Connect with us

Malappuram

മലപ്പുറം ജില്ലയില്‍ വ്യാജ ദന്ത ഡോക്ടര്‍മാര്‍ പെരുകുന്നു

Published

|

Last Updated

മഞ്ചേരി: മലപ്പുറം ജില്ലയില്‍ വ്യാജ ഡെന്റല്‍ ക്ലിനിക്കുകള്‍ വ്യാപകമാകുന്നു. നഗരങ്ങളില്‍ മാത്രമല്ല ഗ്രാമങ്ങളിലും ഇത്തരം ക്ലിനിക്കുകള്‍ കൂണുപോലെ മുളച്ചു പൊങ്ങുകയാണ്. ഏതെങ്കിലും ദന്തഡോക്ടറുടെ സഹായിയായി കുറച്ചു കാലം പ്രവര്‍ത്തിച്ച ശേഷം ഈ പരിചയവുമായാണ് പുതിയ ക്ലിനിക്കുകള്‍ ആരംഭിക്കുന്നത്. വന്‍തുക മുടക്കി അത്യാധുനിക യന്ത്ര സംവിധാനങ്ങള്‍ ഒരുക്കുന്ന ഇവര്‍ ഒറിജിനല്‍ ക്ലിനിക്കുകളെ അപേക്ഷിച്ച് ചാര്‍ജ്ജ് കുറക്കുന്നത് ദന്തരോഗികളെ ആകര്‍ഷിക്കുന്നു. ഇത്തരത്തിലുള്ള “മുറി ചികിത്സ” രോഗികളില്‍ അസുഖം വര്‍ധിപ്പിക്കുമെന്ന് മാത്രമല്ല കാന്‍സര്‍ പോലുള്ള മാരക രോഗങ്ങള്‍ വരുത്താനും ഇടയാക്കുമെന്ന് ഇന്ത്യന്‍ ഡെന്റല്‍ അസോസിയേഷന്‍ മലപ്പുറം ബ്രാഞ്ച് പ്രസിഡന്റ് ഡോ. സാദിഖലി പറഞ്ഞു. മഞ്ചേരിയില്‍ മാത്രം ഇത്തരത്തില്‍ മൂന്നിലധികം ക്ലിനിക്കുകള്‍ പ്രവര്‍ത്തിച്ചു വരുന്നുണ്ട്. പ്രതിവര്‍ഷം നിരവധി ഡെന്റല്‍ ഡോക്ടര്‍മാരാണ് കോഴ്‌സ് പൂര്‍ത്തിയാക്കി പുറത്തിറങ്ങുന്നത്. വ്യാജ ക്ലിനിക്കുകള്‍ ഇത്തരത്തിലുള്ള ഡോക്ടര്‍മാര്‍ക്ക് പ്രാക്ടീസ് നടത്താന്‍ പ്രയാസമുണ്ടാക്കുന്നു. തിരുവാലി, എളങ്കൂര്‍, കാളികാവ്, വളാഞ്ചേരി , കുറ്റിപ്പുറം, പുളിക്കല്‍ എന്നിവിടങ്ങളിലും നിരവധി വ്യാജ ദന്തല്‍ ക്ലിനിക്കുകള്‍ പ്രവര്‍ത്തിച്ചു വരുന്നുണ്ട്. അടിസ്ഥാന യോഗ്യത പോലുമില്ലാത്ത ക്ലിനിക്കുടമകള്‍ ഡോക്ടര്‍ എന്ന വ്യാജേനെയാണ് ചികിത്സ നടത്തുന്നത്. ചിലര്‍ വന്‍ശമ്പളം വാഗ്ദാനം ചെയ്ത് അന്യസംസ്ഥാനങ്ങളില്‍ നിന്നും ഡോക്ടര്‍മാരെ ഇറക്കുമതി ചെയ്യുന്നു. എന്നാല്‍ ഇന്ത്യന്‍ ഡെന്റല്‍ ആക്ട് 1948 അനുസരിച്ച് ക്ലിനിക്കുകളുടെ സിംഹഭാഗ ഓഹരി ഡോക്ടര്‍ക്കാവണമെന്ന് നിബന്ധനയുണ്ട്. ഡെന്റല്‍ ആക്ടിന്റെ നഗ്നമായ ലംഘനം നടത്തുന്ന ഇത്തരക്കാര്‍ക്കെതിരെ ശക്തമായ നിയമ നടപടികള്‍ക്ക് ഒരുങ്ങുകയാണ് ഇന്ത്യന്‍ ഡെന്റല്‍ അസോസിയേഷന്‍. ഇതിനായി പ്രത്യേക ലീഗല്‍ സെല്‍ രൂപവത്ക്കരിക്കുമെന്നും അവര്‍ പറഞ്ഞു. വ്യാജ ക്ലിനിക്കുകള്‍ക്കും ഡോക്ടര്‍മാര്‍ക്കുമെതിരെ എസ് പിക്ക് പരാതി നല്‍കിയിട്ടുണ്ട്. ഇത്തരക്കാര്‍ക്കെതിരെ നടപടിയെടുക്കുന്നതില്‍ വീഴ്ച്ച വരുത്തുന്ന പക്ഷം ശക്തമായ സമരപരിപാടികളും ആസൂത്രണം ചെയ്യുമെന്നും ഐ ഡി എ സെക്രട്ടറി ഡോ. കെ ടി മുഹമ്മദ് ഹാരിസ്, നിയുക്ത പ്രസിഡന്റ് ഡോ. എം ജെ സുജിത്ത്, മുന്‍ പ്രസിഡന്റ് ഡോ. ലാലപ്പന്‍ കരിപ്പാപറമ്പില്‍, കണ്‍വീനര്‍ ഡോ. ശരീഫ് പറഞ്ഞു.

Latest