Connect with us

Editorial

ഉപരോധമില്ലാത്ത ഇറാന്‍

Published

|

Last Updated

അമേരിക്കയടക്കമുള്ള ആറ് രാഷ്ട്രങ്ങളുമായി ഒപ്പുവെച്ച ആണവ കരാര്‍ നിലവില്‍ വന്നതോടെ ഇറാനെതിരായ സാമ്പത്തിക, നയതന്ത്ര ഉപരോധം പൂര്‍ണമായി നീങ്ങിയിരിക്കുകയാണ്. ഇറാന്റെ ആണവ പരിപാടിയുമായി ബന്ധപ്പെട്ട ബഹുതലത്തിലുള്ളതും ഉഭയതലത്തിലുള്ളതുമായ എല്ലാ ഉപരോധങ്ങളും നീങ്ങിയിരിക്കുന്നുവെന്ന് യൂറോപ്യന്‍ യൂനിയന്‍ വിദേശകാര്യ നയ മേധാവി ഫെഡറിക്കാ മോഗേറിനി പ്രഖ്യാപിച്ചിരിക്കുന്നു. രാഷ്ട്രങ്ങളുടെ സ്വയം നിര്‍ണയാവകാശം സംരക്ഷിക്കപ്പെടണമെന്ന് ആഗ്രഹിക്കുന്ന മുഴുവന്‍ പേര്‍ക്കും സന്തോഷം പകരുന്ന നിമിഷമാണിത്. ക്ഷമാപൂര്‍ണമായ നയതന്ത്ര ശ്രമങ്ങളുടെ വിജയമെന്നാണ് ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനി പ്രതികരിച്ചത്.
ഇറാന്റെ ആണവ നിലയങ്ങളില്‍ ആണവായുധ നിര്‍മാണത്തിനുള്ള പരീക്ഷണങ്ങളാണ് നടക്കുന്നതെന്ന കുറ്റാരോപണം ശക്തിയാര്‍ജിച്ചത് 2002 മുതലാണ്. അന്ന് തൊട്ട് ഇറാന്‍ അത് നിഷേധിച്ചു വരികയാണ്. ആണവ പരീക്ഷണങ്ങള്‍ തികച്ചും ഊര്‍ജാവശ്യത്തിനുള്ളതാണെന്നും ആയുധ നിര്‍മാണം അജന്‍ഡയിലില്ലെന്നും ഇറാന്‍ നേതാക്കള്‍ നിരന്തരം പ്രഖ്യാപിച്ചിട്ടും തെളിവുകള്‍ നിരത്തിയിട്ടും അമേരിക്കയും കൂട്ടാളികളും വിശ്വസിക്കാന്‍ തയ്യാറായിരുന്നില്ല. ഇറാന്‍ ആണവായുധം ഉണ്ടാക്കുന്നുവെന്ന ഭീതി മേഖലയില്‍ എക്കാലവും നിലനില്‍ക്കണമെന്നത് സാമ്രാജ്യത്വ ചേരിയുടെ ആവശ്യമായിരുന്നു. മേഖലയിലെ സന്തുലിതാവസ്ഥ തകര്‍ക്കുന്ന ഇറാനെ ശിക്ഷിക്കണമെന്ന് അമേരിക്ക ശക്തമായി വാദിച്ചതോടെ യു എന്നിന്റെ അനുമതിയോടെ കടുത്ത ഉപരോധങ്ങള്‍ അടിച്ചേല്‍പ്പിക്കപ്പെട്ടു. അമേരിക്ക സ്വന്തം നിലക്ക് പ്രഖ്യാപിച്ച ഉപരോധങ്ങള്‍ വേറെയും. ഇറാന്റെ എണ്ണ വാങ്ങാനാളില്ലാതായി. അവരുമായി പ്രധാന സമ്പദ്‌വ്യവസ്ഥകളെല്ലാം വ്യാപാര ബന്ധം വിച്ഛേദിച്ചു. ക്യൂബ, വെനിസ്വേല തുടങ്ങിയ ചില ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍ ഒതുങ്ങി ഇറാന്റെ ബന്ധുബലം. തീവ്ര നിലപാടുകള്‍ അതിശക്തമായ ഭാഷയില്‍ പ്രഖ്യാപിക്കുന്ന അഹമ്മദി നജാദ് പ്രസിഡന്റായപ്പോള്‍ ഈ ഒറ്റപ്പെടല്‍ കൂടുതല്‍ രൂക്ഷമായി. ഇറാന്റെ ഒരു നിലയത്തിലും സൈനികാവശ്യത്തിനുള്ള പരീക്ഷണം നടക്കുന്നില്ലെന്ന് യു എന്നിന്റെ നിയന്ത്രണത്തിലുള്ള അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി (ഐ എ ഇ എ) റിപ്പോര്‍ട്ട് നല്‍കിയിട്ടും സ്ഥിതിഗതികളില്‍ ഒരു മാറ്റവും ഉണ്ടായില്ല. ആണവ ആയുധങ്ങള്‍ വേണ്ടുവോളം കൈവശം വെക്കുകയും നിര്‍ബാധം കച്ചവടം നടത്തുകയും ചെയ്യുന്ന രാജ്യങ്ങളാണ് ഇറാനെ ശിക്ഷിക്കാനിറങ്ങിയത്. ആണവ നിര്‍വ്യാപന കരാറില്‍ ഒപ്പുവെച്ച ഇറാന്‍ ഒരു ഭാഗത്ത്. തങ്ങള്‍ ആണവ ശക്തിയാണെന്ന് പ്രഖ്യാപിച്ച് നിര്‍വ്യാപന കരാറില്‍ ഒപ്പു വെക്കാത്ത ഇസ്‌റാഈല്‍ മറുഭാഗത്ത്. ആയുധ പന്തയം തകൃതിയായി നടക്കുന്ന ലോകക്രമം. തങ്ങളുടെ ആണവ പരിപാടി തികച്ചും സമാധാനപരമാണെന്ന് ആണയിടുന്ന ഇറാന്‍. ഈ വിപരീതങ്ങള്‍ക്കിടയിലാണ് ഉപരോധവും ഒറ്റപ്പെടുത്തലും അരങ്ങേറിയത്.
സിറിയയിലെ സംഘര്‍ഷം അടക്കം ഭൗമരാഷ്ട്രീയ സാഹചര്യങ്ങളില്‍ മാറ്റം വന്നതോടെ ഇറാനുമായി നീക്കുപോക്കിന് അമേരിക്ക താത്പര്യം പ്രകടിപ്പിച്ച് തുടങ്ങിയത് 2013 മധ്യത്തോടെയാണ്. മിതവാദിയെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഹസന്‍ റൂഹാനി പ്രസിഡന്റ്പദത്തിലെത്തിയത് ഒരു അവസരമാക്കി മാറ്റുകയായിരുന്നു വന്‍ ശക്തികള്‍. അങ്ങനെയാണ് കഴിഞ്ഞ ജൂലൈയില്‍ വിയന്ന കരാര്‍ സാധ്യമായത്. അത് പ്രകാരം യുറേനിയം സമ്പുഷ്ടീകരണ തീവ്രത ഇറാന്‍ അഞ്ച് ശതമാനത്തിലൊതുക്കണം. 20 ശതമാനം വരെ സമ്പുഷ്ടീകരിച്ചു വെച്ചിട്ടുള്ള യുറേനിയം ഓക്‌സൈഡുകളാക്കി പരിവര്‍ത്തിപ്പിക്കണം. നതാന്‍സ്, ഫോര്‍ഡോ, അറാക്ക് ആണവ നിലയങ്ങളില്‍ ദൈനംദിന പരിശോധന അനുവദിക്കണം. വെപ്പന്‍ ഗ്രേഡ് പ്ലൂട്ടോണിയം നല്‍കുന്ന നിലയമെന്ന് പറയപ്പെടുന്ന അരാക്ക് നിലയം അടച്ചുപൂട്ടണം. ഇക്കാര്യങ്ങളെല്ലാം ഐ എ ഇ എ മേധാവികള്‍ പരിശോധിച്ച് ഉറപ്പുവരുത്തും. ഈ പരിശോധനകളെല്ലാം പൂര്‍ത്തിയാക്കി എന്‍ ഒ സി നല്‍കിയതോടെയാണ് കരാര്‍ നിലവില്‍ വരുന്നതും ഉപരോധം നീങ്ങുന്നതും. ഇവിടെ യു എസ് വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറിയുടെ പ്രസ്താവന പ്രത്യേകം ശ്രദ്ധയര്‍ഹിക്കുന്നു: “ഇറാന്‍ ഇപ്പോള്‍ വാക്കു പാലിച്ചിരിക്കുന്നു; നാളെയെന്തെന്ന് പറയാനാകില്ല”. എന്നുവെച്ചാല്‍ യു എസില്‍ വരുന്ന രാഷ്ട്രീയ മാറ്റങ്ങളും കാഴ്ചപ്പാടിലെ മാറ്റങ്ങളും കരാറിന്റെ ഭാവിയെ ബാധിക്കുമെന്ന് തന്നെ.
ഈ ഘട്ടത്തില്‍ ഏറെ ആത്മസംതൃപ്തി കൊള്ളുന്നത് ബരാക് ഒബാമയാണ്. അദ്ദേഹം രണ്ട് ഊഴം പദവിയിലിരുന്നിട്ട് ഒരു വാഗ്ദാനമെങ്കിലും പാലിക്കാനായല്ലോ. ഇസ്‌റാഈലിന് കരാര്‍ ഒട്ടും രസിച്ചിട്ടില്ല. തീവ്രവാദത്തിന്റെ അച്ചുതണ്ടിനാണ് സാമ്പത്തിക ആത്മവിശ്വാസം കൈവരുന്നതെന്ന് അവര്‍ പരിതപിക്കുന്നു. അറബ് രാഷ്ട്രങ്ങളും ഇറാന്റെ നീക്കങ്ങളെ സംശയത്തോടെയാണ് കാണുന്നത്. ശിയാ പണ്ഡിതനെ സഊദി തൂക്കിലേറ്റിയതുമായി ബന്ധപ്പെട്ട് ഇറാന്‍ നടത്തിയ അക്രമാസക്ത പ്രതികരണം അവരുടെ ആശങ്കകള്‍ ശരിവെക്കുന്നുമുണ്ട്. ഉപരോധമുക്തമാകുന്നതോടെ ഇറാന്റെ എണ്ണ വിപണിയിലെത്തുമെന്ന സാമ്പത്തിക യാഥാര്‍ഥ്യവും മുമ്പിലുണ്ട്. ഇപ്പോള്‍ തന്നെ മൂക്കു കുത്തി വീണ് കിടക്കുന്ന ക്രൂഡ് വില ഇനിയും താഴുമെന്ന് ഒപെക് വിലയിരുത്തുന്നു. പുതിയ ആത്മവിശ്വാസവും അമേരിക്കയടക്കമുള്ള വമ്പന്‍മാരുമായുള്ള സൗഹൃദവും ഇറാന്‍ എന്തിന് ഉപയോഗിക്കുമെന്നതാണ് ഇത്തരുണത്തില്‍ ഉയര്‍ന്നു വരുന്ന ചോദ്യം. അരക്ഷിതമായി തീര്‍ന്ന മേഖലയെ കൂടുതല്‍ അരക്ഷിതമാക്കുന്ന പക്ഷംചേരലുകളിലും രാഷ്ട്രീയ കുതന്ത്രങ്ങളിലും ഇറാന്‍ ഏര്‍പ്പെടുമോ? വംശീയ സ്പര്‍ധയെന്ന് പാശ്ചാത്യര്‍ക്ക് വിശേഷിപ്പിച്ച് രസിക്കാനുള്ള സംഭവവികാസങ്ങള്‍ തുടര്‍ക്കഥയാകുമോ? അതോ മേഖലയെ അശാന്തമാക്കുന്ന ഭീകരതയും സാമ്രാജ്യത്വ ഇടപെടലും ചെറുക്കാന്‍ ഇറാന്‍ ഉണ്ടാകുമോ? വരും ദിനങ്ങള്‍ ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കും.

Latest