Connect with us

Articles

അഭയാര്‍ഥിവിരുദ്ധ പ്രചാരണത്തിന്റെ രാഷ്ട്രീയം

Published

|

Last Updated

ആഭ്യന്തര സംഘര്‍ഷങ്ങള്‍. ഭീകരത, അതിനെതിരെ വന്‍ ശക്തികള്‍ നടത്തുന്ന യുദ്ധ ഭീകരത. ദാരിദ്ര്യം. പട്ടിണി. മനുഷ്യരെ സ്വന്തം മണ്ണില്‍ അന്യരാക്കുന്ന പ്രതിസന്ധികള്‍ ഉഗ്രരൂപം കൈവരിക്കുമ്പോള്‍ കൂടുതല്‍ പേര്‍ പലായനത്തിന്റെ വഴികളിലേക്ക് എടുത്തെറിയപ്പെടുകയാണ്. കരയണയുമെന്ന് ഒരു ഉറപ്പുമില്ലാത്ത ബോട്ട് യാത്രകള്‍ക്ക് അവര്‍ മുതിരുന്നു. അടയ്ക്കപ്പെട്ട അതിര്‍ത്തികള്‍ മറികടക്കാന്‍ അവര്‍ നൂറ് കണക്കിന് കിലോമീറ്റര്‍ നടന്നു തള്ളുന്നു. കുട്ടികളെ തോളിലേറ്റി പുരുഷന്‍മാര്‍. ഭാണ്ഡം താങ്ങി നടുവളഞ്ഞു പോയ സ്ത്രീകള്‍. വേച്ചു വീണു പോയ വൃദ്ധര്‍. വഴിയടച്ച് നില്‍ക്കുന്ന സൈനികര്‍ക്ക് മുന്നില്‍ സര്‍വസ്വവും അടിയറവ് വെക്കുന്നു. അഭിമാനവും മനുഷ്യനെന്ന അസ്തിത്വം പോലും. മഹത്തായ പാരമ്പര്യവും ചരിത്രവുമുള്ള നാടുകളില്‍ നിന്ന് പലായനം ചെയ്‌തെത്തിയ മനുഷ്യര്‍ തിരസ്‌കൃതരാക്കപ്പെടുന്നതിന്റെ വേദനയില്‍ തല കുനിക്കുന്നു. നിങ്ങളുടെ ഭരണകൂടങ്ങള്‍ തന്നെയാണ് ഞങ്ങളെ ഇങ്ങനെയാക്കിയതെന്ന രാഷ്ട്രീയ ചോദ്യത്തിനൊന്നും അഭയാര്‍ഥികള്‍ മുതിരുന്നില്ല.
ഈ മനുഷ്യര്‍ക്ക് പോയ വര്‍ഷം പ്രതീക്ഷയുടെയും ആശ്വാസത്തിന്റെതുമായിരുന്നുവെങ്കില്‍ പിറന്നു വീണ വര്‍ഷം ദുരന്തത്തിന്റെതും അപമാനത്തിന്റെതുമാകുമെന്ന് സൂചിപ്പിക്കുന്ന വാര്‍ത്തകളാണ് വരുന്നത്. സിറിയയിലും ഇറാഖിലും ലിബിയയിലുമൊക്കെ അശാന്തി അതിന്റെ കൊടുമുടിയില്‍ എത്തുകയും സമാധാന ശ്രമങ്ങള്‍ ഫലപ്രാപ്തിയുടെ അരികത്തു പോലും എത്താതെ ഉഴറി നടക്കുകയും ചെയ്യുമ്പോള്‍ അഭയാര്‍ഥി പ്രവാഹം വര്‍ധിക്കുകയേ ഉള്ളൂ. ഈ പ്രവാഹങ്ങളുടെ ദിശ യൂറോപ്യന്‍ രാജ്യങ്ങളായിരിക്കും എന്നതും ഉറപ്പാണ്. ഇത് തിരിച്ചറിഞ്ഞ യു എന്നും മറ്റ് അന്താരാഷ്ട്ര സംഘടനകളും യൂറോപ്യന്‍ രാജ്യങ്ങളോട് കൂടുതല്‍ അഭയാര്‍ഥികളെ സ്വീകരിക്കാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. ജനസാന്ദ്രതക്കുറവും ജോലി ചെയ്ത് ജീവിക്കാനുള്ള സാഹചര്യവുമാണ് യൂറോപ്യന്‍ രാജ്യങ്ങളെ അഭയാര്‍ഥികള്‍ക്ക് പഥ്യമാക്കുന്നത്. വിസയോ മറ്റ് രേഖകളോ ഇല്ലാതെ ചെല്ലാമെന്നതാണ് പ്രധാന ആകര്‍ഷണം. സ്വന്തം രാജ്യത്തെയും അയല്‍ രാജ്യങ്ങളിലെയും അഭയാര്‍ഥി ക്യാമ്പുകളില്‍ നിന്നാണ് ഇവരില്‍ പലരും പലായനം ചെയ്യുന്നത്. ഈ മനുഷ്യരെ സ്വന്തം മണ്ണില്‍ നിന്ന് പിഴുതെറിയുന്ന പ്രതിസന്ധികള്‍ക്ക് ശ്വാശ്വത പരിഹാരം കാണുകയാണ് ആത്യന്തിക പോംവഴി. എന്നാല്‍ താത്പര്യങ്ങളുടെ സംഘട്ടനങ്ങള്‍ ഇതിന് അനുവദിക്കുന്നില്ല. സിറിയയില്‍ ബശര്‍ അല്‍ അസദിനെ നിലനിര്‍ത്തിയുള്ള പരിഹാരമാണോ അസദ് രഹിത പരിഹാരമാണോ വേണ്ടതെന്ന് വന്‍ ശക്തികള്‍ ഇനിയും തീര്‍പ്പിലെത്തിയിട്ടില്ല. ഇസില്‍ ഭീകരരെ നേരിടാന്‍ സൈനിക നീക്കങ്ങള്‍ക്ക് സാധിക്കുന്നുമില്ല.
അയ്‌ലാന്‍ കുര്‍ദിയുടെയും കുടുംബത്തിന്റെയും രക്തസാക്ഷിത്വമാണ് കഴിഞ്ഞ വര്‍ഷം അഭയാര്‍ഥികളുടെ നേര്‍ക്ക് കണ്ണുപായിക്കാന്‍ ലോകത്തെ നിര്‍ബന്ധിതമാക്കിയത്. അഭയാര്‍ഥികളെ ആട്ടിയോടിക്കാന്‍ മുതിര്‍ന്ന യൂറോപ്പിന്റെ മനസ്സലിഞ്ഞു. ചട്ടങ്ങള്‍ പലതും വഴി മാറി. ഹംഗറിയെയും ന്യൂസിലാന്‍ഡിനെയും പോലുള്ള മുരടന്‍ രാജ്യങ്ങള്‍ക്ക് മാത്രമേ ഐലാന്‍ കുര്‍ദിയുടെ മരണമുയര്‍ത്തിയ വികാരത്തിരയെ പ്രതിരോധിക്കാനായുള്ളൂ. യൂറോപ്യന്‍ യൂനിയനിലെ 28 അംഗരാജ്യങ്ങളും അഭയാര്‍ഥികളെ സ്വീകരിക്കാന്‍ തയ്യാറാകണമെന്ന ആഹ്വാനവുമായി ജര്‍മന്‍ ചാന്‍സലര്‍ ആഞ്ജല മെര്‍ക്കലും ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്യസ് ഹോളണ്ടെയും രംഗത്തെത്തി. ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണും വഴങ്ങി. ഹംഗറിയില്‍ നിന്ന് തിരിച്ചയക്കപ്പെട്ടവര്‍ക്ക് ആസ്ത്രിയ അഭയം നല്‍കി. ജര്‍മനിയിലേക്കുള്ള വഴിയായി ആ രാജ്യം പരിണമിച്ചു. അഭയാര്‍ഥികളെ സ്വീകരിക്കാനായി കുടിയേറ്റ നിയമങ്ങള്‍ അടിമുടി പരിഷ്‌കരിക്കുമെന്ന് യു എസ് പ്രസിഡന്റ് ബരാക് ഒബാമയും പ്രഖ്യാപിച്ചു. എന്നാല്‍ പുതിയ വര്‍ഷം ഇതിന്റെ നേരെ വിപരീത ദിശയിലാണ് സഞ്ചരിക്കുന്നത്.
ഈ എതിര്‍ നടത്തത്തിന്റെ തുടക്കം ജര്‍മനിയില്‍ നിന്നാകുന്നുവെന്നതാണ് ഏറ്റവും വേദനാജനകമായിട്ടുള്ളത്. അവിടെ കൊളോഗന്‍ അടക്കമുള്ള നഗരങ്ങളില്‍ പുതുവര്‍ഷ ആഘോഷങ്ങള്‍ക്കിടെയുണ്ടായ ലൈംഗിക ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ കടുത്ത കുടിയേറ്റ നിയന്ത്രണ നടപടികള്‍ക്ക് മുതിരുകയാണ് ചാന്‍സിലര്‍ ആഞ്ചലാ മെര്‍ക്കല്‍. മുതലാളിത്ത സാമൂഹിക ക്രമത്തിന്റെ കൂടെപ്പിറപ്പായ അഴിഞ്ഞാട്ടങ്ങളെ രാഷ്ട്രീയമായി ഉപയോഗിക്കുകയെന്ന അതിബുദ്ധിയാണ് ജര്‍മനിയില്‍ അരങ്ങേറുന്നത്. ഡിസംബര്‍ 31ന്റെ അവസാന മണിക്കൂറുകളിലും മിനിട്ടുകളിലും മിക്ക രാജ്യങ്ങളിലെയും നഗരങ്ങള്‍ ലക്കു കെട്ടിരിക്കുകയായിരുന്നുവെന്നത് ഒരു സാമാന്യ സത്യമാണ്. പാശ്ചാത്യ നഗരങ്ങളിലാകുമ്പോള്‍ അതിന്റെ തീവ്രത കൂടും. അവിടെ ലൈംഗികമായ അഴിഞ്ഞാട്ടം കൂടി നടക്കും. അല്‍പ്പ വസ്ത്രധാരണികളായ സ്ത്രീകള്‍ മദ്യലഹരിയില്‍ ഒഴുകും. കൊളോഗനില്‍ ഇങ്ങനെ ഉന്‍മത്ത ആഘോഷത്തിനിടെ ചില സ്ത്രീകളെ ഒരു സംഘം പുരുഷന്മാര്‍ കയറിപ്പിടിച്ചുവെന്നതാണ് കേസ്. പ്രാദേശിക വാര്‍ത്ത മാത്രമായി ഒതുങ്ങേണ്ട സംഭവം. പക്ഷേ രണ്ട് ദിവസം കഴിഞ്ഞ് പുറത്ത് വന്ന വാര്‍ത്ത മറ്റൊന്നായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ നൂറ് പേരില്‍ തൊണ്ണൂറ് പേരും വിദേശികള്‍! അഥവാ കുടിയേറ്റക്കാര്‍! ഇവരുടെ നാടും മതവും തിരിച്ചുള്ള കണക്കും വന്നു. സിറിയ, ഇറാഖ്, ആഫ്രിക്കന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് മിക്കവരും. മതത്തിന്റെ കോളത്തില്‍ മുസ്‌ലിമും. തീവ്രവലതുപക്ഷ, കുടിയേറ്റവിരുദ്ധ ഗ്രൂപ്പുകള്‍ക്ക് ഇത് മതിയായിരുന്നു. അവര്‍ വന്‍ വംശീയ പ്രചാരണം അഴിച്ചു വിട്ടു. അഭയാര്‍ഥികള്‍ ജര്‍മനിയുടെ സൈ്വര ജീവിതം തകര്‍ക്കുമെന്നും അവരുടെ ലൈംഗിക അതൃപ്തി രാജ്യത്തെ സ്ത്രീകളെ അരക്ഷിതരാക്കുമെന്നും ആക്രോശിച്ചു. സാധാരണ നടക്കുന്ന മോഷണങ്ങള്‍ പോലും വലിയ വാര്‍ത്തകളായി പരിമണമിച്ചു. മൊത്തം കണക്കെടുത്ത് കുടിയേറ്റ പ്രവാഹത്തിന് ശേഷം മോഷണ സംഭവങ്ങള്‍ പെരുകിയെന്ന് വ്യാഖ്യാനം വന്നു. ഓരോ മോഷണത്തിലെയും പ്രതികളുടെ വേരുകള്‍ ചികഞ്ഞു. മതമേത്? പൗരത്വമെന്ത് എന്ന ചോദ്യം പെരുകി. കുടിയേറ്റക്കാര്‍ക്ക് മുന്നില്‍ വാതിലുകള്‍ തുറന്ന് വെച്ച മെര്‍ക്കലിനെ കടന്നാക്രമിക്കാനുള്ള ആയുധമായി അവര്‍ കൊളോഗനെ ഉപയോഗിച്ചു. അഭയം തേടിയെത്തിയ മുഴുവന്‍ മനുഷ്യരും സംശയത്തിന്റെ നിഴലിലായി. അവരെ ആക്രമിക്കുന്നത് പതിവായി. ആഭ്യന്തര സമ്മര്‍ദം മറികടക്കാനാകാതെ ആഞ്ജലാ മെര്‍ക്കല്‍ തന്റെ നിലപാട് കര്‍ക്കശമാക്കുമ്പോള്‍ തീവ്രവലതുപക്ഷ ഗ്രൂപ്പുകളുടെ കുടില തന്ത്രം ഫലം കാണുകയാണ്.
അഭയാര്‍ഥികള്‍ക്കൊപ്പം തീവ്രവാദികളും നുഴഞ്ഞ് കയറുന്നുണ്ടെന്ന യൂറോപ്യന്‍ പൊതു ബോധത്തിന് പാരീസ് ആക്രമണം പകര്‍ന്ന ഊര്‍ജം വളരെ വലുതായിരുന്നു. മുഴുവന്‍ അഭയാര്‍ഥികളും ബോംബ് വാഹകരാണെന്ന മട്ടിലുള്ള ചാപ്പ കുത്തലുകള്‍ പാരീസിന് ശേഷം ശക്തമായിരിക്കുന്നു. ഈ രാക്ഷസവത്കരണത്തിന് പാരീസ് ആക്രമണം വലിയ വിശ്വാസ്യത പകര്‍ന്നു. ആക്രമണത്തിന്റെ പിന്നാമ്പുറങ്ങളിലേക്ക് വെളിച്ചമടിക്കാന്‍ ആരും സന്നദ്ധമാകാത്തത് കൂടി ഇതിനോട് ചേര്‍ത്ത് വായിക്കണം. ഗ്രീസിനെപ്പോലെ സാമ്പത്തിക പ്രതിസന്ധിയില്‍ ഉഴലുന്ന രാജ്യങ്ങള്‍ക്ക് അഭയാര്‍ഥികളുടെ ഒഴുക്ക് വലിയ സുരക്ഷാ ചെലവ് വരുത്തിവെക്കുമെന്ന പ്രാചരണത്തിനും കാറ്റു പിടിച്ചിരിക്കുന്നു. വരുന്നത് മുഴുവന്‍ ക്രിമിനലുകളാണെന്ന് തന്നെയാണ് പ്രചരിപ്പിക്കപ്പെടുന്നത്. ഇസ്‌ലാമോഫോബിയയുടെ തലവും മാരകമായിരിക്കുന്നു. എല്ലാ വിദ്വേഷ പ്രചാരകരും സജീവമായിരിക്കുന്നു. വംശശുദ്ധി, യൂറോപ്യന്‍ മൂല്യം, ഭാഷാ ഉത്കൃഷ്ടതാവാദം തുടങ്ങിയ ശാഠ്യങ്ങള്‍ വെച്ചു പുലര്‍ത്തുന്നവരാണ് പൊതുവേ യൂറോപ്യര്‍. പുതിയ പ്രൊപ്പഗാന്റ പൊളിറ്റിക്‌സ് ഇത്തരം എല്ലാ അഹങ്കാരങ്ങളെയും ജ്വലിപ്പിച്ച് നിര്‍ത്തുന്നു. ഹിറ്റ്‌ലര്‍ ആട്ടിയോടിച്ച ജൂതന്മാര്‍ക്ക് ഇടം നല്‍കിയ ഉദാര ജനാധിപത്യത്തിന്റെ യൂറോപ്യന്‍ മാതൃക അസ്തമിച്ചു കൊണ്ടിരിക്കുകയാണ്. മനുഷ്യര്‍ അതിര്‍ത്തി കടന്ന് വരുമ്പോള്‍ മാനവവിഭവശേഷിയാണ് വന്നു ചേരുന്നതെന്ന വസ്തുത മറയ്ക്കപ്പെടുന്നു. അയ്‌ലാന്‍ കുര്‍ദിയെന്ന മൂന്ന് വയസ്സുകാരന്‍ തുര്‍ക്കി തീരത്തെ മണലില്‍ മുഖം പൂഴ്ത്തി ഉറങ്ങും പോലെ മരിച്ചു കിടക്കുന്ന ഒറ്റച്ചിത്രം അഭയാര്‍ഥി പ്രതിസന്ധിയെ ഹൃദയഭേദകമായി ലോകത്തിന്റെ ശ്രദ്ധയിലേക്ക് കൊണ്ടു വന്നെങ്കില്‍ ഇന്ന് ആ കുഞ്ഞുടലിനെപ്പോലും അപഹസിക്കുന്ന പുതിയ കാര്‍ട്ടൂണ്‍ വരക്കുകയാണ് ഷാര്‍ളി ഹെബ്‌ദോ.
അഭയാര്‍ഥികള്‍ക്ക് നേരെയുള്ള ക്രൂരതയുടെ ഏറ്റവും ഭീകരമായ മുഖം വെളിവായത് ഡാനിഷ് പാര്‍ലിമെന്റില്‍ കഴിഞ്ഞ ദവസം അവതരിപ്പിച്ച ഒരു ബില്ലിലാണ്. അഭയാര്‍ഥികളുടെ കൈയിലുള്ള സ്വര്‍ണം പോലുള്ള വിലപിടിപ്പുള്ള വസ്തുക്കള്‍ പിടിച്ചെടുക്കാന്‍ പോലീസിന് അധികാരം നല്‍കുന്നതാണ് ബില്ല്. അഭയാര്‍ഥികളെ സ്വീകരിക്കുന്നതിനുള്ള ചെലവിലേക്കാണത്രേ പിടിച്ചെടുക്കപ്പെടുന്നവയുടെ മൂല്യം ചെല്ലുക. എത്ര നെറികെട്ട നടപടിയാണ് ഇത്. മറ്റുള്ളവരെ മനുഷ്യാവകാശം പഠിപ്പിക്കാനും രാജ്യങ്ങളെ തിന്മയുടെ അച്ചുതണ്ടായും പരാജിതമായും ചാപ്പയടിക്കാനും ഉറക്കമിളക്കുന്നവരാണല്ലോ യൂറോപ്യന്‍ വിദഗ്ധര്‍. യൂറോപ്പിന്റെ ഏത് മൂല്യമാണ് ഈ ബില്ലില്‍ വിശ്വരൂപം കാണിക്കുന്നത്? ഇവിടെയാണ് അഭയാര്‍ഥി പ്രവാഹത്തിന്റ രാഷ്ട്രീയം പ്രസക്തമാകുന്നത്. ഈ മനുഷ്യരെ ഇങ്ങനെ നിരാലംബരും നിസ്സഹായരും അപമാനിതരുമാക്കിയത് ഈ വന്‍ശക്തികള്‍ തന്നെയാണ്. അവരാണ് ഇറാഖിനെ അസ്ഥിരമാക്കിയത്, വംശീയ സ്പര്‍ധ ആളിക്കത്തിച്ചത്. സിറിയയെ ഇക്കോലത്തിലാക്കിയത്. അങ്ങനെ അസ്ഥിരമാക്കിയ രാജ്യങ്ങളിലാണ് ഇസില്‍ സംഘം നിറഞ്ഞാടിയത്. പാശ്ചാത്യ രാജ്യങ്ങള്‍ വിതറിയ ആയുധമാണ് ഈ തീവ്രവാദികളെല്ലാം ഉപയോഗിക്കുന്നത്. ഈ ശക്തികളുടെ താത്പര്യങ്ങള്‍ ഏറ്റുമുട്ടുന്നത് കൊണ്ട് മാത്രമാണ് അരക്ഷിതമായ രാജ്യങ്ങളില്‍ സമാധാനം പുലരാത്തത്. സംഘര്‍ഷങ്ങളില്‍ പക്ഷം പിടിച്ച എല്ലാവര്‍ക്കും ഉത്തരവാദിത്വമുണ്ട്. അത്‌കൊണ്ട് അഭയാര്‍ഥികളെ അധിക്ഷേപിക്കുന്നവര്‍ ചരിത്രവും വര്‍ത്തമാനവും അവരില്‍ ഏല്‍പ്പിക്കുന്ന ഉത്തരവാദിത്വത്തില്‍ നിന്നാണ് ഒഴിഞ്ഞു മാറുന്നത്. യൂറോപ്പിലെ മുഴുവന്‍ രാജ്യങ്ങളും അതിര്‍ത്തികളില്‍ കര്‍ശന പരിശോധന തുടങ്ങിയിരിക്കുന്നു. യൂറോപ്യന്‍ യൂനിയന്‍ തന്നെ അഭയാര്‍ഥി പ്രവാഹം തടയുന്നതിനുള്ള നിയമങ്ങളെക്കുറിച്ച് ആലോചിച്ചു കൊണ്ടിരിക്കുകയാണ്. സിറിയ പോലുള്ള ആക്രമണ കലുഷമായ രാജ്യങ്ങളില്‍ കൂടുതല്‍ ഏറ്റുമുട്ടലുകള്‍ക്കാണ് ഇത് വഴിവെക്കുക. സംഘര്‍ഷ മേഖലയില്‍ നിന്ന് പുറത്ത് കടക്കാന്‍ വഴിയില്ലാതെ കൂടുതല്‍ സിവിലിയന്മാര്‍ കൊല്ലപ്പെടും. യൂറോപ്യന്‍ അതിര്‍ത്തികളും അശാന്തമാകും. തുര്‍ക്കി പോലെ അഭയാര്‍ഥികളെ സ്വീകരിക്കാന്‍ തയ്യാറാകുന്ന അയല്‍ രാജ്യങ്ങള്‍ക്ക് സമ്മര്‍ദമേറുകയും ചെയ്യും.

അസിസ്റ്റന്റ്‌ ന്യൂസ് എഡിറ്റർ, സിറാജ്