അയ്യപ്പന്റെ മരണം വിശ്വസിക്കാനാവാതെ ഉറ്റവര്‍

Posted on: January 17, 2016 5:25 pm | Last updated: January 17, 2016 at 5:50 pm
SHARE

AYYAPPANദുബൈ:തൃശൂര്‍ വലപ്പാട് സ്വദേശിയും സാംസ്‌കാരിക പ്രവര്‍ത്തകനുമായ അയ്യപ്പന്റെ (62) മരണം ഉറ്റവരെയും സുഹൃത്തുക്കളെയും നടുക്കി. വ്യക്തിപരമായി നിരവധി പ്രയാസങ്ങള്‍ മനസില്‍ വഹിച്ചാണ് അയ്യപ്പന്‍ നടന്നിരുന്നതെന്ന് മരണശേഷമാണ് അടുത്ത സുഹൃത്തുക്കള്‍ പോലും മനസിലാക്കിയത്. ഫുജൈറ ദിബ്ബയില്‍ സ്വന്തം കാര്‍ കടലിലേക്ക് ഓടിച്ചിറക്കി ആത്മഹത്യ ചെയ്തതാണെന്ന് പോലീസ് കരുതുന്നു.
ഈ മാസം 11 മുതല്‍ അയ്യപ്പന്റെ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ആയിരുന്നു. ദുബൈയില്‍ സ്വന്തമായുള്ള സ്റ്റേഷനറി ഓഫീസിലോ താമസ സ്ഥലമായ മുഹ്‌സിനയിലെ ഫഌറ്റിലോ കണ്ടെത്താന്‍ കഴിഞ്ഞില്ല.
വെള്ളിയാഴ്ച ദിബ്ബ കടലില്‍ കാര്‍ കണ്ടെത്തി. പിന്നീട്, മൃതദേഹം കണ്ടെത്തുകയായിരുന്നു. ദിബ്ബ ആശുപത്രിയില്‍ സൂക്ഷിച്ച മൃതദേഹം ബന്ധുക്കള്‍ തിരിച്ചറിഞ്ഞു. തൃശൂര്‍ ഗ്രീന്‍ ബുക്‌സ് ഡയറക്ടര്‍, നാട്ടിക എസ് എന്‍ കോളജ് അലുംനി പ്രസിഡന്റ് തുടങ്ങിയ നിലയില്‍ വിപുലമായ സുഹൃദ് ബന്ധത്തിന് ഉടമയായിരുന്നു. കഴിഞ്ഞ 15ന് അലുംനിയുടെ കൂട്ടായ്മ നടത്താന്‍ നിശ്ചയിച്ചതായിരുന്നു. അയ്യപ്പന്റെ അഭ്യര്‍ഥന മാനിച്ച് മാറ്റിവെച്ചു. മകളുടെ അസുഖവും ബേങ്ക് കടക്കെണിയും അയ്യപ്പനെ അലട്ടിയിരുന്നുതായി ഉറ്റസുഹൃത്തുക്കള്‍ പറഞ്ഞു. നാട്ടിലെ സ്വത്ത് വിറ്റ് കടബാധ്യത തീര്‍ക്കാന്‍ ശ്രമം നടത്തിവരികയായിരുന്നു. അസാധാരണ മനുഷ്യത്വമുള്ള തൊഴിലുടമയാണ് അയ്യപ്പനെന്ന് കവിയും നാട്ടുകാരനും ജീവനക്കാരനുമായ ടി പി അനില്‍കുമാര്‍ പറഞ്ഞു. വ്യാപാരം നഷ്ടത്തിലായതിനാല്‍ വിസ റദ്ദുചെയ്യാനും വേറെ ജോലി നോക്കാനും പറഞ്ഞിരുന്നു. വേണ്ടതെല്ലാം ചെയ്തുകൊടുക്കാന്‍ പി ആര്‍ ഒ കാസര്‍കോട് സ്വദേശി റഹ്മത്തിനെ ഏല്‍പിച്ചിരുന്നു- അനില്‍കുമാര്‍ പറഞ്ഞു. കുടുംബം ദുബൈയിലായിരുന്നു. നാലു മാസം മുമ്പ് കുടുംബത്തെ നാട്ടിലേക്കയച്ചു. കഴിഞ്ഞ ദിവസം ഫഌറ്റില്‍ നിന്ന് അയ്യപ്പന്റെ കത്ത് കണ്ടെടുത്തപ്പോഴാണ് കടബാധ്യതയുടെ വിവരം പലരും അറിയുന്നത്. ഒരു ബേങ്കിന് നല്‍കിയ ചെക്ക് കാലാവധി ഈ മാസം 11നാണെന്നും ചിലരില്‍ നിന്ന് പണം കിട്ടാനുണ്ടെന്നും കത്തില്‍ എഴുതിയിട്ടുണ്ട്. എപ്പോഴും പ്രസന്നവദനനായ അയ്യപ്പനാണ് ഏവരുടെയും മനസിലുള്ളത്. സാംസ്‌കാരിക പ്രവര്‍ത്തനങ്ങളോടുള്ള ഇഷ്ടമാണ് തൃശൂര്‍ ഗ്രീന്‍ ബുക്‌സിന്റെ ഡയറക്ടര്‍ സ്ഥാനം ഏറ്റെടുക്കാന്‍ അയ്യപ്പനെ പ്രേരിപ്പിച്ചത്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാന്‍ ശ്രമം നടത്തിവരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here