സ്‌കൂളുകളുടെ ഫിറ്റ്‌നസ് പരിശോധന കര്‍ശനമാക്കും: മന്ത്രി

Posted on: January 16, 2016 1:11 pm | Last updated: January 16, 2016 at 1:11 pm
SHARE

abdurabb1തിരൂരങ്ങാടി: വിദ്യാലയങ്ങളിലെ ശൗചാലയം, കുടിവെള്ളം എന്നിവയില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി പി കെ അബ്ദുര്‍റബ്ബ് പറഞ്ഞു. തിരൂരങ്ങാടി നിയോജകമണ്ഡലത്തിലെ സ്‌കൂളുകള്‍ക്കുള്ള കമ്പ്യൂട്ടറുകള്‍ വിതരണം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്‌കൂളുകള്‍ക്ക് ഫിറ്റ്‌നസ് നല്‍കുന്നതിന്റെ ഭാഗമായി ഉദ്യോഗസ്ഥര്‍ സ്‌കൂള്‍ കെട്ടിടങ്ങളുടെ പരിശോധന നടത്തുമ്പോള്‍ മൂത്രപ്പുര കുടിവെള്ള സൗകര്യം എന്നിവയെക്കുറിച്ചും റിപ്പോര്‍ട്ട് നല്‍കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആവശ്യമായ മൂത്രപ്പുര കുടിവെള്ള സൗകര്യം എന്നിവയില്ലാത്ത സ്‌കൂളുകള്‍ക്ക് യാതൊരു കാരണവശാലും ഫിറ്റനസ് നല്‍കുകയില്ല. ഇല്ലാത്ത വിദ്യാലയങ്ങള്‍ ഉടന്‍ അവ ചെയ്യണമെന്നും മന്ത്രി പറഞ്ഞു. മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികളെ പഠിപ്പിക്കുന്ന അധ്യാപകര്‍ക്കായി കോഴ്‌സ് നല്‍കുന്നതിന് സംസ്ഥാനത്ത് രണ്ട് കേന്ദ്രങ്ങള്‍കൂടി ഈ സര്‍ക്കാര്‍ ആരംഭിച്ചിട്ടുണ്ട്. ജില്ലയിലെ പരപ്പനങ്ങാടിയിലും കാസര്‍കോടുമാണ് കേന്ദ്രങ്ങള്‍ തുടങ്ങിയിട്ടുള്ളത്. ഇത് നേരത്തെ തിരുവനന്തപുരത്ത് മാത്രമാണ് ഇത്തരമൊരു കേന്ദ്രമുള്ളത്. തിരൂരങ്ങാടി നിയോജകമണ്ഡലത്തിലെ വിദ്യാഭ്യാസ മേഖലയില്‍ ഇക്കഴിഞ്ഞ നാലുവര്‍ഷങ്ങളിലായി 1865 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തിയതായും മന്ത്രി പറഞ്ഞു. സ്‌കൂളുകളില്‍ ഉപയോഗ രഹിതമായി കിടക്കുന്ന കമ്പ്യൂട്ടറുകള്‍ നന്നാക്കി കൊടുക്കാനുള്ള നടപടികളുള്ളതായും മന്ത്രി അറിയിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ അബ്ദുല്‍കലാം അധ്യക്ഷതവഹിച്ചു. കെ ടി റഹീദ, വി വി ജമീല, ഹനീഫ പുതുപ്പറമ്പ്, എം അബ്ദുര്‍റഹ്മാന്‍ കുട്ടി, എം പി മുഹമ്മദ് ഹസന്‍, ആബിദ തൈക്കാടന്‍, ഡി ഇ ഒ പാര്‍വതി, എഇ ഒമാരായ ബാലകൃഷ്ണന്‍, അഹ്മദ്കുട്ടി, ബാലഗംഗാധരന്‍ പ്രസംഗിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here