ജില്ലാശുപത്രി സ്ത്രീകളുടെ വാര്‍ഡ് പരിസരത്ത് സാമൂഹ്യവിരുദ്ധരുടെ കേന്ദ്രം

Posted on: January 18, 2016 5:37 am | Last updated: January 17, 2016 at 9:38 pm
SHARE

പാലക്കാട് : ഗവ ജില്ലാ ആശുപത്രിയിലെ സ്ത്രീകളുടെയും കുട്ടികളുടേയും വാര്‍ഡ് പരിസരം ഇപ്പോഴും രാപ്പകല്‍ വ്യത്യാസമില്ലാതെ അനാശാസ്യപ്രവര്‍ത്തനങ്ങളുടേയും പിടിച്ചുപറിക്കാരുടേയും കേന്ദ്രമായി തുടരുന്നു. ജില്ലാ ആശുപത്രി കോമ്പൗണ്ടിലുള്ള കാലപ്പഴക്കത്താലും ഉദ്യോഗസ്ഥരുടെ അനാസ്ഥയാലും ഉപേക്ഷിക്കപ്പെട്ട നിലയില്‍ കിടക്കുന്ന കെട്ടിടങ്ങള്‍ കേന്ദ്രീകരിച്ചാണ് അനാശാസ്യപ്രവര്‍ത്തനങ്ങള്‍ തുടരുന്നത്.
ജില്ലാ ആശുപത്രിയിലെ ഒരു വിഭാഗം ഉദ്യോഗസ്ഥരുടേയും രോഗികളെന്ന വ്യാജേനയെത്തുന്ന ചിലരുടേയും സഹകരണത്തോടെയാണ് സ്ത്രീകളുടേയും കുട്ടികളുടേയും വാര്‍ഡ് കേന്ദ്രീകരിച്ച് അനാശാസ്യപ്രവര്‍ത്തനങ്ങള്‍ അരങ്ങേറുന്നത്. സ്ത്രീകളുടേയും കുട്ടികളുടേയും വാര്‍ഡിന് മുമ്പില്‍ തെരുവുവിളക്കുകള്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും പലപ്പോഴും അവ പ്രവര്‍ത്തിക്കാത്ത സ്ഥിതിയാണ്.
മാത്രമല്ലാ ജില്ലാ ആശുപത്രിയിലെത്തുന്ന നിര്‍ധനരായ രോഗികളുടെ ബന്ധുക്കളെ സ്വാധീനിച്ച് പണം നല്‍കാമെന്ന് പറഞ്ഞ് പ്രലോഭനങ്ങളില്‍ വീഴ്ത്താനും വന്‍ റാക്കറ്റാണ് പ്രവര്‍ത്തിക്കുന്നത്. ജില്ലാ ആശുപത്രി പരിസരത്തെ ചില വ്യാപാര സ്ഥാപനങ്ങളില്‍ നിന്ന് ഇത്തരം തട്ടിപ്പ് സംഘങ്ങള്‍ക്ക് പിന്തുണ ലഭിക്കുന്നതായും പറയുന്നു. ജില്ലാ ആശുപത്രിയില്‍ എയ്ഡ് പോസ്റ്റ് പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും എല്ലാം കണ്ടില്ലെന്ന് നടിക്കുന്ന സമീപനമാണ് അവരില്‍ നിന്നുണ്ടാകുന്നത്.
ജില്ലാ ആശുപത്രിയ്ക്ക് സമീപമുള്ള കെട്ടിടങ്ങളും റോഡുകളും കേന്ദ്രീകരിച്ചാണ് രാത്രികാലങ്ങളില്‍ സാമൂഹ്യവിരുദ്ധ സംഘങ്ങള്‍ വിലസുന്നത്.
ജില്ലാ ആശുപത്രിയിലെത്തുന്ന രോഗികളുടെ ബന്ധുക്കളില്‍ നിന്നും പണവും സ്വര്‍ണവും തട്ടിപ്പറിക്കുന്ന പ്രത്യേക സംഘം തന്നെ ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. ജില്ലാ ആശുപത്രിയില്‍ സ്ത്രീകളുടേയും കുട്ടികളുടേയും വാര്‍ഡിന് സമീപവും പരിസര പ്രദേശങ്ങളിലും പോലിസിന്റെ രാത്രികാല പെട്രോളിംഗ് വേണമെന്നാണ് ജനകീയാവശ്യം.
ജില്ലാ ആശുപത്രിയ്ക്ക് സമീപമുള്ള റോഡുകളിലെ രാത്രികാലങ്ങളിലെ അനധികൃത പാര്‍ക്കിംഗുകള്‍ നിയന്ത്രിക്കണമെന്നും റോഡുകളില്‍ തെരുവുവിളക്കുകള്‍ കത്തിക്കുന്നതിനാവശ്യമായ നടപടികള്‍ അധികൃതരുടെ ഭാഗത്തുനിന്നുണ്ടാകണം.