Connect with us

Malappuram

അലിഗഢ് മലപ്പുറം കേന്ദ്രം: വികസനത്തിന്റെ ഗതിവേഗം വര്‍ധിക്കാന്‍ കാത്തിരിപ്പ് നീളുന്നു

Published

|

Last Updated

പെരിന്തല്‍മണ്ണ: അലീഗഢ് മുസ്‌ലിം സര്‍വകലാശാല മലപ്പുറം കേന്ദ്രത്തിന്റെ വികസനത്തിന് വേഗത കൈവരാന്‍ പുതിയ വികസന ശ്രമങ്ങള്‍ക്ക് അലീഗഢ് യൂനിവേഴ്‌സിറ്റിയില്‍ നിന്നും നല്ല പിന്തുണയും ഉറപ്പും വരുത്താന്‍ സാധിച്ചിട്ടുണ്ടെങ്കിലും ക്യാമ്പസിന്റെ വികസന കാര്യത്തില്‍ താത്പര്യക്കുറവ് വ്യക്തമാക്കിക്കൊണ്ടുള്ള മറുപടിയാണ് കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് കേന്ദ്ര മാനവ വിഭവശേഷി മന്ത്രി സ്മൃതി ഇറാനി, മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മറ്റു മന്ത്രിമാര്‍ എന്നിവരുമായി നടത്തിയ കൂടിക്കാഴ്ചയില്‍ വ്യക്തമാക്കിയത്.
നിലവിലുള്ള കോഴ്‌സുകള്‍ക്ക് പുറമെ പുതിയ കോഴ്‌സുകള്‍ ആരംഭിക്കാനുള്ള ശ്രമങ്ങളും വിദ്യാര്‍ഥികളുടെ പ്രാദേശിക പ്രാതിനിധ്യം ഉറപ്പുവരുത്തുന്നതിന് സ്‌കൂള്‍ തുടങ്ങുന്നതടക്കമുള്ള നടപടികള്‍ക്ക് നിയമപരമായ തടസ്സങ്ങള്‍ ഉണ്ടെന്നും ഇത് മറികടക്കുവാന്‍ നിയമ ഭേദഗതി ആവശ്യമാണെന്നും കേന്ദ്രമന്ത്രി പറഞ്ഞു. അലീഗഢ് സര്‍വകലാശാലയുടെ ഇന്ത്യയിലെ വിവിധ കേന്ദ്രങ്ങളില്‍ കേരളത്തില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം ലഭിക്കുന്നതിനുള്ള മാര്‍ഗമെന്ന നിലയില്‍ ഒമ്പതാം ക്ലാസ് തുടങ്ങാന്‍ കേരള സര്‍ക്കാര്‍ മുമ്പ് തീരുമാനിച്ചിരുന്നു. ഇതനുസരിച്ച് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സര്‍വകലാശാല വൈസ് ചാന്‍സിലറുമായി ചര്‍ച്ചയും നടത്തിയിരുന്നു. ഇതിന് ഗവ. പി ടി എം കോളജില്‍ സൗകര്യവും ഏര്‍പ്പെടുത്തിയിരുന്നു. ഇതെല്ലാം തന്നെ വെറുതെയായി. അതേ സമയം നിലവിലുള്ള നിര്‍മാണ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കാന്‍ 60 കോടി രൂപ അനുവദിച്ചതായി കേന്ദ്രമന്ത്രി അറിയിച്ചു. വലിയൊരു വികസന പദ്ധതിയായിരുന്നു ഇവിടെ വിഭാവനം ചെയ്തിരുന്നത്. സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ സഹകരണത്തിലുള്ള സ്‌പോര്‍ട്‌സ് വില്ലേജ് പദ്ധതി, പെരിന്തല്‍മണ്ണ ബ്ലോക്ക് പഞ്ചായത്തിന്റെ സഹകരണത്തോടെയുള്ള മിനി സ്‌പോര്‍ട്‌സ് കോംപ്ലക്‌സ്, വീഡിയോ കോണ്‍ഫറന്‍സിംഗ്, അനര്‍ട്ടിന്റെ വിന്റ്‌മെല്‍, സോളാര്‍ പ്രൊജക്ട്, ഡയറി ഫാം, ബയോഗ്യാസ് പ്ലാന്റ്, വനം വകുപ്പിന്റെ നേതൃത്വത്തിലുള്ള വനവത്കരണ പദ്ധതി, ജലവിഭവ മാനേജ്‌മെന്റിനായുള്ള മഴവെള്ള സംഭരണി, ജലസ്രോതസ്സിനായുള്ള കുളം നിര്‍മാണം തുടങ്ങിയവ യാഥാര്‍ഥ്യമാകുന്നതോടെ ഒരു മാതൃകാ ക്യാമ്പസായി അലീഗഢ് മാറും.
പെരിന്തല്‍മണ്ണ താലൂക്കിലെ ഏലംകുളം, ആനമങ്ങാട്, പാതാക്കര വില്ലേജില്‍പെട്ട ചേലാമലയിലെ 400 ഏക്കറോളം വരുന്ന ഭൂമി ഫാസ്റ്റ് ട്രാക്ക് സംവിധാനത്തിലൂടെ കേരള സര്‍ക്കാര്‍ ഏറ്റെടുത്തത്. 2009 ആഗസ്റ്റ് 29ന് ഭൂമി ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ ജില്ലാ കലക്ടര്‍ക്ക് നിര്‍ദേശം നല്‍കി. ആദ്യ ഘട്ടത്തില്‍ ആരംഭിച്ച മൂന്ന് കോഴ്‌സുകള്‍ മാത്രമാണ് ഇപ്പോഴും ക്യാമ്പസിലുള്ളത്. ക്യാമ്പസിന്റെ വികസനം സ്തംഭിച്ചതിനെതിരെ ജില്ലാ മുസ്‌ലിം യൂത്ത് ലീഗ് സമരവും നടത്തിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയുമായി മാനവ വിഭവ ശേഷി മന്ത്രിയുടെ കൂടിക്കാഴ്ച. പന്ത്രണ്ടാം പദ്ധതി പ്രകാരം സെന്ററിനുള്ള കേന്ദ്ര വിഹിതം ലാപ്‌സാവാതെ ഉപയോഗിക്കാനാവുമെന്ന പ്രതീക്ഷയിലാണ്.

---- facebook comment plugin here -----

Latest