകളടക്കം അനുബന്ധ വികസനങ്ങള്‍ യഥാവിധി നടന്നുവെന്നും ബാജുജോര്‍ജ് വ്യക്തമാക്കി. പദ്ധതി പ്രദേശത്തേക്ക് മെട്രോ ദീര്‍ഘിപ്പിക്കുന്നത് സംബന്ധിച്ചും ഏതാണ്ട് ധാരണയായിട്ടുണ്ട്. ഉദ്ഘാടനത്തിന് വലിയൊരു സംഘമാണ് ദുബൈയില്‍ നിന്ന് കൊച്ചിയിലേക്ക് പോകാനുണ്ടാവുക. ടീ കോം ഉദ്യോഗസ്ഥര്‍ക്ക് പുറമെ ദുബൈയിലെ മലയാളി മാധ്യമ പ്രവര്‍ത്തകരെക്കൂടി സംഘത്തില്‍ ഉള്‍പെടുത്തുമെന്നാണ് അറിയിപ്പ്.