പുതിയ തൊഴില്‍ കരാറിന് മലയാളം ഉള്‍പെടെ 11 ഭാഷകള്‍

Posted on: January 18, 2016 5:17 pm | Last updated: January 19, 2016 at 8:29 pm

uae jobദുബൈ: യു എ ഇയിലെ പുതിയ തൊഴില്‍ കരാറിന്റെ ഭാഗമായി അറബി, ഇംഗ്ലീഷ് എന്നിവയക്ക് പുറമെ ഒമ്പത് ഭാഷകളെ അംഗീകരിച്ചു. മലയാളം, ഹിന്ദി, ബംഗാളി, ചൈനീസ്, ശ്രീലങ്കന്‍, തമിഴ്, ഉര്‍ദു, ദാരി തുടങ്ങിയ ഭാഷകളെയാണ് അംഗീകരിച്ചതെന്ന് തൊഴില്‍ മന്ത്രാലയം അസി. അണ്ടര്‍ സെക്രട്ടറി ഹുമൈദ് ബിന്‍ ദീ മാസ് വ്യക്തമാക്കി.
തൊഴില്‍ കരാറുകള്‍ പ്രാദേശിക ഭാഷയില്‍ വേണമെന്ന് ഈയിടെ നിയമം പ്രാബല്യത്തില്‍ വന്നിരുന്നു. അറബി, ഇംഗ്ലീഷ് ഭാഷകള്‍ക്കു പുറമെയാണിത്. തൊഴിലുടമയും തൊഴിലാളിയും ഉണ്ടാക്കുന്ന കരാര്‍ സുതാര്യമായിരിക്കാന്‍ വേണ്ടിയാണ് പ്രാദേശിക ഭാഷകളില്‍കൂടി തൊഴില്‍ കരാര്‍ ഉണ്ടാക്കുന്നത്. അഞ്ച് ഘട്ടങ്ങളിലായാണ് തൊഴില്‍ കരാറുകള്‍ പ്രാബല്യത്തിലാവുക. വിരലടയാളം തൊഴില്‍കരാറില്‍ നിര്‍ബന്ധമാണ്. തൊഴില്‍ കരാര്‍ ഒപ്പിടുന്നതിന് മുമ്പ് ഉദ്യോഗാര്‍ഥി തൊഴില്‍കരാര്‍ വായിച്ച് മനസ്സിലാക്കേണ്ടതുണ്ട്. ഓരോ തൊഴിലാളിയുടെയും ഉത്തരവാദിത്വങ്ങളും അവകാശങ്ങളും തൊഴില്‍കരാറില്‍ വിശദമായി രേഖപ്പെടുത്തിയിരിക്കണമെന്ന് ഹുമൈദ് ബിന്‍ ദീമാസ് പറഞ്ഞു.
ഉദ്യോഗാര്‍ഥി കരാറിലെ അനുഛേദങ്ങള്‍ വായിച്ചിട്ടില്ലെങ്കില്‍ അതിനുത്തരവാദി തൊഴിലുടമയായിരിക്കും. തൊഴിലുടമക്ക് 20,000 ദിര്‍ഹം വരെ പിഴ ലഭിക്കും. തൊഴിലാളിക്ക് വേണ്ട താമസ സൗകര്യവും മറ്റു ആനുകൂല്യങ്ങളും തൊഴിലുടമയാണ് നല്‍കേണ്ടതെന്ന് ഹുമൈദ് ബിന്‍ ദീമാസ് ചൂണ്ടിക്കാട്ടി.