ഗസല്‍ മഴയിലലിഞ്ഞ് കോഴിക്കോട്‌

Posted on: January 17, 2016 11:24 pm | Last updated: January 18, 2016 at 12:18 pm

gulam ali khan

കോഴിക്കോട്: അവഗണനയുടെ അതിര്‍വരമ്പുകള്‍ ഗസലിന്റെ മാധുര്യത്താല്‍ ഭേദിച്ച് മതത്തിനും ഭാഷക്കും ദേശത്തിനും ജാതിക്കുമപ്പുറം ആയിരങ്ങളെ സംഗീതത്താല്‍ ഒരുമിപ്പിച്ച് വിശ്രുത ഗസല്‍ ഗായകന്‍ ഉസ്താദ് ഗുലാം അലി പാടി. എന്നും കലയെ സ്‌നേഹിച്ച സംഗീതം ജീവ വായുവാക്കിയ കോഴിക്കോടിന്റെ മണ്ണില്‍ നല്‍കിയ ഊഷ്മളമായ സ്‌നേഹത്തിന് ഗസലിന്റെ തേന്‍കണം ചൊരിഞ്ഞായിരുന്നു അദ്ദേഹം നന്ദി പ്രകടിപ്പിച്ചത്. പ്രണയവും വിരഹവും ഗൃഹാതുരതയും വേദനയും പ്രത്യാശയും ഒരുപോലെ സംഗമിച്ച തന്റെ ഗസലിലൂടെ അവിസ്മരണീയ നിമിഷങ്ങളായിരുന്നു ഗുലാം അലി ഗസലിനെ സ്‌നേഹിക്കുന്നവര്‍ക്കായി സമ്മാനിച്ചത്. സ്വപ്‌ന നഗരിയില്‍ സംഗീത പ്രേമികളാല്‍ തിങ്ങിനിറഞ്ഞ മൈതാനിയിലായിരുന്നു ‘ചാന്ദ്‌നി രാത് ഗുലാം അലി കെ സാഥ്’എന് പേരില്‍ കോഴിക്കോട് പൗരാവലി സംഘടിപ്പിച്ച ഗസല്‍ സന്ധ്യ.
ഇന്നലെ വൈകീട്ട് ഏഴു മണിയോടെ സഹഗായകന്‍ പണ്ഡിറ്റ് വിശ്വനാഥിന്റെ ഗസലോടെയാണ് ഗസല്‍ സന്ധ്യ ആരംഭിച്ചത്.തുടര്‍ന്ന് ആയിരങ്ങളുടെ കാതുകളിലേക്കായി ഉസ്താദ് ഗുലാം അലി പാടിത്തുടങ്ങിയപ്പോള്‍ ഒപ്പം സദസ്സ് ഒന്നടങ്കം താളം പിടിച്ചു. ‘ഹം തേരേ ഷഹര്‍ മേ ആയേ ഹെ മുസാഫിര്‍ കി തരഹ്…’,യെ കഹാനീ ഫിര്‍സെ ഹീ.., കല്‍ ചാന്ദ്‌നി കെ രാത് ത്സീ,,, തുടങ്ങിയ ഗസലുകള്‍ ഹര്‍ഷാരവത്തോടെയാണ് ആസ്വാദക ഹൃദയങ്ങള്‍ സ്വീകരിച്ചത്. ഗുലാം അലിയുടെ മകന്‍ ആമിര്‍ അലിയും പിയാനിസ്റ്റ് സജ്ജാദ് ഹുസൈനുമടക്കം വേദിയിലുണ്ടായിരുന്നു ‘ചുപ്‌കെ ചുപ്‌കെ രാത് ദിന്‍ ആര്‍സു ബഹാനാ യാദ് ഹെ’ എന്ന ഗാനം ഗുലാം അലിയും മകനും ചേര്‍ന്നാണ് ആലപിച്ചത്. ഗസലിന്റെ മാധുര്യത്തിലലിഞ്ഞ് ഇടക്കിടക്ക് തന്റെ ഇടതു കൈ താളത്തില്‍ വാനിലേക്കുയര്‍ത്തിയപ്പോഴെല്ലാം സദസ്സില്‍ നിറഞ്ഞ ആരവങ്ങളുയരുന്നുണ്ടായിരുന്നു. മേം നസര്‍ സെം പീ രഹാ ഹൂ,, യെ, സബ് ബദല്‍ ന ജായേ…,ദില്‍ മെ ഏക് ലഹര്‍ സെ മിഠി ഹെ അഭീ…,തുടങ്ങിയ ഗസലുകളും അദ്ദേഹം വേദിയില്‍ ആലപിച്ചു.
വൈകീട്ട് 6.30ഓടെയാണ് ഗുലാം അലി വേദിയിലത്തെിയത്. സദസ്സ് ഒന്നടങ്കം എഴുന്നേറ്റുനിന്ന് ആരവം മുഴക്കിയാണ് അദ്ദേഹത്തെ സ്വീകരിച്ചു. പഠാന്‍കോട്ട് ഭീകരാക്രമണത്തില്‍ രാജ്യത്തിന് വേണ്ടി ജീവന്‍ ത്യജിച്ച നിരഞ്ജന്‍ അടക്കമുള്ള സൈനികര്‍ക്ക് പ്രണാമമര്‍പ്പിച്ചായിരുന്നു ചടങ്ങ് ആരംഭിച്ചത്. എം ടി വാസുദേവന്‍ നായര്‍ വിളക്ക് തെളിയിച്ച് പരിപാടി ഉദ്ഘാടനം ചെയ്തു. മന്ത്രിമാരായ എം കെ മുനീര്‍, എ പി അനില്‍കുമാര്‍, സ്വരലയയുടെ മുഖ്യ സംഘാടകനായ എം എ ബേബി എം എല്‍ എ എന്നിവര്‍ ചേര്‍ന്ന് അദ്ദേഹത്തിനുള്ള ഉപഹാരമായി ആറന്മുളകണ്ണാടി നല്‍കി. എം കെ രാഘവന്‍ എം പി അദ്ദേഹത്തെ പൊന്നാട അണിയിച്ചു. കൈതപ്രം ദാമോദരന്‍ നമ്പൂതിരി അദ്ദേഹം തന്നെ രചിച്ച സ്വാഗത ഗാനം ആലപിച്ചു. എളമരം കരീം എം എല്‍ എ സ്വാഗതം പറഞ്ഞു. ഗ്രാമഫോണ്‍ ഷാജിയുടെ കൈവശമുണ്ടായിരുന്ന ഗുലാം അലിയുടെ വര്‍ഷങ്ങള്‍ പഴക്കമുള്ള തബല റെക്കോര്‍ഡിംഗ് ചടങ്ങിനിടെ അദ്ദേഹത്തിന് കൈമാറി. പരിപാടിയില്‍ എ പ്രദീപ്കുമാര്‍ എം എല്‍ എ, കോഴിക്കോട് മേയര്‍ വി കെ സി മമ്മദ് കോയ, കെ പി സുധീര, അഡ്വ. ശ്രീധരന്‍ പിള്ള, സി കെ പത്മനാഭന്‍, ടി പി ദാസന്‍, എം പി അഹമ്മദ് സംബന്ധിച്ചു.
ശിവസേനയുടെ വിലക്ക് കാരണം രാജ്യത്തെ പല സംഗീത പരിപാടികളും വേണ്ടെന്ന് വെക്കേണ്ടിവന്ന ഗുലാം അലിയെ സംസ്ഥാനം നിറഞ്ഞ മനസ്സോടെയാണ് വരവേറ്റതും സ്വീകരിച്ചതും. കഴിഞ്ഞ ദിവസം തിരുവനന്തപുരത്തായിരുന്നു ഗുലാം അലിയുടെ ഗസല്‍ സന്ധ്യ അരങ്ങേറിയത്.
രാജ്യത്ത് അസഹിഷ്ണുതയുടെ വിത്തുകള്‍ വിതക്കുന്നവര്‍ക്ക് മുന്നില്‍ കേരളം വ്യത്യസ്തമാണ് എന്ന തുറന്ന പ്രഖ്യാപനം കൂടിയായി അദ്ദേഹത്തിന് മുന്നില്‍ സ്‌നേഹത്തോടെ കാതോര്‍ത്ത തിരുവനന്തപുരത്തെയും കോഴിക്കോട്ടെയും പ്രൗഢസദസ്സ്. സ്വപ്‌ന നഗരിയിലേക്കുള്ള പ്രവേശനം പാസ്സ്മൂലമായിരുന്നു നിയന്ത്രിച്ചിരുന്നത്. എന്നാല്‍ ടിക്കറ്റ് ലഭിക്കാതിരുന്നിട്ടും വേദിക്ക് പുറത്തും ഗസല്‍ രാജാവിന്റെ സംഗീത വിരുന്ന് ആസ്വദിക്കാന്‍ സംഗീത പ്രേമികള്‍ തടിച്ചുകൂടിയിരുന്നു.