Connect with us

Kerala

പതിനായിരത്തില്‍ നിന്ന് കോടിയും പിന്നിട്ട് വളരുന്നു കലോത്സവം

Published

|

Last Updated

തിരുവനന്തപുരം: ഘോഷയാത്രയും കൊട്ടും കുരവയും താളമേളങ്ങളും ആഘോഷങ്ങളുമൊക്കെയായി ഓരോ കലോത്സവവും തിമിര്‍ത്താഘോഷിക്കുമ്പോള്‍ ഇന്ന് കാണുന്ന കലോത്സവത്തിന് പറയാനുള്ളത് വര്‍ഷങ്ങളുടെ കഥയാണ്. 1957ല്‍ ആദ്യ സംസ്ഥാന സ്‌കൂള്‍ കലോത്സവം അരങ്ങേറിയത് മുതല്‍ വര്‍ഷംതോറും മാറ്റങ്ങള്‍ക്ക് വിധേയമായാണ് ഇന്ന് നാം കാണുന്ന രൂപത്തിലെത്തിയത്. 1957ല്‍ അന്നത്തെ വിദ്യാഭ്യാസ ഡയറക്ടര്‍ സി എസ് വെങ്കിടേശനാണ് ഇത്തരം ഒരു ആശയം കൊണ്ടുവന്നത്. 1956ല്‍ ഡല്‍ഹിയില്‍ സര്‍വകലാശാല വിദ്യാര്‍ഥികള്‍ക്കായി നടത്തിയ കലോത്സവം കാണാനിടയായപ്പോഴാണ് കേരളത്തിലും ഇത്തരത്തിലൊന്ന് നടത്തണം എന്ന് അദ്ദേഹത്തിന് തോന്നിയത്. തുടര്‍ന്ന് ഇതിനായി പ്രത്യേക യോഗം വിളിക്കുകയായിരുന്നു.
അങ്ങനെ 1957ല്‍ എറണാകുളം ഗേള്‍സ് സ്‌കൂള്‍ ആദ്യ കലോത്സവത്തിന് വേദിയായി. അന്ന് കലോത്സവത്തിന് ഇന്നത്തേത് പോലെയുള്ള ഭക്ഷണപ്പുരയൊന്നും ഉണ്ടായിരുന്നില്ല. പകരം സ്‌കൂളിന് എതിര്‍വശത്തുള്ള ഒരു ഹോട്ടലില്‍ ആവശ്യമുള്ളവര്‍ക്ക് പോയി കഴിക്കാന്‍ സൗകര്യമൊരുക്കുകയായിരുന്നു. ദീര്‍ഘദൂരയാത്ര ചെയ്യേണ്ടവര്‍ക്ക് യാത്രയ്ക്കിടെ ഭക്ഷണം കഴിക്കാന്‍ ഒരു രൂപയും അനുവദിച്ചു. കലോത്സവ വേദിയിലേക്കെത്താന്‍ യാത്രാപ്പടിയും നല്‍കി.
ആദ്യ കലോത്സവത്തിന് തിരുവനന്തപുരം മോഡല്‍ സ്‌കൂളില്‍ നടത്താനാണ് ആലോചിച്ചതെങ്കിലും എറണാകുളത്തേക്ക് മാറ്റി. സ്‌കൂളിലെ ഏതാനും ഹാളുകളിലാണ് മത്സരം നടന്നത്. സമീപത്തെ ഒരു സ്‌കൂളില്‍ താമസസൗകര്യമൊരുക്കി. 60 പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ 400 പേര്‍ പങ്കെടുത്തു. 13 ഇനങ്ങളിലായി 18 മത്സരങ്ങള്‍ നടന്നു.
രണ്ടാമത്തെ സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് തിരുവനന്തപുരത്തെ ഗേള്‍സ് മോഡല്‍ ഹൈസ്‌കൂളായിരുന്നു വേദി. രണ്ടാമത് കലോത്സവത്തില്‍ പാട്ടിന് യേശുദാസിനും മൃദംഗത്തിന് ജയചന്ദ്രനുമായിരുന്നു സമ്മാനം. രണ്ടാമത്തെ മേളയോടെ മത്സരാര്‍ഥികളുടെ എണ്ണം 600 കടന്നു. 1962ലെ കലോത്സത്തിലാണ് ആദ്യമായി വിഭവസമൃദ്ധമായ സദ്യ ഏര്‍പ്പെടുത്തിയത്. ചങ്ങനാശ്ശേരിയിലായിരുന്നു ഈ കലോത്സവം. ഒന്നാം സ്ഥാനക്കാരെ മാത്രം സംസ്ഥാനതലത്തിലേക്ക് പരിഗണിച്ചാല്‍ മതിയെന്ന നിബന്ധന വരുന്നതും ഈ വര്‍ഷമാണ്.
അന്നൊന്നും മത്സരാര്‍ഥികളും രക്ഷിതാക്കളുമല്ലാതെ അധികമാരും പങ്കെടുക്കാതിരുന്ന കലോത്സവത്തിന് തിരുവല്ലയില്‍ നടന്ന 64ലെ മേളയിലാണ് വന്‍ ജനകീയ പങ്കാളിത്തമുണ്ടാകുന്നത്. അതുവരെ ഉദ്യോഗസ്ഥര്‍ മാത്രമാണ് കാര്യങ്ങള്‍ തീരുമാനിച്ചിരുന്നതെങ്കില്‍ അതോടെ പൊതുജനങ്ങളെയും കമ്മറ്റികളില്‍ പങ്കാളികളാക്കി. മാത്രമല്ല, മികച്ച കലാസൃഷ്ടികള്‍ ആകാശവാണി ജനങ്ങള്‍ക്കായി പ്രക്ഷേപണം ചെയ്തു. അന്ന് നൃത്ത ഇനങ്ങള്‍ക്ക് ആളുകള്‍ കുറവായിരുന്നു. നാടക മത്സരങ്ങള്‍ കാണാന്‍ ആളുകള്‍ കൂട്ടത്തോടെയെത്തി. നാടകമായിരുന്നു ജനപ്രിയ ഇനം.
1966, 67, 72, 73 വര്‍ഷങ്ങളില്‍ അടിയന്തിരാവസ്ഥയും യുദ്ധവുമെല്ലാം മേള നടത്തുന്നതിന് തടസ്സമായി. ഏറ്റവും ചെലവ് കുറഞ്ഞ മേള നടന്നത് പാലക്കാടാണ്. ഷൊര്‍ണൂരില്‍ മൂന്ന് ദിവസമായി നടന്ന ഒമ്പതാം മേളക്ക് ആകെ ചെലവായത് 10,250 രൂപയാണ്. 1990കളില്‍ നടത്തിപ്പ് ചെലവ് ലക്ഷങ്ങളിലെത്തി. ഇപ്പോള്‍ ഒരു കോടിക്ക് മുകളിലാണ് കലോത്സവത്തിന്റെ നടത്തിപ്പ് ചെലവ്.
പിന്നീടുള്ള വര്‍ഷങ്ങളില്‍ കലോത്സവം ഇന്ന് കാണുന്ന താരപ്പകിട്ടിലേക്ക് ക്രമേണ മാറുന്ന കാഴ്ചയാണുണ്ടായത്. മന്ത്രിമാര്‍ കലോത്സവത്തിന്റെ ഉദ്ഘാടന, സമാപന ചടങ്ങുകളില്‍ പങ്കെടുത്തുതുടങ്ങി. 1968ല്‍ തൃശൂരില്‍ സി എച്ച് മുഹമ്മദ് കോയ ഉദ്ഘാടനം ചെയ്ത കലോത്സവത്തിന്റെ സമാപന ചടങ്ങില്‍ മുഖ്യമന്ത്രി ഇ എം എസ് സമ്മാനദാനം നിര്‍വഹിച്ചു. ആദ്യമായി സ്മരണിക പുറത്തിറക്കിയത് ഈ മേളയിലാണ്. ജി ശങ്കരക്കുറുപ്പ്, ഉറൂബ്, ഒഎന്‍ വി, ബഷീര്‍ തുടങ്ങി നിരവധി സാഹിത്യകാരന്മാര്‍ സ്മരണികയില്‍ എഴുതി.
1970ല്‍ തൃശൂര്‍ ഇരിങ്ങാലക്കുടയില്‍ നടന്ന മേളയില്‍ കലോത്സവത്തിന് ആദ്യമായി പന്തലൊരുങ്ങി. പ്രത്യേകം തയ്യാറാക്കിയ യുവജനോത്സവ ഗാനം അവതരിപ്പിച്ചത് 71ലെ മേളയിലാണ്. സമ്മാനാര്‍ഹമായ ഇനങ്ങള്‍ ആകാശവാണി പ്രക്ഷേപണം ചെയ്തു. കോഴിക്കോട് 1976ല്‍ നടന്ന കലോത്സവം ആഘോഷപൂര്‍ണമായ ഘോഷയാത്രക്ക് സാക്ഷിയായി. മാനഞ്ചിറ മൈതാനത്തുനിന്ന് സാമൂതിരി ഹൈസ്‌കൂളിലേക്ക് ഘോഷയാത്ര നീങ്ങിയത് അന്നത്തെ ആഭ്യന്തര മന്ത്രിയായിരുന്ന കെ കരുണാകരന്റെ നേതൃത്വത്തിലായിരുന്നു. 77 ലെ മേള നടന്നത് ടെലിഫോണ്‍ സൗകര്യങ്ങളോടെയാണ്. ആദ്യമായി നാല് വേദികളില്‍ മത്സരം നടത്തി 78 മേള ചരിത്രത്തില്‍ ഇടംപിടിച്ചു.