വാഹനമിടിച്ച് പരുക്കേറ്റ നടോടി രക്തം വാര്‍ന്ന് മരിച്ചു

Posted on: January 17, 2016 7:13 pm | Last updated: January 17, 2016 at 7:33 pm

accident-തിരുവനന്തപുരം: വാഹനമിടിച്ച് പരുക്കേറ്റയാളെ ആശുപത്രിയിലെത്തിക്കാന്‍ വൈകിയതിനെ തുടര്‍ന്ന് രക്തംവാര്‍ന്ന് മരിച്ചു. തിരുവനന്തപുരം കിഴക്കേക്കോട്ടയില്‍ നാടോടിയായ മധ്യവയസ്‌കനാണ് വാഹനമിടിച്ച് പരുക്കേറ്റ് രക്തംവാര്‍ന്ന് അരമണിക്കൂറോളം ആരും തിരിഞ്ഞുനോക്കാതെ വഴിയില്‍ കിടന്നത്.

പോലീസും യാത്രക്കാരുമടക്കം നിരവധിപേര്‍ സംഭവം കണ്ടെങ്കിലും ആശുപത്രിയിലെത്തിക്കാന്‍ ആരും മുന്നോട്ടുവന്നില്ല. സംഭവം നടന്ന അരമണിക്കൂറോളം കഴിഞ്ഞാണ് പൊലീസ് ആംബുലന്‍സില്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചത്. ഉടന്‍ തന്നെ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനാക്കി. തുടര്‍ന്ന് ഐ.സി.യുവില്‍ പ്രവേശിപ്പിച്ചെങ്കിലും പന്ത്രണ്ടരയോടെ മരിക്കുകയായിരുന്നു. അപകടത്തില്‍പ്പെട്ടയാളെ ആശുപത്രിയില്‍ എത്തിക്കുന്ന കാര്യത്തില്‍ പൊലീസ് അലംഭാവം കാണിച്ചുവെന്ന് സംഭവസ്ഥലത്ത് തടിച്ചു കൂടിയവര്‍ ആരോപിച്ചു. പരിക്കേറ്റയാളെ ആശുപത്രിയിലെത്തിക്കുന്നതില്‍ പൊലീസിന്റെ ഭാഗത്തു നിന്ന് വീഴ്ചയുണ്ടായതിനെ കുറിച്ച് അന്വേഷിക്കാന്‍ ഡി.ജി.പി സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് നിര്‍ദേശം നല്‍കി.വി.എസ്.എസ്.എസിയുടെ ബസാണ് നാടോടിയെ ഇടിച്ചത്.